ഓക്ക്ലന്‍ഡ്: വനിതകളുടെ ലോക കാല്പന്ത് പോരാട്ടത്തിന് നാളെ ന്യൂസിലാന്‍ഡിലെ ഓക്ക്ലന്‍ഡില്‍ തുടക്കമാകും. ഫിഫ വനിതാ ലോകകപ്പിന്റെ ഒമ്പതാം പതിപ്പാണിത്. 1991ല്‍ ആരംഭിച്ച വനിതാ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയം വഹിക്കുന്ന ലോകകപ്പ് കൂടിയാണിത്. ന്യൂസിലാന്‍ഡും ഓസ്ട്രേലിയയുമാണ് ആതിഥേയര്‍.
ഗ്രൂപ്പ് എയില്‍ ആതിഥേയരായ ന്യൂസിലാന്‍ഡും നോര്‍വേയും തമ്മിലാണ് നാളെ കിക്കോഫ്. വനിതാ ലോകകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ ലോകകപ്പ് ആണിത്. പുരുഷ ഫുട്ബോളിന് സമാനം 32 രാജ്യങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഫ്രാന്‍സ് ആതിഥേയരായ കഴിഞ്ഞ ലോകകപ്പില്‍ 24 ടീമുകളേ പങ്കെടുത്തിരുന്നുള്ളൂ. ഇത്തവണത്തെ ലോക ടൂര്‍ണമെന്റില്‍ ഖത്തര്‍ ലോകകപ്പിലേതുള്പ്പെടെയുള്ളതിന് സമാനം എട്ട് ഗ്രൂപ്പുകളിലായി നാല് വീതം ടീമുകളുള്ക്കൊള്ളിച്ചാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും. പതിവ് നോക്കൗട്ടുകള്ക്കൊടുവില് ജേതാക്കളെ നിര്‍ണയിക്കുന്ന കലാശപ്പോര്. ആഗസ്ത് മൂന്നിന് ഗ്രൂപ്പ് പോരുകള്‍ പൂര്‍ത്തിയാകും. അടുത്ത മാസം 20നാണ് ഫൈനല്‍.
നിലവിലെ ചാമ്പ്യന്മാരായ അമേരിക്ക ഗ്രൂപ്പ് ഇയിലാണുള്ളത്. നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, വിയെറ്റ്നാം എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. യൂറോ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഗ്രൂപ്പ് ഡിയിലാണുള്ളത്. ചൈന, ഡെന്മാര്ക്ക്, ഹെയ്തി ആണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ഇക്കൊല്ലം ഫെബ്രുവരിയോടെ ഇന്റര്‍കോണ്ടിനെന്റല്‍ യോഗ്യതാ പ്ലേഓഫുകള്‍ പൂര്‍ത്തിയായി. ഹെയ്തി, പോര്‍ചുഗല്‍, പാനമ ടീമുകളാണ് അവസാനമായി ഇടം കണ്ടെത്തിയ ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: