പൊതു സിവില്‍കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ ഈ പാര്‍ട്ടിയുടെ തനിനിറം ഒരിക്കല്‍ കൂടി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. മതവര്‍ഗീയതയും മതമൗലികവാദവും ആളിക്കത്തിച്ച് മുസ്ലിം വോട്ടുകള്‍ നേടുകയെന്ന ദുഷ്ടലാക്കോടെയാണ് സിപിഎം ഈ സെമിനാര്‍ സംഘടിപ്പിച്ചത്. രാഷ്ട്രീയമായി എതിര്‍പക്ഷത്തു നില്ക്കുന്ന മുസ്ലിലീഗിനെപ്പോലുള്ള പാര്‍ട്ടികളെയും സംഘടനകളെയും മറുകണ്ടം ചാടിച്ച് നേട്ടമുണ്ടാക്കാനുള്ള ശ്രമം തല്ക്കാലം വിജയിച്ചില്ലെങ്കിലും കടുത്ത വര്‍ഗീയവാദ നിലപാടുകള്‍ എടുക്കുകവഴി ഒരു വിഭാഗം മുസ്ലിങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സിപിഎം നേതാക്കള്‍ വിലയിരുത്തുന്നത്. പൊതുസിവില്‍ കോഡിന്റെ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ടുള്ള ഷബാനുകേസിലെ സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ ശരിയത്ത് നിയമത്തിനെതിരെ വാദിച്ച തങ്ങളുടെ നേതാവ് ഇഎംഎസ് നമ്പൂതിരിപ്പാടിനെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത ശക്തികള്‍ക്കാണ് സിപിഎം ഒരു മടിയും കൂടാതെ വേദിയൊരുക്കിയത്. ഒരു മതേതര രാജ്യത്ത് മതനിയമങ്ങള്‍ പരിഷ്കരിക്കേണ്ടതുണ്ടെന്നും, അതിന് പൊതുസിവില്‍കോഡ് ആവശ്യമാണെന്നും പ്രസംഗിക്കുകയും എഴുതുകയും ചെയ്ത നേതാവായിരുന്നു ഇഎംഎസ്. മുഖ്യമന്ത്രിയായിരുന്ന സിപിഎം നേതാവ് ഇ.കെ.നായനാരും നിയമസഭയ്ക്കകത്തും പുറത്തും പൊതുസിവില്കോഡിനുവേണ്ടി വാദിച്ചയാളായിരുന്നു. വനിതാ വിമോചനത്തിന്റെ വക്താക്കളായ മറ്റു പല സിപിഎം നേതാക്കള്‍ക്കും ഇതേ നിലപാടായിരുന്നു. യാതൊരു ലജ്ജയുമില്ലാതെ ഇതൊക്കെ വിസ്മരിച്ചുകൊണ്ട് മതവര്ഗീയവാദികള്ക്കൊപ്പം ചേരാന്‍ സിപിഎം തീരുമാനച്ചതില്‍ ആ പാര്‍ട്ടിയില്‍ തന്നെ അമര്‍ഷമുണ്ട്.
വിമര്‍ശനം ഉയര്‍ന്നപ്പോള്‍ പൊതു സിവില്‍കോഡിനുവേണ്ടി ഇഎംഎസ് ഒന്നും പറഞ്ഞിട്ടില്ലെന്ന് വാദിച്ചവര്‍ക്ക് ഇതോടെ ഉത്തരംമുട്ടി. ഇഎംഎസ് പറഞ്ഞത് വളച്ചൊടിക്കുന്നു, തെറ്റിദ്ധരിപ്പിക്കുന്നു എന്നതായി അടുത്ത വാദം. ഇതും വിലപ്പോവില്ലെന്നു വന്നപ്പോള്‍ വീണ്ടും മലക്കംമറിഞ്ഞു. പൊതുസിവില്‍ കോഡിനെക്കുറിച്ച് ഇഎംഎസ് പറഞ്ഞത് ശരിയാണ്, പക്ഷേ ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ബിജെപിയാണ് എന്നു പറഞ്ഞായി പ്രതിരോധം. പൊതുസിവില്‍ കോഡ് ബിജെപിയുടെ സൃഷ്ടിയല്ല. ബിജെപി രൂപീകരിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭരണഘടനാ നിര്‍മാണ സഭതന്നെ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. പൊതുസിവില്‍ കോഡ് വേണമെന്നത് ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുന്നതുമാണ്. പൊതു സിവില്‍കോഡിനെ അനുകൂലിക്കുന്ന നിരവധി സുപ്രീംകോടതി വിധികളുമുണ്ട്. ഈ നിയമമാണ് ബിജെപി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നതും, നരേന്ദ്ര മോദി സര്‍ക്കാര്‍ ആവശ്യമാണെന്ന് കരുതുന്നതും. ഭരണഘടനയും സുപ്രീംകോടതിവിധികളും നിര്‍ദേശിക്കുന്ന ഒരു കാര്യം ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നതില്‍ എന്താണ് തെറ്റ്? അത് എങ്ങനെയാണ് നിയമവിരുദ്ധവും മതേതരവിരുദ്ധവുമാകുന്നത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. പക്ഷേ അവസരം കിട്ടുമ്പോഴൊക്കെ മതവര്‍ഗീയതയെ പാലൂട്ടി വളര്‍ത്തുന്ന സിപിഎം നേതൃത്വത്തില്‍നിന്ന് ആരും അത് പ്രതീക്ഷിക്കുന്നില്ല. കുറച്ച് വോട്ടു കിട്ടുമെങ്കില്‍ എത്ര തരംതാഴാനും, എന്തൊക്കെ ഇരട്ടത്താപ്പുകള്‍ സ്വീകരിക്കാനും മടിയില്ലാത്ത പാര്‍ട്ടിയാണത്. അവരുടെ ചരിത്രം തന്നെ അത് ആവര്‍ത്തിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
ശരിയത്ത് വിവാദകാലത്ത് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെതിരെ മുസ്ലിംലീഗ് അടക്കമുള്ള വര്‍ഗീയവാദികള്‍ വിളിച്ച അപകീര്‍ത്തികരമായ മുദ്രാവാക്യം കേരളം മറന്നിട്ടില്ല. ‘രണ്ടും കെട്ടും മൂന്നും കെട്ടും നമ്പൂതിരിപ്പാടിന്റെ മോളേം കെട്ടും’ എന്നതായിരുന്നു അത്. ഈ മുദ്രാവാക്യം വിളിച്ചവരെയും, ഇന്നും അതിനെ ന്യായീകരിക്കുന്നവരെയുമാണ് പൊതു സിവില്‍കോഡ് സെമിനാറില്‍ സിപിഎം ക്ഷണിച്ചുവരുത്തിയത്. പുരുഷാധിപത്യം നിലനിര്‍ത്തിയും, സ്ത്രീ സ്വാതന്ത്ര്യം നിരോധിച്ചും മുസ്ലിം സമുദായത്തിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവര്‍ക്ക് അതൊക്കെ ശരിയാണെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നും പറയാനുള്ള അവസരമൊരുക്കുകയാണ് സിപിഎം ചെയ്തത്. ഇതിന് ഒരു തരത്തിലുള്ള തടസ്സവുമുണ്ടാകാതിരിക്കാനാണ് ശരിയത്തിനെതിരെ മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഖദീജ മുംതാസിനെയും ഡോ. ഹമീദ് ചേന്ദമംഗലൂരിനെയുംപോലുള്ളവരെ സെമിനാറിലേക്ക് ക്ഷണിക്കാതിരുന്നത്. ഇതിനുപകരം സെമിനാറില്‍ പങ്കെടുക്കാനെത്തിയവര്‍ കടുത്ത മതവര്‍ഗീയതയാണ് അവിടെ വിളമ്പിയത്. ഒരു പടികൂടി കടന്ന് പൊതു സിവില്‍കോഡ് വന്നാല്‍ സമാന്തര മതകോടതികള്‍ സ്ഥാപിക്കുമെന്നാണ് മുജാഹിദ് നേതാവും മര്‍ക്കസ് ദുവാ ജനറല്‍ സെക്രട്ടറിയുമായ ഉമ്മര്‍ സുല്ലമി സെമിനാറില്‍ പ്രസംഗിച്ചത്. രാജ്യത്തിന്റെ ഭരണസംവിധാനത്തെ അംഗീകരിക്കില്ലെന്നാണല്ലോ ഈ പ്രഖ്യാപനം. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനുവേണ്ടി രാജ്യത്തെ ഒറ്റുകൊടുത്തിട്ടുള്ള സിപിഎം ഈ പാത ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നതിന്റെ തെളിവുകൂടിയാണ് കോഴിക്കോട് സംഘടിപ്പിച്ച പൊതു സിവില്‍കോഡ് സെമിനാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: