കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനും നല്കാന് സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി 26നു മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കാരിനോടു നിര്‍ദേശിച്ചു. പെന്ഷന് നല്കിയിട്ടില്ലെങ്കില് അതെത്ര തുകയാണെന്ന് അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ശമ്പളവും പെന്‍ഷനും വൈകുന്നതു ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ജീവനക്കാരും വിരമിച്ചവരും നല്കിയ ഒരു കൂട്ടം ഹര്‍ജികളില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് ഉത്തരവ് നല്‍കിയത്. ഹര്‍ജികള്‍ 26ന് വീണ്ടും പരിഗണിക്കും.
കെഎസ്ആര്‍ടിസി ലാഭത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് കോടതി പറഞ്ഞൂ. ഒരുപരിധിയിലേറെ സഹായിക്കാന്‍ സര്‍ക്കാരിനു കഴിയില്ല. അടച്ചുപൂട്ടാനുമാവില്ല. പിന്നെ എങ്ങനെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുക? പ്രതിമാസം 300 കോടിയിലേറെ രൂപ വരുമാനമുണ്ടായാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയും. ഈ സ്ഥിതിയിലേക്ക് കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ നയിക്കണമെന്നും കെഎസ്ആര്‍ടിസിയെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാട് സ്വീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
നിലവിലെ മാസ വരുമാനം കൊണ്ട് ശമ്പളവും പെന്‍ഷനും നല്‍കാനാവില്ല. പ്രതിദിനം പത്തു കോടിയിലേറെ വരുമാനമുണ്ടായാലേ സാദ്ധ്യമാകൂ. കൈയില്‍ പണമില്ലെന്നാണ് എംഡി പറയുന്നത്. സ്ഥാപനം ലാഭത്തിലാകുന്നതുവരെ സഹായം വേണ്ടി വരും. ജനങ്ങള്‍ക്കു വേണ്ടിയാണ് ബസ് സര്‍വീസ് നടത്തുന്നത്. ആ നിലയ്ക്ക് സര്‍ക്കാരിന് സഹായിക്കാന്‍ കഴിയണം. ഇതിനായി നയതീരുമാനമെടുക്കണം. പണി മാത്രം പോരല്ലോ, പണവും വേണ്ടേ. ജീവനക്കാര്‍ പട്ടിണി കിടക്കുന്ന സാഹചര്യം അനുവദിക്കാനാവില്ല. പ്രതിസന്ധിയുടെ പേരില്‍ ഒരുവര്‍ഷത്തേക്ക് ശമ്പളവും പെന്‍ഷനും സസ്പെന്‍ഡ് ചെയ്യാനാവില്ലല്ലോയെന്നും കോടതി വാക്കാല്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഓണ്‍ലൈന്‍ മുഖേന ഹാജരായി കോര്‍പ്പറേഷന്റെ സാമ്പത്തിക സ്ഥിതി വിശദീകരിച്ചു. സര്‍ക്കാര്‍ സഹായമില്ലാതെ ജൂണിലെ ശമ്പളം നല്‍കാനാവില്ലെന്നു വ്യക്തമാക്കിയ അദ്ദേഹം ഇതിനു ശ്രമം തുടരുകയാണെന്നും കൂടുതല്‍ സമയം വേണമെന്നും പറഞ്ഞു. കെഎസ്ആര്‍ടിസി അടച്ചു പൂട്ടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നു സ്പെഷല്‍ ഗവ. പ്ലീഡര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: