പാലാ: ഇടത്-വലത് മുന്നണികള്‍ സഹകരണ ബാങ്കുകളെ കള്ളപ്പണം മറയ്ക്കാനുള്ള ഇടമായി മാറ്റിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി സംഘടിപ്പിക്കുന്ന സഹകരണ അദാലത്ത് പാലാ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ കൊണ്ടുവരുവാനുള്ള കേന്ദ്ര നീക്കത്തിന് അനുകൂലമായി 26 സംസ്ഥാനങ്ങള്‍ ഒപ്പുവച്ചപ്പോള്‍ കേരളം ഇതില്‍ നിന്നും പിന്മാറിയതിന് പിന്നിലും അഴിമതിയാണ് ലക്ഷ്യമിടുന്നത്. ഇരുമുന്നണികളും ചെറുകിട സഹകാരികളെയെല്ലാം വഞ്ചിച്ചു.
സഹകരണരംഗത്തെ ഭീമന്മാരായ ഊരാളുങ്കല്‍, റബ്കോ എന്നിവര്‍ക്ക് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്താന്‍ അവസരമൊരുക്കി. സുതാര്യത ഇല്ലാതെ സഹകരണ മേഖലയെ തകര്‍ത്ത് ജനങ്ങളെ വഴിയാധാരമാക്കിയതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ഇടതു-വലത് ഉന്നത നേതാക്കള്‍ക്കാണ്. സഹകരണ ബാങ്കുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുള്ളവരെല്ലാം സാധാരണക്കാരില്‍ സാധാരണക്കാരാണെന്നും അവര്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷനായി. സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, സംസ്ഥാന സമിതി അംഗങ്ങളായ പി.ജെ. തോമസ്, പ്രൊഫ. ബി. വിജയകുമാര്‍, കെ. ഗുപ്തന്, എന്‍.കെ. ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: