ഗാന്ധിനഗര്‍: കിടത്തി ചികിത്സക്കായി പ്രവേശനം കാത്ത് മെഡിക്കല്‍ കോളജിലെ അഡ്മിഷന് കൗണ്ടറില്‍ നീണ്ട നിരയാണ് ദിവസവും. രാവിലെ 9 മണിയോടെ തുടങ്ങുന്ന അഡ്മിഷന് പ്രക്രിയ മിക്ക ദിവസങ്ങളിലും വൈകിട്ട് അഞ്ച് മണി കഴിഞ്ഞാലും അവസാനിക്കാറില്ല.
ഒപികളില്‍ ഡോക്ടറെ കാണിച്ച ശേഷം കിടത്തി ചികിത്സക്കായി നിര്‍ദ്ദേശിക്കുന്ന രോഗികളുടെ ബന്ധുക്കളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇതോടൊപ്പം അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്കും കിടത്തി ചികിത്സക്കായി പ്രവേശനം നല്‍കണം. ഡോക്ടര്‍മാര്‍ ഇക്കാര്യം പറഞ്ഞാല്‍ പോലും അഡ്മിഷന് കൗണ്ടറിലെ തിരക്ക് മൂലം രോഗിയെ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കുവാനോ യഥാസമയം വേണ്ട അടിയന്തിര ചികിത്സ നല്‍കാനോ കഴിയുന്നില്ല.
117-ാം നമ്പര്‍ കൗണ്ടറിലാണ് രോഗികളുടെ പ്രവേശനം സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഇവിടെ ആകെ രണ്ടു ജീവനക്കാര്‍ മാത്രമാണുള്ളത്. ഇതില്‍ ഒരാള്‍ രോഗിയെ സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയ ഫോറം പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തുമ്പോള്‍ മറ്റൊരാള്‍ രോഗിയുടെ കുട്ടിരിപ്പുകാര്ക്കു നല്‍കേണ്ട പാസ്സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തി നല്‍കും.
രാവിലെ 9ന് തുടങ്ങുന്ന ജോലി വൈകിട്ട്അഞ്ച് കഴിഞ്ഞാലും അവസാനിക്കാറില്ല. ഇതിനിടയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണപ്പെടുന്ന രോഗിയുടെ മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റണമെങ്കിലും ഇവിടുന്നു തന്നെ ഒരു ജീവനക്കാരന് പോകണം. ഇതും രോഗികളുടെ അഡ്മിഷനെ ബാധിക്കുകയാണ്.
117-ാം നമ്പര്‍ കൗണ്ടറില്‍ കുറഞ്ഞത് നാലു ജീവനക്കാരെങ്കിലും ഉണ്ടെങ്കിലേ രോഗികളുടെ പ്രവേശനം സംബന്ധിച്ച നടപടി ക്രമങ്ങള്‍ സമയബന്ധിതമായി നടക്കുകയുള്ളു. ഇവിടെ കൂടുതല്‍ ജീവനക്കാരെ നിയമിക്കുവാന്‍ ആശുപത്രി അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് രോഗികളുടെ ബന്ധുക്കളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: