ആലപ്പുഴ: കായംകുളം കേന്ദ്രീകരിച്ചുള്ള കള്ളനോട്ടു കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. കേസ്സിലെ 11-ാം പ്രതി കണ്ണൂര്‍ ഇരിട്ടി പുന്നാട് ചാലില്‍ വെള്ളുവ വീട്ടില്‍ നിന്ന് വയനാട് സുല്‍ത്താന്‍ ബത്തേരി പതിനേഴാം വാര്‍ഡില്‍ ചെട്ടി ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന അജേഷി(38)നെയാണ് പിടികൂടിയത്. കേസ്സിലെ മറ്റ് പ്രതികള്‍ക്ക് കള്ളനോട്ടുകള്‍ പങ്കിട്ടെടുക്കുന്നതിന് വേണ്ടി എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്തുള്ള ഹോട്ടലില്‍ റൂം എടുത്തുകൊടുത്തത് ഇയാളായിരുന്നു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആര്. സുരേഷ്, ടീമംഗങ്ങളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ന്മാരായ ജയസിംഹന്, ഷിനോയി എന്നിവര്‍ ചേര്‍ന്ന് കണ്ണൂര്‍ ഉരത്തൂരുള്ള ചെങ്കല്‍ ക്വാറിയില്‍ നിന്നാണ് പിടികൂടിയത്. ഹോട്ടലില്‍ മുറി എടുത്തുകൊടുത്തതിന് പത്താം പ്രതിയില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കൈപ്പറ്റിയെന്ന് പ്രതി സമ്മതിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 26ന് കായംകുളം പുതിയിടം ക്ഷേത്രത്തിന് തെക്ക് വശമുള്ള എസ്ബിഐ ശാഖയില്‍ സിലി എന്ന കസ്റ്റമറുടെ പേരിലുളള ലോണ്‍ അക്കൗണ്ടിലേക്ക് അടയ്ക്കുന്നതിനായി 500 രൂപയുടെ 73 കള്ളനോട്ടുകള്‍ കൊടുത്തതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.
അന്വേഷണത്തില്‍ പ്രതികള്‍ 30ലക്ഷത്തിന്റെ 500 രൂപയുടെ കള്ളനോട്ടുകള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയിരുന്നു. കേസിലെ ഒന്നു മുതല്‍ 10 വരെ പ്രതികളെ നേരെത്തെ അറസ്സ് ചെയ്തിരുന്നു. കായംകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെയ്ക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: