ഭരണത്തിലായാലും പ്രതിപക്ഷത്തായാലും ഒരുപോലെ. ആലങ്കാരികതയില്ല, ആര്‍ഭാടമില്ല. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയും പെരുമാറുകയും ചെയ്യുന്ന പ്രകൃതം. ജനങ്ങളെ ഒഴിവാക്കിയുള്ള ഒരു ദിവസം ഊഹിക്കാന്‍ പോലും കഴിയാത്ത പ്രവര്‍ത്തനരീതി. ബെഡ്‌റൂമില്‍ പോലും പരിഭവം പറയാനും പരാതികള്‍ കേള്‍ക്കാനും സമയവും സന്ദര്‍ഭവും നല്‍കുന്ന അപൂര്‍വവ്യക്തിത്വം. അതാണ് ഉമ്മന്‍ചാണ്ടി. ജനനേതാക്കളെ ഒരുപാടു കണ്ടിട്ടുണ്ട്. അര്‍ത്ഥത്തിലും അക്ഷരത്തിലും ജനകീയന്‍… ഉമ്മന്‍ചാണ്ടി എന്ന കുഞ്ഞൂഞ്ഞ്.
27-ാം വയസ്സില്‍ തുടങ്ങിയതാണ് നിയമസഭാ പ്രവര്‍ത്തനം. 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി ഒരു മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവ് മറ്റൊരാളില്ല. സാധാരണ ജനങ്ങള്‍ക്കാണ് മുന്തിയ പരിഗണന എന്ന് ചിന്തിക്കുകയും അതനുസരിച്ച് പ്രവര്‍ത്തനം ആവിഷ്‌ക്കരിക്കുകയും ചെയ്തു. അതിനുവേണ്ടിയാണ് ഭരണാധികാരിയായിരിക്കെ ജനസമ്പര്‍ക്ക് പരിപാടി ആവിഷ്‌ക്കരിച്ചത്. അതാണ് ‘അതിവേഗം ബഹുദൂരം’ എന്ന പേരിലറിയപ്പെട്ട പരിപാടി. ന്യായമെന്ന് തോന്നുന്ന ഒരു കാര്യവും വച്ചുതാമസിപ്പിക്കുന്ന പ്രകൃതം അദ്ദേഹത്തിനുണ്ടായിരുന്നില്ല.
നിയമസഭയ്‌ക്കകത്തും പുറത്തും ഏല്‍പ്പിക്കുന്ന പരിക്കുകള്‍ പകയോടെയും വിദ്വേഷത്തോടെയും കാണുന്ന ശീലമില്ല. സൗമ്യമായ പ്രതികരണം. സ്‌നേഹപൂര്‍വമായ ഇടപെടല്‍. ഒരു പത്രപ്രവര്‍ത്തകനോടുപോലും കടക്ക് പുറത്ത് എന്ന് പറയാത്ത മുഖ്യമന്ത്രി…
കേസരിട്രസ്റ്റിന്റെ ചെയര്‍മാനും പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റുമായിരിക്കെ ഉണ്ടായ ഒരുനുഭവം. കേസരിട്രസ്റ്റിന് ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കാന്‍ 15 ലക്ഷം രൂപ ചോദിച്ചിരുന്നു. കെ. ശങ്കരനാരായണന്‍ ധനമന്ത്രിയായിരിക്കെ സന്തോഷപൂര്‍വം അത് അംഗീകരിച്ചു. പക്ഷെ പെട്ടെന്ന് ധനമന്ത്രി മാറി. വക്കം പുരുഷോത്തമന്‍ ധനമന്ത്രിയായി. ധനമന്ത്രിയെ സമീപിച്ചപ്പോള്‍ ‘നോക്കട്ടെ’ എന്ന മറുപടിയായിരുന്നു പലതവണ. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു കാര്യം പറഞ്ഞു. ഉത്സാഹപൂര്‍വം അതേറ്റെടുത്തു കുറിപ്പും എഴുതി. ‘ഇതിന്റെ പിന്നില്‍ തന്നെ പോകണ’മെന്ന ഉപദേശവും തന്നു. പക്ഷേ ദൈവം കനിഞ്ഞാലും പൂജാരി അനുഗ്രഹിക്കാത്ത അവസ്ഥ. കാശ് കിട്ടിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ പരിശ്രമം പ്രശംസനീയം തന്നെയായിരുന്നു.
മാറാട് സംഭവം നടക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറായിരുന്നു. മാറാട് പ്രശ്‌നം പരിഹരിക്കാന്‍ പ്രയത്‌നിച്ചതിന്റെ പേരില്‍ ഏറെ പ്രശംസ നല്‍കിയ ഉമ്മന്‍ചാണ്ടി ചെയര്‍മാനായ പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മറ്റി, ഹൗസിങ് കമ്മറ്റി എന്നിവയില്‍ അംഗമായിരുന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയും പാഠപുസ്തകവുമാണ് അദ്ദേഹത്തിന്റെ ജീവിതം. 2004ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം സക്രിയപ്രവര്‍ത്തനമാണ് ഏറ്റെടുത്തത്.
കേരളത്തെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റുന്നതില്‍ സ്വപ്ന പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച രാഷ്‌ട്രീയക്കാരനായിരുന്നു ഉമ്മന്‍ചാണ്ടി. വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വമനോഭാവം വളര്‍ത്തുന്നതിനും മുന്നോട്ടുവരുന്നവരെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് എല്ലാ ജില്ലകളിലും മെഡിക്കല്‍കോളജുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: