അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിലൂടെ ഉപ്പുവെള്ളം കയറുന്നു. കരിനില മേഖലയിലെ ആയിരത്തോളം ഹെക്ടര്‍ നെല്‍കൃഷി ഭീഷണിയില്‍. ആശങ്കയോടെ കര്‍ഷകര്‍. വേലിയേറ്റ സമയത്ത് സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്നു കിടക്കുന്നതാണ് പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറാന്‍ കാരണമാകുന്നത്. തോട്ടപ്പള്ളി ആനന്ദേശ്വരം കിഴക്ക് 315 ഏക്കറുള്ള മലയില്‍ തോട് പാടശേഖരത്ത് മൂന്നു തവണയാണ് വിത്ത് വിതച്ചത്. ആദ്യ രണ്ടുതവണ വിതച്ച വിത്തുകള്‍ മഴയില്‍ നശിച്ചതോടെയാണ് മൂന്നാമതും വിത്തു വിതച്ചത്. മൂന്നാമതു വിതച്ച വിത്ത് ഇപ്പോള്‍ ഉപ്പുവെള്ള ഭീഷണിയിലാണ്.
വിത,വരമ്പ് കുത്ത്, നീറ്റു കക്കയിടല്, ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കല്‍ തുടങ്ങി ഇതുവരെ ഏക്കറിന് 15,000 ലധികം രൂപ ചെലവഴിച്ചു കഴിഞ്ഞപ്പോഴാണ് ഉപ്പുവെള്ള ഭീഷണിയുയര്‍ന്നിരിക്കുന്നത്. കരിനില മേഖലയായതിനാല്‍ ഏക്കറിന് 10 മുതല്‍ 15 ക്വിന്റല്‍ വരെ നെല്ല് മാത്രമേ ലഭിക്കൂ. ഉള്‍നാടന്‍ ജലാശയങ്ങളില്‍ ജലനിരപ്പുകുറയുന്നതും, തോട്ടപ്പള്ളി സ്പില്‍വേ, തൃക്കുന്നപ്പുഴ ചീപ്പ് എന്നിവിടങ്ങള്‍ വഴിയുള്ള ഉപ്പുവെള്ളക്കയറ്റവും അപ്പര്‍ കുട്ടനാടന്‍, കരിനില കാര്‍ഷികമേഖലയിലെ രണ്ടാംകൃഷിക്കാണ് ഭീഷണിയുയര്‍ത്തിയിരിക്കുന്നത്. മഴമാറിയിട്ടും സ്പില്‍വേ ഷട്ടറുകള്‍ അടയ്ക്കാത്തതാണ് ജലാശയങ്ങളില്‍ വെള്ളം കുറയാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.
പുറക്കാട്, തകഴി, കരുവാറ്റ കാര്‍ഷികമേഖലയില്‍ ജലനിരപ്പുകുറയലും ഉപ്പുവെള്ളക്കയറ്റവും മൂലം രണ്ടാംകൃഷി ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. രണ്ടുദിവസംകൊണ്ട് തോടുകളില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതായി പുറക്കാട്, തകഴി മേഖലകളിലുള്ള കര്‍ഷകര്‍ പറയുന്നു. ഉപ്പുവെള്ളക്കയറ്റം മൂലം കാര്‍ഷിക നടപടികളുടെ ഭാഗമായി പാടശേഖരങ്ങളില്‍ വെള്ളം കയറ്റാനും സാധിക്കാത്ത അവസ്ഥയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: