ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനെതിരെ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച കൈരളി ചാനലിനെതിരെ നിയമനടപടി ആരംഭിച്ചു. ആര്‍എസ്എസ് കായംകുളം ഖണ്ഡ് കാര്യവാഹ് പി. ദിലീഷ് ആണ് അഡ്വ.പ്രതാപ് ജി. പടിക്കല്‍ അസോസിയേറ്റ്സ് മുഖേന നിയമ നടപടികള്‍ ആരംഭിച്ചത്. കായംകുളം ദേവികുളങ്ങര സ്വദേശിയായ അമ്പാടി എന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് വധിക്കപ്പെട്ടതില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് കൈരളി വ്യാജവാര്‍ത്ത നല്‍കുകയായിരുന്നു.
കൈരളി ചാനല്‍ എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ്, ആലപ്പുഴ റിപ്പോര്‍ട്ടര്‍ ഷാജഹാന് എന്നിവര്‍ക്കെതിരെയാണ് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ആര്‍എസ്എസിനെ കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കാന്‍ ഇടയായതില്‍ ലീഗല്‍ നോട്ടീസ് ലഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍ പരസ്യമായി ക്ഷമാപണം നടത്തണം. ഈ വിവരം കൈരളി ചാനലില്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച അതേ വലുപ്പത്തിലും സമയദൈര്‍ഘ്യത്തിലും പ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ആര്‍എസ്എസിന് എതിരെ ഇത്തരം വ്യാജവാര്‍ത്തകള്‍ മനഃപൂര്‍വ്വമായി പ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെയും നിയമ നടപടികള്‍ തുടങ്ങുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: