തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനായി ഒരുക്കിയ സംവിധാനത്തില്‍ ഗുരുതര വീഴ്ച. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സൗകര്യമൊരുക്കിയില്ല. സെക്രട്ടേറിയറ്റിലെ ദര്ബാര്ഹാളില്പോലും സുരക്ഷ ഒരുക്കാതെ സര്‍ക്കാര്‍.
ഉമ്മന്‍ ചാണ്ടിയുടെ മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ പൊതുദര്‍ശനം സംബന്ധിച്ച കാര്യങ്ങളും തീരുമാനിച്ചതാണ്. ആദ്യം വീട്ടിലും പിന്നീട് ദര്‍ബാര്‍ ഹാളിലും സമീപത്തെ പള്ളിയിലും കെപിസിസി ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകുമെന്ന് കൃത്യമായി അറിയാമായിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ നിന്നും ആംബുലന്‍സുമായുള്ള വാഹന വ്യൂഹം പോലും കുരുക്കില്‍പെട്ടു. ജഗതിയിലെ വീടിനു മുന്നില്‍ രാവിലെ മുതല്‍ പോലീസ് സന്നാഹം എത്തിയെങ്കിലും 150 മീറ്റര്‍ ഭാഗം ആംബുലന്‍സ് കടന്നത് അരമണിക്കൂറെടുത്താണ്. തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. തിക്കിലും തിരക്കിലും വീടിന്റെ രണ്ട് ജനല്‍ തകര്‍ന്നു. തിരക്ക് വര്‍ധിച്ചതോടെ ഉമ്മന്‍ചാണ്ടിയെ അവസാനമായി കാണാനെത്തി യവരെ ദര്‍ബാര്‍ ഹാളിലേക്ക് പറഞ്ഞുവിട്ടു.
എന്നാല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനുള്ള ഒരുസൗകര്യവും ഒരുക്കിയില്ല. വന്‍ ജനാവലി ഉച്ചമുതല്‍ ദര്‍ബാര്‍ഹാളില്‍ എത്തിതുടങ്ങിയിരുന്നു. എന്നിട്ടും പൊതുദര്‍ശനത്തിന് ബാരിക്കേഡ് സംവിധാനമോ ഭൗതിക ശരീരം കാണാനായി എത്തുന്നവരെ കടത്തിവിടാനുള്ള വഴികളോ ഒരുക്കിയില്ല. ദര്‍ബാര്‍ ഹാളിന്റെ ആറുവാതിലിലൂടെയും ആളുകളെ കടത്തിവിട്ടു. ഭൗതിക ശരീരം ദര്‍ബാര്‍ ഹാളിലേക്ക് എത്തിക്കാന്‍ പോലും പ്രയാ സപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബംപോലും അകത്തേക്ക് കയറാനാകാതെ തിരക്കില്‍പ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജ യനും തിക്കിലും തിരക്കിലും കുടുങ്ങി. ഒടുവില്‍ ഏറെ പ്രയാ സപ്പെട്ടാണ് അന്തിമോപചാരം അര്‍പ്പിച്ചശേഷം മുഖ്യമന്ത്രിയെ ദര്‍ബാര്‍ഹാളില്‍ നിന്നും മാറ്റിയത്.
മുഖ്യമന്ത്രി പോയതോടെ ജനം ഇടിച്ചുകയറി. അകത്തു കയറിയവര്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ വഴിയൊരുക്കിയിരു ന്നില്ല. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര് കുഴഞ്ഞു. തങ്ങളുടെ നേതാവിനെ ഒരു നോക്ക് കാണാനാകാതെ പലരും അതീവ ദുഃഖത്തോടെ മടങ്ങി. തിരക്കില്‍ കുടുംബാംഗങ്ങള്‍ക്ക് പോലും ഭൗതിക ശരീരത്തിനടുത്ത് നില്ക്കാനായില്ല. കുടുംബാംഗങ്ങള്‍ ശാരീരികബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ഒടുവില്‍ ദര്‍ബാര്‍ഹാളിന്റെ വാതിലുകള്‍ അടച്ചിട്ടു. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനുപോലും ഇരിപ്പിടം നല്‍കിയില്ല. അവര്‍ മണിക്കൂറുകള്‍ തിരക്കില്‍പ്പെട്ടു നിന്നു. ഏറെ നേരം കഴിഞ്ഞാണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയത്.
പൊതുദര്‍ശനത്തിന് സര്‍ക്കാര്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിരുന്നില്ലെന്ന് പോലീസുകാര്‍ പറയുന്നു. ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം എന്നുമാത്രമാണ് അറിയിച്ചത്. അതിനാല്‍ മറ്റ് കാര്യങ്ങളോ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നില്ല. ജില്ലയിലെ മന്ത്രിയായ വി.ശിവന്‍കുട്ടിക്കാണ് പൊതുദര്‍ശനത്തിന്റെ ചുമതല നല്‍കിയത്. രാഷ്ട്രീയ വൈരാഗ്യത്താലാണ് പൊതുദര്‍ശനത്തിന് മതിയായ സൗകര്യം ഒരുക്കാത്തതെന്ന് ആരോപണം ഉയരുന്നുണ്ട്.
രാത്രി കെപിസിസി ആസ്ഥാനത്തും ആകെ ബഹളമായിരുന്നു. മൃതദേഹവുമായി വന്ന വാഹനം കടത്തിവിടുന്നതിനുപോലും തയ്യാറാകാതെ തടിച്ചുകൂടിനിന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.സെല്‍ഫി എടുത്ത് സായൂജ്യം അടയാന്‍ കോണ്‍ഗ്രസുകാര്‍ ഇടികൂടിയപ്പോള്‍ മൃതദേഹം ബസ്സില്‍ നിന്നിറക്കാന്‍ അരമണിക്കൂറലിധികം വേണ്ടിവന്നു. ഇന്ദിരാ ഭനവന്റെ മുറ്റത്ത് പൊതുദര്‍ശനത്തിനു വെച്ച സ്ഥലത്തേക്ക് എത്താന്‍ പലര്‍ക്കും ഏറെ പ്രയാസപ്പെടെണ്ടി വന്നു. തിക്കും തിരക്കും കൂട്ടരുതെന്ന് മൈക്കിലൂടെ തുടര്‍ച്ചയായി പറഞ്ഞതെല്ലാതെ നിയന്ത്രിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. നിയന്ത്രിക്കേണ്ട നേതാക്കള്‍ തന്നെയായിരുന്നു പ്രശ്നക്കാര്‍.
ഉമ്മന്‍ചാണ്ടിയെപ്പോലൊരു നേതാവിന് നല്‍കേണ്ട ആദരവിലല്ല തലസ്ഥാന നഗരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: