പാലക്കാട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലെ അനധികൃത വ്യാപാരകേന്ദ്രങ്ങള്‍ പൂട്ടി സീല്‍ ചെയ്ത് നഗരസഭ. നഗരസഭയുടെ അനുമതിയില്ലാതെയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലും പ്രവര്‍ത്തിച്ചിരുന്ന കടകളാണ് പൂട്ടിയത്. നടപടി തുടരുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
അനധികൃതമായി പ്രവര്‍ത്തിക്കുകയായിരുന്ന ഏഴ് കടകള്‍ക്ക് നഗരസഭ രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് എടുക്കാതായതോടെയാണ് മൂന്നുകടകള്‍ പൂട്ടിച്ചത്. ഒരു കടയുടെ ഉടമ കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയിരുന്നു. മറ്റുമൂന്നുകടകളുടെ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടില്ല.
പുതിയ ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തിന് പിന്നാലെ കെഎസ്ആര്‍ടിസിയുടെ കെട്ടിടത്തില്‍ നിരവധി കടകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ നഗരസഭയില്‍ നിന്ന് അനുമതി വാങ്ങാതെ അനധികൃതമായാണ് വ്യാപാരകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതോടെയാണ് നഗരസഭ സീല്‍ ചെയ്ത്.
സീല്‍ ചെയ്ത കടകള്‍ക്ക് പുറമേ വേറെയും നിരവധി കടകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വില്ക്കുമ്പോള് വ്യാപാരികള്‍ കൃത്യമായ ലൈസന്‍സ് എടുക്കണമെന്ന് നഗരസഭ വ്യക്തമാക്കി.
എന്നാല്‍ കെഎസ്ആര്‍ടിസിയുടെ അനുമതിയോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വ്യാപാരികള്‍ പറഞ്ഞു. അതേസമയം യാത്രക്കാരുടെ വഴിമറച്ചും മറ്റുമാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന പരാതി നേരത്തെതന്നെ ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: