ഗാന്ധിനഗര്‍ (കോട്ടയം): കുമരകം ഉഴുവെട്ടിത്തറവാട്ടിലെ തളത്തില്‍ ജനിച്ചവരെല്ലാം പിന്നീട് പ്രശസ്തരായി തീര്‍ന്നുവെന്ന് എം ജി സര്‍വ്വകലാശാല മുന്‍ വിവേകാനന്ദ ചെയര്‍ മേധാവിയായിരുന്ന പ്രൊഫ.ഒ എം മാത്യു.
170 വര്‍ഷം പഴക്കമുള്ള തറവാടാണിത്. ഈ തറവാട്ടിലെ തളത്തില്‍ പിറന്ന വീണ കണ്ണികളില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. കേരളത്തിലും പുറത്തും പ്രശസ്തരായ മറ്റു രണ്ടു പേര് കൂടിയുണ്ട്.
ശ്രീ മൂലം പ്രജാ സഭയില്‍ അംഗമായിരുന്ന ഒ എം തോമസ് ആയിരുന്നു ഇതില്‍ ഒരാള്‍. കോട്ടയത്തെ പ്രതിനിധീകരിച്ചിരുന്ന എംഎല് സിയായ ഇദ്ദേഹത്തെ രാജകോപത്തെ തുടര്‍ന്ന് പിന്നീട് നാടുകടത്തുകയുണ്ടായി. ബ്രിട്ടീഷുകാര്‍ക്ക് സ്ഥലം പാട്ടത്തിനു നല്‍കിയതില്‍ പ്രതിഷേധിച്ച് തിരുനക്കരയില്‍ നടത്തിയ പ്രസംഗമായിരുന്നു ഇതിനു കാരണം. ഇദ്ദേഹത്തിന് റോമില്‍ നിന്ന് പ്രശസ്തിപത്രവും മെഡലും ലഭിച്ചിരുന്നു. എച്ച്എംടിയില്‍ എംഡിയായിരുന്ന എം കെ മാത്തുള്ളയും ഇതേ തറവാട്ടില്‍ തന്നെയാണു ജനിച്ചത്. ഇദ്ദേഹത്തിന് അക്കാലത്ത് പത്മശ്രീ ലഭിച്ചിരുന്നു.
രണ്ടു തവണ കേരളത്തിന്റെ ഭരണചക്രം തിരിച്ച ഉമ്മന്‍ ചാണ്ടി ജനിച്ചതും ഇതേ തറവാട്ടിലായിരുന്നു. ഇത് ഒരു പക്ഷെ യാദൃശ്ചികമാകാം. എന്നാല്‍ കുടുംബാംഗങ്ങള്‍ വിശ്വസിക്കുന്നത് തറവാടിന്റെ സുകൃതം എന്നു തന്നെയാണ്. സണ്ണി എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ യഥാര്‍ത്ഥ പേര്.ചെറുപ്പകാലത്ത് പേരു ചോദിച്ചാല്‍ തന്റെ നേരെ വിരല്‍ ചൂണ്ടി കുഞ്ഞൂഞ്ഞ് എന്നു പറയുമായിരുന്നു. വള്ളക്കാലില്‍ വി ജെ ഉമ്മന്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ അമ്മയുടെ അച്ഛന്. ഇദ്ദേഹം കരോട്ടുവീട്ടില്‍ നിന്നും വിവാഹം കഴിച്ചതോടെ ഇദ്ദേഹത്തെ വള്ളക്കാലില്‍കരോട്ട് വി.ജെ ഉമ്മന്‍ എന്നറിയപ്പെട്ടു വന്നു.
ശ്രീമൂലം പ്രജാസഭയിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ മലയാള മനോരമ സ്ഥാപകന്‍ മാമ്മന്‍മാപ്പിള്ളയെ ഇദ്ദേഹം തോല്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരീ പുത്രനാണ് പ്രൊഫ: ഒ എം മാത്യു. ഉമ്മന്‍ ചാണ്ടി സിഎംഎസ് കോളേജില്‍ ഇന്റര്‍മീഡിയേറ്റിനു പഠിക്കുമ്പോള്‍ കെ എസ് യു വില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. പിന്നീട് കോതമംഗലം കോളേജില്‍ ബിഎ യ്ക്കു പ്രവേശനം നേടാന്‍ ശ്രമിച്ചെങ്കിലും കെ എസ് യു ക്കാരനാണെന്നും വലിയ കുഴപ്പക്കാരനാണെന്നും പറഞ്ഞ് അഡ്മിഷന് നല്കുവാന് കോളേജ് അധികൃതര്‍ തയ്യാറായില്ല. അന്ന് ഒ എം മാത്യു ബസേലിയസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായിരുന്നു. കുഞ്ഞൂഞ്ഞ് അദ്ദേഹത്തെ വന്നു കണ്ട് തനിക്കു പഠിക്കണമെന്നു പറഞ്ഞു. മാത്യു സാര്‍ അഡ്മിഷനുള്ള നടപടിക്രമങ്ങള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ചങ്ങനാശ്ശേരി എസ് ബി കോളേജില്‍ പ്രവേശനം ലഭിച്ചിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ ബസേലിയസ് കോളേജില്‍ എം കോം ഡിപ്പാര്‍ട്ട്മെമെന്റ് തുടങ്ങുവാന്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സഹായം ലഭിച്ചിരുന്നു. ചെറുപ്പകാലം മുതല്‍ തന്നെ ഉമ്മന്‍ ചാണ്ടിയില്‍ നേതൃഗുണം കണ്ടുതുടങ്ങിയിരുന്നുവെന്നും പ്രൊഫ: ഒ എം മാത്യു ഓര്‍മ്മിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: