തിരുവനന്തപുരം: ദിവ്യാംഗര്‍ നേരിടുന്ന ബഹുമുഖ വെല്ലുവിളികളെ കുറിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും കൂടുതല്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സക്ഷമ തിരുവനന്തപുരം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ നൈപുണ്യം 2023 പഠന ശിബിരം സംഘടിപ്പിച്ചു. ശ്രീചിത്രാ ഇന്‍സ്റ്റിട്യൂട്ട് ന്യൂറോളജി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ. സൗമ്യ സുന്ദരം ശിബിരം ഉദ്ഘാടനം ചെയ്തു.
‘ഓട്ടിസ്റ്റിക്കായ കുഞ്ഞിന്റെ വളര്‍ച്ചയില്‍ മാതാപിതാക്കളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്തു കൊണ്ട് ഓട്ടിസം എന്ന അവസ്ഥയുടെ കാരണം കൃത്യമായി നിര്‍ണ്ണയിക്കുവാന്‍ ആധുനിക വൈദ്യശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് ഡോ സൗമ്യ സുന്ദരം അറിയിച്ചു.
അതുകൊണ്ടു തന്നെ ഓട്ടിസത്തിന് ഫലപ്രദമായ ഒരു ചികിത്സയും കണ്ടെത്തിയിട്ടില്ല. ജനിതകകാരണങ്ങള്‍, ഗര്‍ഭകാലത്തെ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ തുടങ്ങി പലതും ഓട്ടിസത്തിലേക്ക് നയിയ്ക്കുന്നുണ്ട്. എത്രയും നേരത്തേ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ രോഗിയുടെ ജീവിതം കുറെയൊക്കെ മെച്ചപ്പെടുത്താന്‍ കഴിയും.
തുടര്‍ന്ന് ‘ഭിന്നശേഷി അവകാശ നിയമം 2016 ഒരു എത്തി നോട്ടം’ എന്ന വിഷയത്തില്‍ കേരളാ ഹൈക്കോടതി അഭിഭാഷകനും സക്ഷമ സംസ്ഥാന യുവ പ്രമുഖും ആയ അഡ്വ. പ്രെന്ജിത്ത് ചര്‍ച്ച നയിച്ചു. മറ്റ് അവശ വിഭാഗങ്ങളെ പോലെ ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതിനും നിരവധി നിയമങ്ങള്‍ നിലവിലുണ്ട്.
ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ക്ക് പോലും ഇവയെ കുറിച്ച് വേണ്ടത്ര അറിയില്ല. ഈ വിഷയത്തില്‍ വേണ്ടത്ര അവബോധം സൃഷ്ടിയ്ക്കാന്‍ സക്ഷമ പോലുള്ള സംഘടനകള്‍ക്ക് വളരെയധികം ചെയ്യാന്‍ കഴിയുമെന്നും അഡ്വ. പ്രെന്ജിത്ത് പറഞ്ഞു. ധീമഹി തെറാപ്പി സെന്ററിന്റെ പ്രവര്‍ത്തനം തെറാപ്പിസ്റ്റ് അഞ്ജന വിശദീകരിച്ചു.
സര്‍ക്കാര്‍ നിയമം അനുസരിച്ച് നിര്വ്വചിയ്ക്കപ്പെട്ടിട്ടുള്ള 21 തരം ഭിന്നശേഷി വിഭാഗങ്ങളെ കുറിച്ച് സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി അനിതാ നായകം സദസ്സിനെ പരിചയപ്പെടുത്തി. സക്ഷമയുടെ പ്രവര്‍ത്തനത്തില്‍ വിഭാവനം ചെയ്യപ്പെടുന്ന ദിവ്യാംഗ സേവാ കേന്ദ്രം എന്ന ആശയത്തിന്റെ മാര്‍ഗ രേഖ സംസ്ഥാന സമിതി അംഗം സന്തോഷ് അവതരിപ്പിച്ചു.
ആംഗ്യഭാഷയുടെ ചില സാങ്കേതികത്വങ്ങള്‍ സൈന്‍ ലങ്ഗ്വേജ് വിദഗ്ദനും സക്ഷമ സംസ്ഥാന സമിതി അംഗവുമായ വിനയന് സദസ്സിന് പരിചയപ്പെടുത്തി. ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണത്തിലൂടെയല്ലാതെ രാഷ്ട്രത്തിന്റെ സര്‍വ്വതോമുഖമായ വികാസം നമുക്ക് വിഭാവനം ചെയ്യാന്‍ കഴിയില്ല’ ശിബിരത്തിന്റെ സമാപന സന്ദേശം നല്കി കൊണ്ട് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സഹ സമ്പര്‍ക്ക പ്രമുഖ് എം. ജയകുമാര്‍ ഉദ്ബോധിപ്പിച്ചു. കൃഷ്ണകുമാര്‍ സ്വാഗതവും സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ് പി.വി. പത്മകുമാരന് കൃതജ്ഞതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: