ഹിന്ദുക്കളെ അവഹേളിച്ചും അവരുടെ ഈശ്വരവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയും നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവന രാഷ്ട്രീയമായ അഹന്തയും മതപരമായ അസഹിഷ്ണുതയുമാണ് കാണിക്കുന്നത്. ഹിന്ദുക്കളുടെ പുരാണങ്ങളും മറ്റും അന്ധവിശ്വാസമാണെന്നും, ഗണപതി എന്നത് ഒരു മിത്താണെന്നുമൊക്കെ ഷംസീറിനെക്കൊണ്ട് പറയിക്കുന്നത് ഈ അഹന്തയും അസഹിഷ്ണുതയുമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. നിയമം അനുശാസിക്കുന്നവിധം പക്ഷപാതരഹിതമായി പെരുമാറേണ്ടവരാണ് ജനപ്രതിനിധികള്‍. അതില്‍തന്നെ നിയമസഭാ സ്പീക്കറായ ഒരാള്‍ പ്രത്യേകം മാതൃകയാവേണ്ടതുമാണ്. ഒരു പൊതു പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ തന്നെ ഇതിന് കടകവിരുദ്ധമായി പെരുമാറുന്നത് തീര്‍ത്തും അപലപനീയമാണ്. ഷംസീര്‍ പറഞ്ഞത് വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ അന്ധവിശ്വാസം എല്ലാ മതങ്ങളിലുമുണ്ടല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിമര്‍ശനം മറ്റുമതങ്ങളുടെ കാര്യത്തില്‍ ഷംസീറിനെപ്പോലുള്ളവര്‍ നടത്താത്തത്? ഇതിന് മുതിര്‍ന്നാല്‍ വിവരമറിയും. ഇത് നന്നായി അറിയാവുന്നതുകൊണ്ടാണ് ഷംസീര്‍ ഹിന്ദുക്കളുടെ മേലെ കുതിരകയറുന്നത്. എന്തും സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഹിന്ദുക്കളെന്നും, അവരെ അവഹേളിച്ചാല്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്നും ഷംസീറിനെപ്പോലുള്ള ജിഹാദി മാര്‍ക്സിസ്റ്റുകള്‍ കരുതുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു മുന്നില്‍ ചെന്നുനിന്ന് അവിടെയാണല്ലേ കൃഷ്ണന് ഇരിക്കുന്നത് എന്നു ചോദിക്കുന്ന ഹിന്ദുനാമധാരിയായ ഒരാള്‍ സംസ്ഥാനം ഭരിക്കുമ്പോള്‍ ഷംസീറിനെപ്പോലെ ഒരാള്‍ക്ക് എന്താണ് പറഞ്ഞുകൂടാത്തത്!
ഹൈന്ദവ വിശ്വാസങ്ങളോട് സഹജമായ വെറുപ്പും ഇസ്ലാമികമായതിനോട് സഹജമായ കൂറും എന്നതാണ് കമ്യൂണിസ്റ്റുകളുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ സമീപനം. ഇതിന്റെ മറയില്ലാത്ത വക്താക്കളാണ് സിപിഎം നേതാക്കള്‍. പൊതു സിവില്‍ കോഡിനെതിരെ നിലയുറപ്പിച്ച് മുസ്ലിങ്ങളുടെ തീര്‍ത്തും മതപരമായ ശരിയത്ത് നിയമത്തിനുവേണ്ടി സെമിനാര്‍ സംഘടിപ്പിക്കുകയും, അതിനുവേണ്ടി വാദിക്കുന്നവരെയെല്ലാം ഒരു വേദിയില്‍ അണിനിരത്തുകയും ചെയ്യുന്ന സിപിഎം, ശബരിമലയിലുള്ള ഹിന്ദുക്കളുടെ വിശ്വാസത്തേയും ആചാരത്തെയും എങ്ങനെയാണ് ചവിട്ടിമെതിച്ചതെന്ന് കേരളം കണ്ടതാണല്ലോ. ശബരിമലയിലെ യുവതീപ്രവേശനം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന്റെ പ്രശ്നമായി ചിത്രീകരിച്ച് അതിനുവേണ്ടി സംഘടിപ്പിച്ച നവോത്ഥാന മതിലില്‍ സ്ത്രീ സ്വാതന്ത്ര്യനിഷേധത്തിന്റെ പ്രതീകമായ പര്‍ദ്ദയിട്ട സ്ത്രീകളെ അണിനിരത്തിയതിന്റെ വിരോധാഭാസം സിപിഎം കണ്ടില്ലെന്നു നടിച്ചു. ഈ കാപട്യത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് ഒരു സിപിഎം നേതാവും ഇതുവരെ പ്രതികരിച്ചിട്ടില്ല. മുസ്ലിങ്ങളായ സിപിഎം നേതാക്കള്‍ക്ക് വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അവരുടെ മതാചാരങ്ങള്‍ പിന്തുടരുന്നതിനും പ്രകടിപ്പിക്കുന്നതിനും യാതൊരു തടസ്സവുമില്ല. ടി.കെ.ഹംസയും എളമരം കരീമും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. എന്നാല്‍ ഹിന്ദുക്കളായ പാര്‍ട്ടി നേതാക്കള്‍ക്ക് ഈ സ്വാതന്ത്ര്യമില്ല. കോടിയേരി ബാലകൃഷ്ണനെപ്പോലെ എന്തെങ്കിലും ഒരു പൂജ നടത്തിയാല്‍ അത് നിഷേധിക്കേണ്ടിവരും. കടകംപള്ളി സുരേന്ദ്രനെപ്പോലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയാല്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കേണ്ടി വരും.
അപവാദ പ്രചാരണം സിപിഎം രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകം തന്നെയാണ്. ആര്‍ക്കെതിരെയും എന്തും പ്രചരിപ്പിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മടിയില്ല. മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജ മണിപ്പൂരിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നടത്തിയിരിക്കുന്ന പ്രതികരണം ഇതിനു തെളിവാണ്. മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം കാണിച്ചവര്‍ ആരെന്ന് വ്യക്തമാവുകയും, അവരെ പിടികൂടുകയും ചെയ്തിരിക്കെ അതുമായി ഒരു ബന്ധവുമില്ലാത്ത ആര്‍എസ്എസിനെ വിമര്‍ശിക്കുകയാണ് ശൈലജ ചെയ്തിരിക്കുന്നത്. മണിപ്പൂരിലേതിന് സമാനമായ സംഭവങ്ങള്‍ പ്രതിപക്ഷം ഭരിക്കുന്ന ബീഹാറിലും രാജസ്ഥാനിലും ബംഗാളിലും മാത്രമല്ല, സ്വന്തം നാട്ടില്‍പ്പോലും ആവര്‍ത്തിക്കുമ്പോഴും അതിനെതിരെ ഒരക്ഷരം പറയാതിരുന്ന വനിതാ നേതാവാണ് ശൈലജ. കേരളത്തില്‍ നടക്കുന്ന നിന്ദ്യമായ സ്ത്രീപീഡനങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളായി ചിത്രീകരിക്കുകയും, വാളയാറില്‍ രണ്ട് പിഞ്ചുബാലികമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെന്ന് അവരുടെ കുടുംബവും പൊതുസമൂഹവും കരുതുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന സ്വന്തം പാര്‍ട്ടിയെക്കുറിച്ച് ശൈലജയ്ക്ക് എന്തു പറയാനുണ്ട്? ഒരു വനിതയായതിനാല്‍ പുരുഷമേധാവിത്വം നിലനില്‍ക്കുന്ന പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവമതിപ്പ് നേരിടുമ്പോഴും അതിന്റെ ഇത്തരം കൊള്ളരുതായ്മകളെ കണ്ടില്ലെന്നു നടിക്കുന്നയാള്‍ ആര്‍എസ്എസിനെ അകാരണമായി നിന്ദിക്കുന്നതും, അതിനെതിരെ അപവാദ പ്രചാരണം നടത്തുന്നതും പരിഹാസ്യമാണ്. ഷംസീറിനെപ്പോലെ ശൈലജയെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് തെറ്റ് തിരുത്തിക്കുന്നതിനൊപ്പം ഇരുവരുടെയും അധമരാഷ്ട്രീയത്തെ തുറന്നുകാട്ടുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: