കൊല്‍ക്കൊത്ത:ബംഗാളിലെ മാള്‍ഡയില്‍ പട്ടാപ്പകല്‍ ആള്‍ക്കൂട്ടം നഗ്നരാക്കി മര്‍ദ്ദിച്ച രണ്ട് സ്ത്രീകളെയും കാണാനില്ലെന്ന് ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. ഇതുവരെയും അക്രമികളെ അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പൊലീസ് തയ്യാറായിട്ടില്ല. – രേഖ ശര്‍മ്മ വിമര്‍ശിച്ചു.
ജൂലായ് 19നാണ് സംഭവം നടന്നത്. മാള്‍ഡയിലെ ഒരു ഗ്രാമത്തിലെ ചന്തയില്‍വെച്ചാണ് ആള്‍ക്കൂട്ടം രണ്ട് യുവതികളുടെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ഇരുവരെയും മര്‍ദ്ദിച്ചത്. ഇവര്‍ രണ്ട് പേരും പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവതികളാണെന്നും റിപ്പോര്‍ട്ടുണ്ട്. ആള്‍ക്കൂട്ടം വസ്ത്രങ്ങള്‍ കീറി വലിച്ചെറിഞ്ഞ് നഗ്നകളാക്കിയാണ് രണ്ട് സ്ത്രീകളെയും അതിക്രൂരമായി മര്‍ദ്ദിക്കുന്നത്.
“ഞാന്‍ ബംഗാളിലെ മാള്‍ഡയിലെ വനിതാകമ്മീഷന്‍ ടീമുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. ആക്രമത്തിനിരയായ ആ രണ്ട് സ്ത്രീകളും എവിടെയാണെന്ന് അറിയുന്നില്ല. ഇതുവരെയും ഇവരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടില്ല. കേസുപോലും ചാര്‍ജ്ജ് ചെയ്തിട്ടില്ല. പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരാണ്. വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ഉടനെ ബംഗാളിലെത്തും. ഈ പ്രശ്നത്തില്‍ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്”. – രേഖാ ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: