പരസ്പരം മനസ്സിലാക്കാനും വീഴ്ചയും ദൗര്‍ബല്യങ്ങളും ഉള്‍ക്കൊണ്ട് സ്നേഹിക്കാനും കഴിയുമ്പോഴാണ് ദാമ്പത്യം സാര്‍ഥകവും സംതൃപ്തവുമാകുന്നത്. ജീവിത പങ്കാളികള്‍ എന്ന വിശേഷണത്തില്‍ ദമ്പതികളുടെ ചുമതലകളെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ജീവിതപ്പാത, പൂക്കള്‍ മാത്രം വിരിച്ചതല്ല. അതില്‍ ഇടയ്ക്കിടെ കല്ലും മുള്ളും മറ്റു തടസ്സങ്ങളും ഉണ്ടാകും. അതിലൂടെയുള്ള യാത്രയില്‍ പരസ്പരം താങ്ങും തണലുമാകേണ്ടവരാണ് ദമ്പതിമാര്‍. ഈ പരസ്പര സമര്‍പ്പണത്തിന്റെ അത്യുദാത്ത ഭാവങ്ങള്‍ രാമായണത്തില്‍ കാണാം.
അയോദ്ധ്യയില്‍ ശ്രീരാമനും സീതയും സര്‍വസൗഭാഗ്യങ്ങളും തികഞ്ഞ ദാമ്പത്യവിജയം ആസ്വദിച്ചു കൊണ്ടിരിക്കെയാണ് പൊടുന്നനെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. തൊട്ടടുത്തെത്തിയ രാജപദവി, രാമന് നഷ്ടപ്പെടുക മാത്രമല്ല, വനവാസത്തിന് പോകേണ്ട സ്ഥിതി ഉണ്ടാവുകയും ചെയ്തു. ജീവിതയാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന രാമന് രണ്ടിനെയും സമചിത്തതയോടെ നേരിട്ടു. വനയാത്രയ്ക്കൊരുങ്ങിയ രാമനെ അനുഗമിക്കാന്‍ സീത തീരുമാനിച്ചു.
”മുന്നില്‍ നടപ്പേന്‍ വനത്തിന്നു ഞാന്‍ മമ-
പിന്നാലെ വേണമെഴുന്നള്ളുവാന്‍ ഭവാന്
എന്നെപ്പിരിഞ്ഞു പോകുന്നതുചിതമ-
ല്ലൊന്നുകൊണ്ടും ഭവാനെന്നു ധരിക്കണം”
എന്നു പറഞ്ഞ സീതയെ ശ്രീരാമന് പിന്തിരിപ്പിക്കാന് ശ്രമിക്കുന്നു. വനത്തിലെ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാനിടയുള്ള ആപത്തുകളും എണ്ണിയെണ്ണിപ്പറഞ്ഞിട്ടും സീത തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.
”ഭര്ത്താവുതന്നോടു കൂടെ നടക്കുമ്പോ-
ളെത്രയും കൂര്‍ത്തുമൂര്‍ത്തുള്ള കല്ലും മുള്ളും
പുഷ്പാസ്തരണ തുല്യങ്ങളെനിക്കതും
പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ-
പാണിഗ്രഹണ മന്ത്രാര്‍ത്ഥവുമോര്‍ക്കണം
പ്രാണാവസാനകാലത്തും പിരിയുമോ?”
ധര്‍മപത്നിയുടെ ഈ സ്നേഹത്തിനും ത്യാഗമനസ്ഥിതിക്കും മുന്നില്‍ ശ്രീരാമന് വഴങ്ങേണ്ടി വന്നു.
ശ്രീരാമന് സീതയെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്നത് സീതയുടെ സുഖത്തെക്കരുതിയാണ്. സീതയ്ക്കാകട്ടെ ശ്രീരാമന്റെ സുഖത്തിലും ക്ഷേമത്തിലുമാണ് താത്പര്യം. ഭര്‍ത്താവ് വനത്തില്‍ വസിക്കെ സീത പുരിവാസം ആഗ്രഹിക്കുന്നില്ല. വനത്തിലെ എല്ലാ ബുദ്ധിമുട്ടുകളും സഹിച്ച് ഭര്‍ത്താവിന് തുണയാകാന്‍ ആ പത്നി തീരുമാനിക്കുന്നു. ഇരുവരും ധന്യതകാണുന്നത് ഇണയുടെ സന്തോഷത്തിലാണ്! പരസ്പര ആത്മസമര്‍പ്പണത്തിലൂടെ ഇരുവരും ഒന്നാകുന്ന അവസ്ഥ!
”ഉണ്ടോ പുരുഷന് പ്രകൃതിയെ വേറിട്ടു
രണ്ടുമൊന്നത്രേ വിചാരിച്ചു കാണ്കിലോ”
എന്നീ വരികളിലൂടെ സീത ചൂണ്ടിക്കാണിക്കുന്ന ആദ്ധ്യാത്മിക തത്ത്വം ആ ദമ്പതിമാരുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാകുന്നു! ഈ ഐക്യമാണ് ഘോരവനത്തിലും
”പ്രാസാദ മൂര്ധ്നി പര്യങ്കേ യഥാപുരാ
വാസവും ചെയ്തുറങ്ങീടുന്നതുപോലെ”
(പട്ടണത്തില്‍ വസിച്ച് രാജമന്ദിരത്തിന്റെ മുകളില്‍ കട്ടിലില്‍ ഉറങ്ങുന്നതു പോലെ) സുഖമായി ഉറങ്ങാന്‍ ഇരുവര്‍ക്കും സഹായകമായത്.
ഇന്നോ? ദാമ്പത്യത്തിലെ ചെറിയ പൊരുത്തക്കേടുകള്‍ പോലും പല കുടുംബങ്ങളെയും ശിഥിലമാക്കുന്നു. ആഢംബരങ്ങള്‍ക്കും അതിമോഹങ്ങള്ക്കുമിടയില് ജീവിതധര്‍മം മറന്നു
പോകുന്ന ദമ്പതിമാര്‍ ഒട്ടേറെ. സമര്‍പ്പണത്തിന്റെ സ്ഥാനത്ത് പലരിലും കാണുന്നത് സ്വാര്‍ഥത. വിട്ടുവീഴ്ചയുടെ സ്ഥാനത്ത് കടുംപിടിത്തം. സംഘര്‍ഷ ഭരിതമായ കുടുംബാന്തരീക്ഷം കാരണം പല കുട്ടികള്‍ക്കും വഴി തെറ്റുന്നു.
ഭൗതികനേട്ടങ്ങള്‍ കൊണ്ടുമാത്രം കുടുംബ സുഖം ലഭിക്കുകയില്ല. ദമ്പതിമാരുടെ ആത്മൈക്യമാണ് അതിന്റെ വറ്റാത്ത ഉറവിടമെന്ന് രാമായണം കാണിച്ചു തരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: