ഇ.ദിവാകരന്
ഭാരതീയ മസ്ദൂര്‍ സംഘം ആരംഭിച്ചിട്ട് 68 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഇന്ന് 69 -ാം സ്ഥാപന ദിനം വിപുലമായ പരിപാടികളോടെ രാജ്യവ്യാപകമായി ആഘോഷിക്കുന്നു. സ്വാതന്ത്ര്യസമര സേനാനി ലോകമാന്യ ബാലഗംഗാധര തിലകന്റെ ജന്മദിനത്തില് (1955 ജൂലായ് 23) ഭാരതീയ മസ്ദൂര്‍ സംഘം എന്ന ദേശീയ തൊഴിലാളി പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യവുമായി മറ്റ് സംഘടനകളില്‍ നിന്ന് വ്യത്യസ്തമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചത്.
ധാരാളം അഫിലിയേറ്റഡ് യൂണിയനുകളും അംഗങ്ങളുമുള്ള എഐടിയുസി, ഐഎന്‍ടിയുസി, എച്ച് എംഎസ്, യുടിയുസി എന്നീ സംഘടനകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ പൂജ്യത്തില്‍ നിന്നാണ് ബിഎംഎസ്സിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം 1967 ല്‍ ആദ്യ ദേശീയ സമ്മേളനം ദല്‍ഹിയില്‍ ചേരുമ്പോഴേക്കും രാജ്യത്തെ പ്രമുഖ വ്യവസായ ശാലകളിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം എത്തിക്കാന്‍ ദത്തോ പന്ത് ഠേംഗിഡിജിക്ക് സാധിച്ചിരുന്നു. കേരളത്തിലും 1967 ല്‍ രാ.വേണുവേട്ടന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി.
1968 സെപ്റ്റംബര്‍ 19 നു നടന്ന അഖിലേന്ത്യാ പണിമുടക്കില്‍ റെയിവേ, പ്രതിരക്ഷ തുടങ്ങിയ മേഖലകളില്‍ സജീവമായി ബിഎംഎസ് പങ്കെടുക്കുകയും ഠേംഗിഡിജി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പണിമുടക്ക് അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഐഎല്‍ഒ യില്‍ പരാതി നല്‍കാനുള്ള ബിഎംഎസ്സിന്റെ നിര്‍ദ്ദേശം മറ്റു സംഘടനകള്‍ അംഗീകരിക്കുകയുണ്ടായി. ആദ്യ ദേശീയ തൊഴില്‍ കമ്മീഷന് 1969 ല്‍ രൂപീകൃതമായപ്പോള്‍ സമഗ്രമായ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു അവകാശ പത്രിക ബിഎംഎസ്. കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചു. 1974 ല്‍ നടന്ന റെയില്‍വേ സമരത്തിലും ബിഎംഎസ് സജീവമായി പങ്കെടുക്കുകയും സമരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സ്വത്ത് നശിപ്പിക്കരുതെന്ന നിര്‍ദ്ദേശം മുന്നോട്ടുവെക്കുകയും ചെയ്തു. ആ മാതൃക തുടര്‍ന്നുള്ള സമരങ്ങളില്‍ പാലിക്കപ്പെട്ടു.
1980 ല്‍ കേന്ദ്ര തൊഴില്‍ വകുപ്പ് നടത്തിയ അംഗത്വ പരിശോധനയില്‍ ഭാരതീയ മസ്ദൂര്‍ സംഘം രണ്ടാം സ്ഥാനത്തെത്തുകയും മറ്റു രാജ്യങ്ങളിലെ തൊഴിലാളി സംഘടനകള്‍ മസ്ദൂര്‍ സംഘത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധിക്കാനും തുടങ്ങി. 1985 ല്‍ ചൈനയില്‍ നിന്ന് ആദ്യ ക്ഷണം ലഭിക്കുകയും ദത്തോ പന്ത് ഠേംഗിഡിജിയുടെ നേതൃത്വത്തില്‍ അഞ്ച് പ്രതിനിധികള്‍ ചൈന സന്ദര്‍ശിക്കുകയും ചെയ്തു. 20 മിനുട്ട് ദൈര്‍ഘ്യമുള്ള ഠേംഗിഡിജിയുടെ പ്രസംഗം ചൈനീസ് റേഡിയോയില്‍ സംപ്രേഷണം ചെയ്യപ്പെട്ടു. 1990 ല്‍ സോവിയറ്റ് യൂണിയന്റെ ഡബ്ല്യുഎഫ്ടിയുവിലേക്കുള്ള ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് രണ്ടു പ്രതിനിധികള്‍ പങ്കെടുക്കുകയുണ്ടായി. ട്രേഡ് യൂണിയനുകള്‍ കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ബിഎംഎസ് ലോക സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു. മോസ്കോ സമ്മേളനം ഈ പ്രമേയം അംഗീകരിക്കുകയും ചെയ്തു.
1989 ലെ അംഗത്വ പരിശോധനയില്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായി ബിഎംഎസ് വളര്‍ന്നു. 2002 ലെ അംഗത്വ പരിശോധനയിലും ഒന്നാം സ്ഥാനത്തു തന്നെ തുടരുകയും നിലവില്‍ ഒന്നരക്കോടിയിലധികം തൊഴിലാളികള്‍ അംഗങ്ങളായിക്കൊണ്ട് രാജ്യത്തെ എല്ലാ വ്യവസായ മേഖലകളിലും ശക്തിയാര്‍ജ്ജിക്കുകയും ചെയ്തിരിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ഐഎന്‍ടിയുസിക്ക് മസ്ദൂര്‍ സംഘത്തിന്റെ അടുത്തുപോലും എത്താന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള സംഘടന എന്ന നിലയില്‍ 1997 ജൂണ്‍ 3 മുതല്‍ 9 വരെ ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം ബിഎംഎസ്സിന് ലഭിക്കുകയും രാ.വേണുഗോപാല്‍ അതിനു നേതൃത്വം നല്‍കുകയും ചെയ്തു. അതുവരെയും ഐഎന്‍ടിയുസി ആയിരുന്നു അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്.
ലോക രാഷ്ട്രങ്ങള്‍ ഭാരതീയ ദര്‍ശനങ്ങള്‍ക്ക് നല്കിയ അംഗീകാരം എന്ന നിലയില്‍ ജി-20 യുടെ അദ്ധ്യക്ഷ പദവി അലങ്കരിക്കുന്നത് ഭാരതത്തിന്റെ പ്രധാനമന്ത്രിയാണ്. ജി-20 യുടെ വിവിധ ഘടകങ്ങളിലൊന്നായ എല്‍-20(ലേബര്‍ -20)യുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ദേശീയ അദ്ധ്യക്ഷന്‍ ഹിരണ്മയ പാണ്ഡ്യയെയാണ്. ഇത് ബിഎംഎസ്സിന് ആഗോളതലത്തില്‍ ലഭിച്ച അംഗീകാരമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സ്ഥാപനദിനാഘോഷം വളരെ ശ്രദ്ധേയവും തൊഴിലാളി സമൂഹത്തിന് ആവേശവും കരുത്തും നല്കുന്നതുമായിരിക്കും.
‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നതാണ് ജി-20 യുടെ മുദ്രാവാക്യം. ‘വസുധൈവ കുടുംബകം’ (ലോകമേ തറവാട്) എന്ന ഭാരതത്തിന്റെ കാഴ്ചപ്പാട് ലോകം അംഗീകരിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ജി-20 യുടെ മുദ്രാവാക്യം. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കികൊണ്ടിരിക്കുന്നു. കേരളത്തിലും 200 -ല്‍ അധികം പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആരംഭം എന്ന നിലയില്‍ മെയ് 22 ന് ദൃഷ്ടി 2023 എന്ന പേരില്‍ തിരുവനന്തപുരത്ത് ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമം ഏറെ ശ്രദ്ധേയമായിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രത്യശാസ്ത്രക്കാര് ‘സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കൂ’, ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് തൊഴിലാളി വര്‍ഗ്ഗ ഐക്യം വിപ്ലവത്തിലൂടെ നേടാമെന്നാണ് സ്വപ്നം കണ്ടത്. അങ്ങനെ സംഭവിച്ചില്ലെന്ന് മാത്രമല്ല, ഐക്യത്തിന് പകരം കടുത്ത സ്പര്‍ദ്ധയും സംഘര്‍ഷവും ഉടലെടുക്കുകയാണുണ്ടായത്. എന്നാല്‍ ഭാരതീയ മസ്ദൂര്‍ സംഘം ‘വസുധൈവ കുടുംബകം’ എന്ന ആശയത്തിലൂടെ ‘തൊഴിലാളികളേ ലോകത്തെ ഒന്നിപ്പിക്കുവിന്‍’ എന്ന ആപ്തവാക്യമാണ് സമൂഹത്തിനു നല്‍കിയത്. മസ്ദൂര്‍ സംഘം വര്‍ഗ്ഗസംഘര്‍ഷത്തില്‍ വിശ്വസിച്ചിരുന്നില്ല. പകരം അന്യായത്തിനും, ചൂഷണങ്ങള്‍ക്കും എതിരായ പോരാട്ടമാണ് ആവശ്യമെന്നും, വ്യവസായ കുടുംബത്തില്‍ തൊഴിലാളിയും തൊഴിലുടമയും സൗഹൃദം പുലര്ത്തിയെങ്കില് മാത്രമേ വ്യവസായ പുരോഗതി സാധ്യമാകൂ എന്നതായിരുന്നു ബിഎംഎസ്സിന്റെ കാഴ്ചപ്പാട്.
ഭാരതീയചിന്താധാരയ്ക്കനുസൃതമായ ഒരു തൊഴിലാളി സംഘടന രൂപീകരിക്കണമെന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലക് പരമപൂജനീയ ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്വര്‍ഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജി ബിഎംഎസ്സിന് രൂപം നല്‍കിയത്. സ്വതന്ത്ര ട്രേഡ് യൂണിയന് എന്ന ആശയം (കക്ഷി രാഷ്ട്രീയത്തിന് അടിമപ്പെടാത്ത) ബിഎംഎസ് പ്രചരിപ്പിച്ചപ്പോള്‍ അപ്രായോഗികമെന്ന് ആക്ഷേപിച്ച പലര്‍ക്കും പിന്നീട് ബിഎംഎസ്സിന്റെ കാഴ്ചപ്പാടാണ് ശരിയെന്ന് അംഗീകരിക്കേണ്ടതായിവന്നു. തൊഴിലാളികളുടെ സര്വതോന്മുഖമായ വികാസത്തിലൂടെ രാഷ്ട്രത്തെ പരമ വൈഭവത്തിലെത്തിക്കുകയാണ് ബിഎംഎസ്സിന്റെ ആത്യന്തികമായ ലക്ഷ്യം. ”അദ്ധ്വാനം ആരാധനയാണ്”, എന്ന ദര്‍ശനവും ‘ദേശീയ ബോധമുള്ള തൊഴിലാളി, തൊഴിലാളി വത്കൃത വ്യവസായം, വ്യവസായ വത്കൃത രാഷ്ട്രം’ – എന്ന ആപ്തവാക്യവും രാജ്യതാല്പര്യം,തൊഴിലാളി താല്പര്യം,വ്യവസായ താല്പര്യം എന്നിവയ്ക്ക് മുന്‍തൂക്കം നല്കുന്ന പ്രവര്‍ത്തന ശൈലിയും ബിഎംഎസ്സിനെ മറ്റു തൊഴിലാളി സംഘടനകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.
കൊടിയും ചിഹ്നവും
യാഗാഗ്നിയുടെയും സംന്യാസത്തിന്റെയും, ഉദയസൂര്യന്റെയും പ്രതീകമായ കാവി നിറത്തിലുള്ള പതാകയാണ് സ്വീകരിച്ചിട്ടുള്ളത്. മനുഷ്യന്റെ അദ്ധ്വാനശക്തിയുടെ പ്രതീകമായ തള്ള വിരലും വ്യവസായത്തെ സൂചിപ്പിക്കുന്ന ചക്രവും ഭാരതത്തിന്റെ കാര്‍ഷിക സമ്പത്തിനെ സൂചിപ്പിക്കുന്ന ധാന്യക്കതിരുമാണ് പതാകയില്‍ ആലേഖനം ചെയ്തിട്ടുള്ളത്. ഇവ സമഗ്രമായ വികസനത്തിന്റെയും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര കൂടിച്ചേരലിന്റെയും പ്രതീകമാണ്.
മാനവസേവ മാധവസേവ
കഴിഞ്ഞ കൊവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുകയും നിരാലംബരായിത്തീരുകയും ചെയ്ത നിരവധി തൊഴിലാളികളെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കാന്‍ ബിഎംഎസ്സിന് കഴിഞ്ഞിട്ടുണ്ട്. സ്ഥാപനദിനാഘോഷത്തോടനുബന്ധിച്ച് തൊഴിലാളികളില്‍നിന്ന് സേവാനിധി സമാഹരിച്ചുകൊണ്ടുള്ള ഈ പ്രവര്‍ത്തനം തുടര്‍ന്നുവരുന്നു. മാരകമായ അസുഖം മൂലം ദുരിതത്തിലായിക്കൊണ്ടിരിക്കുന്ന തൊഴിലാളികളെ സഹായിക്കേണ്ടത് നമ്മുടെ ധാര്‍മ്മികമായ ചുമതലയാണ്. സ്ഥാപനദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് തല കുടുംബ സംഗമവും സേവാനിധി സമാഹരണവും നടത്തിയും, എല്ലാ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും, കവലകളിലും പതാക ഉയര്‍ത്തുകയും ചെയ്തുകൊണ്ട് രാജ്യവ്യാപകമായി ഈ ആഘോഷം കൊണ്ടാടുന്നു.
ബിഎംഎസ്സിന്റെ വളര്‍ച്ചയുടെയും സ്വാധീനത്തിന്റെയും തെളിവായി സ്ഥാപനദിന പരിപാടികള്‍ മാറണം. തൊഴിലാളി സമൂഹം രാജ്യത്തിന്റെ കരുത്താണെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടണം. തൊഴിലാളികള്‍ സംഘടിക്കുന്നത് സ്വാര്‍ത്ഥ-രാഷ്ട്രീയ താല്പര്യത്തിനാണ് എന്ന പൊതുധാരണ തിരുത്തി തൊഴിലാളി ശക്തിയില്‍ അഭിമാനിക്കുന്ന സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ കഴിയണം. അതിനുള്ള പ്രേരണ സ്ഥാപനദിനാഘോഷം കൊണ്ട് പ്രദാനം ചെയ്യാന്‍ സാധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: