ദുബായ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെട്ടതായി ഖത്തർ. 2021-22 വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ഏകദേശം 33% വർധനവുണ്ടായെന്നും വ്യാപാര തോത് 17.2 ബില്യൺ ഡോളറായി ഉയർന്നുവെന്നും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യകാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സാലിഹ് ബിൻ മജീദ് അൽ ഖുലൈഫി പറഞ്ഞു. ദൽഹിയിൽ നടന്ന “നിക്ഷേപം, വ്യാപാരം, സേവനങ്ങൾ എന്നിവയിലെ പുതിയ ചക്രവാളങ്ങൾ” എന്ന വിഷയത്തിൽ നടന്ന ആറാമത് ഇന്ത്യ-അറബ് പങ്കാളിത്ത കോൺഫറൻസിലാണ് അദ്ദേഹം ഇരു രാജ്യങ്ങളുടെ നേട്ടം വ്യക്തമാക്കിയത്.
ഇന്ത്യയും അറബ് രാജ്യങ്ങളും , പ്രത്യേകിച്ച് ഖത്തറും തമ്മിലുള്ള ചരിത്രപരവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ ദൃഢതയെ അൽ-ഖുലൈഫി പ്രശംസിച്ചു. ഇന്ത്യ ഖത്തറിന്റെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. ഇരു രാജ്യങ്ങളും ആഴത്തിലുള്ള പരസ്പര വിശ്വാസത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് തന്നെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പുറമെ അറബ്, ഏഷ്യൻ വിപണികളിൽ പരസ്പര നിക്ഷേപം ഉത്തേജിപ്പിക്കുന്നതിന് അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ പ്രധാന്യം വർധിപ്പിക്കുന്നതിന്റെ ആവശ്യകതയും ഇതിനായി പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടിയുള്ള തന്റെ ആഗ്രഹവും അദ്ദേഹം വ്യക്തമാക്കി. ഖത്തർ നൽകുന്ന ആകർഷകമായ നിക്ഷേപ അന്തരീക്ഷം പരിചയപ്പെടുത്താനും സ്വകാര്യ മേഖലയെ പിന്തുണയ്‌ക്കുന്നതിനായി ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളും കോൺഫറൻസിൽ അവലോകനം ചെയ്തു. കൂടാതെ ഖത്തർ നാഷണൽ വിഷൻ 2030 ന് അനുസൃതമായി ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം എങ്ങനെ നടപ്പിലാക്കാം, ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയവയെല്ലാം കോൺഫറൻസിൽ ചർച്ച ചെയ്തു.
കോവിഡ് മഹാമാരിക്ക് ശേഷം
ഇന്ത്യയിലെ ഏറെ നിക്ഷേപ അവസരങ്ങളുള്ള ഔഷധ വ്യവസായങ്ങൾ, ഭക്ഷ്യ സുരക്ഷ, ഊർജം എന്നിവ ഉൾപ്പെടെ പ്രധാന വിഷയങ്ങളിൽ നിരവധി ചർച്ചകൾ നടന്നു. ഇതിനു പുറമെ അറബ് രാജ്യങ്ങൾക്കും ഇന്ത്യയ്‌ക്കും ഇടയിൽ കൂടുതൽ വാണിജ്യ, നിക്ഷേപ, സാമ്പത്തിക അവസരങ്ങൾ ഉരുത്തിരിയുന്നതിനായി അറബ്-ഇന്ത്യൻ വ്യവസായികൾ തമ്മിലുള്ള ഉഭയകക്ഷി യോഗങ്ങളും കോൺഫറൻസിൽ നടന്നു. അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാര വിനിമയം വർദ്ധിപ്പിക്കുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി 2008 മുതലാണ് ഇന്ത്യ-അറബ് പങ്കാളിത്ത സമ്മേളനം ആദ്യമായി സംഘടിപ്പിച്ചു തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: