ജയ്പൂര്‍ : സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ ഗേഹ്ലോട്ട് സര്‍ക്കാര്‍ പരാജയമാണെന്ന് പരസ്യ പ്രഖ്യാപനം നടത്തിയ മന്ത്രിയെ മന്ത്രി സ്ഥാനത്തു നിന്നും നീക്കി. ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ്, ഗ്രാമവികസനം, പഞ്ചായത്തിരാജ് എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള രാജേന്ദ്ര സിങ് ഗൂഢയേയാണ് മന്ത്രി സ്ഥാനത്തു നിന്നും നീക്കിയത്. മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് സ്ത്രീ സുരക്ഷയില്‍ രാജസ്ഥാന് സര്‍ക്കാര്‍ പരാജയമാണെന്ന് ഗൂഢ പ്രസ്താവന നടത്തിയത്.
മണിപ്പൂര്‍ വിഷയത്തില്‍ ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിക്കുമ്പോഴാണ് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന് സര്‍ക്കാരിലെ മന്ത്രി തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. രാജസ്ഥാന് അസംബ്ലിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മണിപ്പുര്‍ വിഷയം ഉന്നയിക്കുന്നതിനിടെയാണ് മന്ത്രി സ്വന്തം സര്‍ക്കാരിനെത്തന്നെ പ്രതിക്കൂട്ടിലാക്കുന്ന പരമാര്‍ശം നടത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നതാണ് സത്യമെന്ന് മന്ത്രി ഗൂഢ പറഞ്ഞു. രാജസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. മണിപ്പൂര്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്ന നമ്മള് ആത്മപരിശോധന നടത്തണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
മന്ത്രിയുടെ വാക്കുകള്‍ ഏറ്റെടുത്ത പ്രതിപക്ഷം സത്യം പറയാന്‍ ധൈര്യം കാട്ടിയതിന് അദ്ദേഹത്തെ അഭിനന്ദിച്ചെങ്കിലും മന്ത്രിയുടെ വാക്കുകള്‍ സംസ്ഥാനത്തിനാകെ നാണക്കേടാണെന്നും വിമര്‍ശിച്ചിരുന്നു. പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കകം തന്നെ മന്ത്രിയെ പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജേന്ദ്ര സിങ് ഗുഢയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി അശോഗ് ഗെഹ്ലോത് ശുപാര്‍ശ ചെയ്തുവെന്നും ഗവര്‍ണര്‍ കല്‍രാജ് മിശ്ര ശുപാര്‍ശ അംഗീകരിച്ചുവെന്നും രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: