Categories: India

അണുബോംബ് കണ്ടുപിടിച്ച റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ ആശ്വാസത്തിനായി തിരിഞ്ഞത് ഭഗവത്ഗീതയിലേക്ക്

Published by

ന്യൂദല്‍ഹി ജപ്പാനിലെ ഹിരോഷിമയെയും നാഗസാക്കിയെയും രണ്ടാം ലോകമഹായുദ്ധ കാലത്ത് ചാരമാക്കിയ അണുബോംബ് നിര്‍മ്മിച്ച ശാസ്ത്രജ്ഞന്റെ പേര് അറിയാമോ? ഇദ്ദേഹമാണ് അണുബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍. താന്‍ കണ്ടുപിടിച്ച അണുവിസ്ഫോടനം ആദ്യമായി പരീക്ഷിച്ചപ്പോള്‍ അവിടെ സ്ഫോടനത്തിനൊപ്പം ഉണ്ടായ അതിഭയങ്കരമായ വെളിച്ചം കണ്ട് ഓപ്പണ്‍ഹൈമര്‍ ആദ്യം ഓര്‍മ്മിച്ചത് ഭഗവദ് ഗീതയിലെ ചില വരികളാണ്.  കാരണം ചിലപ്പോള്‍ സംഹാരവും നന്മയുടെ ഭാഗമാകും എന്ന് ഭഗവാന്‍ കൃഷ്ണന്‍ തന്റെ വിശ്വരൂപം കാണിച്ച് അര്‍ജുനനെ ബോധ്യപ്പെടുത്തുന്ന രംഗമാണ്ഓപ്പണ്‍ഹൈമര്‍ ഓര്‍മ്മിച്ചത്.  

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഗതി മാറ്റിത്തിരിക്കാന്‍ അമേരിക്ക ഓപ്പന്‍ഹീമറുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ ഒരു സംഘത്തെ അതിവിനാശകാരിയായ ആയുധം കണ്ടുപിടിക്കാനുള്ള ചുമതല ഏല്‍പിക്കുന്നു. ഇവരാണ് ലോകത്തെ എരിച്ചുകളയാന്‍ ശേഷിയുള്ള അണുബോംബ് കണ്ടെത്തുന്നത്. ഈ അണുബോംബ് അമേരിക്ക ജപ്പാനില്‍ പ്രയോഗിച്ചതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനും ജര്‍മ്മനിയും അടിയറവ് പറയുന്നത്. കാരണം അണുബോംബിന്റെ നശീകരണ ശേഷി കണ്ട് ഭയന്ന ഹിറ്റ്ലര്‍  കീഴടങ്ങല്‍ പ്രഖ്യാപിക്കുകയായിരുന്നു. ഹിറ്റ്ലറും കൂട്ടരും അണുബോംബുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പേ ഓപ്പണ്‍ഹൈമറുടെ സംഘം അമേരിക്കയ്‌ക്ക് വേണ്ടി അണുബോംബ് നിര്‍മ്മിച്ചു.  

ഓപ്പണ്‍ഹൈമര്‍ ഭഗവദ്ഗീതയെക്കുറിച്ച് പറയുന്നു: 

അണുബോംബ് ജപ്പാനില്‍ പരീക്ഷിക്കുന്നതിന് മുന്‍പ് ന്യൂമെക്സിക്കോയില്‍ പരീക്ഷണാര്‍ത്ഥംഓപ്പണ്‍ഹൈമറുടെ സംഘം അണുവിസ്ഫോടനം നടത്തിയിരുന്നു. അവിടെ സ്ഫോടനത്തിനൊപ്പം പരന്ന അതിഭയങ്കരമായ പ്രകാശം കണ്ട് ഓപ്പണ്‍ഹൈമര്‍ ആദ്യം ഓര്‍മ്മിച്ചത് ഭഗവദ് ഗീതയിലെ വരികള്‍. “ആകാശത്ത് ആയിരം സൂര്യന്മാര്‍ ഒന്നിച്ച് പൊട്ടിത്തെറിക്കുന്നതിന്റെ പ്രകാശം, അതാണ് പ്രപഞ്ചത്തെ ആകെ നിയന്ത്രിക്കുന്ന ഭഗവാന്റെ പ്രകാശം…ഞാന്‍ അപ്പോള്‍ മരണം ആയിത്തീരുന്നു. ലോകത്തിന്റെ മുഴുവന്‍ വിനാശകാരി..”. ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനോട് പറയുന്ന വരികളാണ്. അവിടെ വെച്ചാണ് ബന്ധുക്കളോട് യുദ്ധം ചെയ്യാന്‍ കഴിയാതെ തളര്‍ന്നിരുന്ന അര്‍ജുനന് യുദ്ധം ചെയ്യാന്‍ പുതിയ ഉള്‍ക്കാഴ്ച കിട്ടുന്നത്. ഇതു തന്നെയാണ് ഓപ്പന്‍ഹീമര്‍ക്കും അണുബോംബ് പ്രയോഗിക്കാനുള്ള ഊര്‍ജ്ജം നല്‍കുന്നത്.  

നോളന്‍ സംവിധാനം ചെയ്ത, ജൂലായ് 21ന് പുറത്തിറങ്ങുന്ന ഓപ്പണ്‍ഹൈമര്‍ എന്ന ഹോളിവുഡ് സിനിമയുടെ ട്രെയ് ലര്‍:

ഓപ്പണ്‍ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി പ്രമുഖ ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ഓപ്പന്‍ ഹീമര്‍ എന്ന സിനിമയില്‍  ഓപ്പണ്‍ഹൈമര്‍ ഭഗവദ് ഗീതയെക്കുറിച്ച് പറയുന്നുണ്ട്. ജപ്പാനില്‍ അണുബോംബ് വീണ് ലോകമാകെ ഞെട്ടിത്തെറിക്കുമ്പോഴും ഓപ്പണ്‍ഹൈമര്‍ ഭഗവദ് ഗീതയിലെ വരികളാണ് ഉദ്ധരിച്ചത്. :”ഹിന്ദു ആത്മീയ ഗ്രന്ഥമായ ഭഗവദ് ഗീതയിലെ വരികള്‍ ഞാന്‍ ഓര്‍മ്മിയ്‌ക്കുന്നു. വിഷ്ണു (ശ്രീകൃഷ്ണന്‍) അര്‍ജുനനെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. സ്വന്തം കര്‍മ്മം ചെയ്യാനാണ് അര്‍ജുനനെ പ്രേരിപ്പിക്കുന്നത്. പിന്നീട് കൃഷ്ണന്‍ തന്റെ ബഹുബാഹുക്കളുള്ള വിശ്വരൂപം അര്‍ജുനനെ കാണിച്ചിട്ട് പറഞ്ഞു: “ഇപ്പോള്‍ ഞാന്‍ മരണമായി മാറിയിരിക്കുന്നു, ലോകങ്ങളെ മുഴുവന്‍ നശിപ്പിക്കുന്ന മരണം”. ശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ട് അര്‍ജുനന്‍ ഭയന്നു.  

ഓപ്പണ്‍ഹൈമറുടെ ഈ വാചകം കാണിച്ച് ചിലര്‍ ഭഗവദ്ഗീതയെ വിമര്‍ശിക്കാനും ശ്രമിക്കുന്നുണ്ട്. പക്ഷെ ഭഗവദ്ഗീത ജീവിതത്തിന്റെ ആത്യന്തികമായ ചില സത്യങ്ങളാണ് കാണിച്ചുതരുന്നത്. അത് മനസ്സിലാക്കാന്‍ സാധാരണ ബുദ്ധി മതിയാവില്ല. ജീവിതത്തില്‍ സൃഷ്ടിയും സ്ഥിതിയും പോലെ സംഹാരവും ശരിയാണെന്ന് ഭഗവദ് ഗീത പറയുന്നു. ടൈം മാഗസിന്‍ പറയുന്നത് ഓപ്പന്‍ ഹീമര്‍ പലപ്പോഴും ആശ്വാസത്തിനായി ഭഗവദ്ഗീത തുടര്‍ച്ചയായി വായിക്കാറുണ്ടെന്നാണ്. പലപ്പോഴും കൂട്ടുകാരുമൊത്തുള്ള വേദിയിലും ഓപ്പണ്‍ഹൈമര്‍ ഭഗവദ്ഗീത ചര്‍ച്ചാവിഷയമാക്കാറുണ്ട്. 

നോളന്‍ എന്ന സംവിധായകനാണ് “ഓപ്പണ്‍ഹൈമര്‍ എന്ന പുതിയ സിനിമയുമായി എത്തുന്നത്. ഈ സിനിമയില്‍ ഭഗവദ് ഗീതയും ഓപ്പന്‍ഹീമറുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. സ്പേസും ടൈമും തമ്മിലുള്ള ബന്ധത്തെ നിര്‍വ്വചിക്കുന്ന സിനിമകളാണ് നോളന്‍റേത്. പുതിയ സിനിമയിലൂടെ ജീവിതത്തിന്റെ ചില ആത്യന്തിക സത്യങ്ങളാണ് നോളന്‍ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്നത്. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക