ഒറ്റപ്പാലം: ഡ്യൂട്ടിയിലുള്ള സബ് ഇന്‍സ്പെക്ടറെ ആക്രമിച്ച കേസിലെ പ്രതിക്ക് രണ്ടുവര്‍ഷം കഠിന തടവും 1000 രൂപ പിഴയും. ഓങ്ങല്ലൂര്‍ കള്ളാടിപ്പൊറ്റ മനപ്പടി ആത്താടിപ്പറമ്പില് വീട്ടില്‍ മുജീബ് റഹിമാനെ(50)യാണ് ഒറ്റപ്പാലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി സി.ജി. ഗോഷ ശിക്ഷിച്ചത്. 2022 ആഗസ്റ്റ് 26ന് പട്ടാമ്പി എസ്ഐ: എം. സുഭാഷിനെ ആക്രമിച്ച കേസിലാണ് വിധി.
മഞ്ഞളുങ്ങലില്‍ ഒരു ഷെഡില്‍ നിന്ന് സംശയാസ്പദമായ രീതിയില്‍ മുജീബ് റഹ്മാനെ പോലീസ് കണ്ടെത്തിയിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഇയാളോട് എസ്ഐയുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ അന്വേഷിക്കവെ മുജീബ് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ഷര്‍ട്ടിന് പുറകില്‍ സൂക്ഷിച്ച വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കാനൊരുങ്ങുകയുമായിരുന്നു. വടിവാള്‍ വീശിയപ്പോള്‍ എസ്ഐയുടെ ഇടത് കാലിന് പരിക്കേറ്റു.
പോലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ചുമതലയില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമം എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്തതായി കണ്ടെത്തിയാണ് ഉത്തരവ്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ. ഹരി ഹാജരായി. അന്നത്തെ പട്ടാമ്പി പോലിസ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് ക്ലിന്റാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: