പ്രായോഗിക ധര്മ്മധാരണയും സേവാസാധനയും പഞ്ചശീലങ്ങളാകുന്ന സദ്ഗുണങ്ങളെ ജീവിതത്തിലേക്ക് പകര്‍ത്തുന്നതുകൊണ്ടു തന്നെ നിറവേറും. ഇതു കഴിഞ്ഞ് അടുത്ത മേഖല മനോഭാവമാണ്. ഇതില്‍ സ്വഭാവശുദ്ധിയും ഭാവാത്മകമായ വൈശിഷ്ട്യങ്ങളും ഉള്‍ക്കൊള്ളിച്ചാല്‍ ഇഹലോകവും പരലോകവും സമുന്നത നിലയിലാക്കിയെന്ന് കരുതാം. നാലു വേദങ്ങളെന്നും, നാലു ധര്മ്മങ്ങളെന്നും, നാലു കര്‍മ്മങ്ങളെന്നും, നാലു ദിവ്യവരദാനങ്ങളെന്നും പറയാവുന്ന ആ നാലു മനോവൈശിഷ്ട്യങ്ങളെ
(1) വിവേകം
(2) സത്യസന്ധത
(3) ഉത്തരവാദിത്വം
(4) ധീരത
എന്നീ നാമങ്ങളാല്‍ മനസ്സിലാക്കാം.
‘വിവേകം’ എന്നതിന്റെ അര്‍ത്ഥമാണ് താല്‍ക്കാലിക ആകര്‍ഷണങ്ങളില്‍ സംയമനം പാലിക്കുക, കടിഞ്ഞാണ്‍ ഇടുക, ദൂരസ്ഥവും സ്ഥായിയുമായ പരിണതികളുടെയും പ്രതിക്രിയകളുടെയും സ്വരൂപം മനസ്സിലാക്കുക, അതനുസരിച്ചു തീരുമാനമെടുക്കുക, പ്രവര്‍ത്തിക്കുക. സ്വാദിനോടുള്ള ആര്‍ത്തിമൂലം ആളുകള്‍ ഭക്ഷിക്കാനരുതാത്തത് ഭക്ഷിക്കുകയും, കാമാവേശം മൂലം ശരീരവും മനസ്സും പൊള്ളയാക്കുകയും ചെയ്യുന്നു. ദൂരവിചാരമില്ലാതെ ചെയ്യുന്ന മറ്റു പ്രവൃത്തികളും ഇത്തരം ദുഷ്പരിണാമങ്ങള്‍ ഉളവാക്കുന്നു. ഇത്തരക്കാരെ അനുകരിച്ച് ആളുകള്‍ അനാചാരങ്ങള്‍ അനുവര്‍ത്തിക്കുകയും, ദുഷ്കര്‍മ്മങ്ങള്‍ ചെയ്യുകയും ഭര്‍ത്സനം സഹിക്കുകയും ചെയ്യുന്നു. ദീര്‍ഘവീക്ഷണം ഇല്ലാത്തതു മൂലമാണ് ആളുകള്‍ മത്സ്യങ്ങളെപ്പോലെ ചെറിയ പ്രലോഭനങ്ങളില്‍പെട്ട് വിലയേറിയ ജീവിതം നഷ്ടപ്പെടുത്തുന്നത്. വിവേകം അവലംബിച്ചാല്‍ ഇന്ദ്രിയ സംയമനം, സമയസംയമനം, അര്‍ത്ഥസംയമനം എന്നിവ പാലിച്ചു കൊണ്ട് ജീവിതമാകുന്ന സമ്പത്തിനെ ചോര്‍ത്തുന്ന പഴുതുകള്‍ ഇല്ലാതാക്കാം.
‘സത്യസന്ധത’ പാലിക്കുക എളുപ്പമാണ്. എന്നാല്‍ വഞ്ചന കാണിക്കാന്‍ പല ദുരുപായങ്ങളും രചിക്കുകയും കാപട്യം അവലംബിക്കുകയും വേണം. സത്യസന്ധതയുടെ സഹായത്താല്‍ മാത്രമേ ഏതു വ്യക്തിക്കും മഹനീയനും, വിശ്വസനീയനും ആകാന്‍ കഴിയൂ എന്ന് ഓര്‍മ്മ വേണം. അങ്ങനെ ഉള്ളവര്‍ക്കേ ജനങ്ങളുടെ സഹകരണവും, ബഹുമാനവും നേടാനാവൂ.
എഴുന്നേല്പിനു (ഉയര്‍ച്ചയ്ക്കു) ഇത്രയും ആലംബം മതിയാകുന്നതാണ്. മുന്നോട്ടുള്ള പോക്ക് അനായാസം നടന്നു കൊള്ളും. സ്വയം വിശ്വസ്തത പാലിക്കാത്തവരും വിശ്വസ്തരായ ഭൃത്യരെ വയ്ക്കാനാണ് ആഗ്രഹിക്കുന്നത്. ഇതില്‍ നിന്നും വിശ്വസ്തതയുടെ മൂല്യം എത്ര വലുതാണെന്ന് തെളിയുന്നു. ആരുടെ പ്രതാപവും അന്തസ്സും അവസാനം വരെ നില നിന്നിരുന്നുവോ, അവര്‍ക്കെല്ലാം തന്നെ സത്യസന്ധതയുടെ നയം, നിഷ്കളങ്ക ചിത്തത്തോടെ അവലംബിക്കേണ്ടി വന്നു. കപട വിശ്വസ്തത, മരക്കലം പോലെ ഒരിക്കല്‍ മാത്രമേ അടുപ്പില്‍ വയ്ക്കാന്‍ പറ്റൂ.
മൂന്നാമത്തെ പക്ഷമാണ് ‘ഉത്തരവാദിത്വം’. ഓരോ വ്യക്തിയും ശരീരസംരക്ഷണം, കുടുംബവ്യവസ്ഥ, സമൂഹനിഷ്ഠ, അനുശാസനങ്ങളുടെ പരിപാലനം എന്നിങ്ങനെ ഉള്ള കര്‍ത്തവ്യങ്ങളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമ്പോള്‍ മാത്രമാണ് മനുഷ്യന്റെ ശൗര്യം തെളിയുകയും വിശ്വാസം വളരുകയും ചെയ്യുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ മഹത്വമേറിയ ഉത്തരവാദിത്വങ്ങള്‍ ഭാരമേല്പിക്കപ്പെടുകയും, പുരോഗതി ഉന്നതശിഖരത്തിലെത്താനുള്ള യോഗം ഭവിക്കുകയും, ആളുകള്‍ നിര്‍ബന്ധപൂര്‍വം വിളിച്ചു ആദരിക്കുകയും ചെയ്യാനുള്ള വ്യവസ്ഥ രൂപം കൊള്ളുന്നത്. ഉത്തരവാദിത്ത ബോധമുള്ളവരുടെ വ്യക്തിത്വമാണ് ശോഭായമാനമാകുന്നത്. അവര്‍ മുഖേനയാണ് വലിയ വലിയ കാര്യങ്ങള്‍ നടപ്പിലാകുന്നത്.
നാലാമത്തെ ആദ്ധ്യാത്മിക സമ്പത്താണ് ‘ധീരത.’ അതായത് നിര്‍ഭയത്തോടെ പ്രയത്ന പരായണനായി, അപകടങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് നീതിനിഷ്ഠമായ മാര്‍ഗ്ഗത്തിലൂടെ ചലിക്കുക. സംഘര്‍ഷം ചെയ്യാതെ തിന്മകള് മാറുകയില്ല. സംഘര്‍ഷം ചെയ്യാന്‍ ധീരത അനിവാര്യവുമാണ്. അനീതിക്കു മുമ്പാകെ തലകുനിക്കാതിരിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ഭീരുക്കളും, അല്പന്മാരും, ദുര്‍ബലമനസ്കരും, അവശന്മാരും.. അക്രമികളെയും ചൂഷകന്മാരെയും തങ്ങളെ ആക്രമിക്കാന്‍ ക്ഷണിക്കുകയാണ് ചെയ്യുന്നത്. വഴങ്ങാനും, ഒഴിഞ്ഞു മാറാനും, എങ്ങനെ എങ്കിലും ശല്യം ഒഴിവാക്കാനുമുള്ള പ്രവണത അവലംബിച്ചവരെ ആരും എവിടെ വച്ചും ചൂഷണം ചെയ്യുന്നു. ഇത്തരം ആളുകള്‍ തന്നെയാണ് കൊള്ളരുതായ്മയ്ക്കു മുന്നിലും തല കുനിക്കുകയും മുട്ടു കുത്തുകയും ചെയ്യുന്നത്. എന്നിട്ടും അവര്‍ക്ക് രക്ഷകിട്ടുന്നില്ല. വീരന്മാരെ അപേക്ഷിച്ച് ഭീരുക്കളുടെമേല് ആയിരം മടങ്ങ് അധികമാണ് ക്രൂരന്മാരുടെ ആക്രമണം നടക്കുന്നതെന്ന വസ്തുത എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. ക്ലേശങ്ങളെ തരണം ചെയ്യാനും പുരോഗമന പഥത്തില്‍ മുമ്പോട്ടു പോകാനും സഹായിക്കുന്ന ഒരേ ഒരു സഹചാരി ധൈര്യമാണ്. ഇതിനെയും കൂട്ടിക്കൊണ്ട് മനുഷ്യനു ഒറ്റയ്ക്കും ദുര്ഗ്ഗമമായി കാണുന്ന മാര്‍ഗ്ഗത്തിലൂടെയും മുമ്പോട്ടു പോകാനും ഉദ്ദിഷ്ട സ്ഥാനത്ത് എത്താനും സാധിക്കും.
പഞ്ചശീലങ്ങളും നാലു വര്ച്ചസ്സുകളും ചേര്‍ന്ന ഒമ്പതെന്ന സംഖ്യ യുഗധര്മ്മത്തിനു തീര്‍ത്തും അനുയോജ്യമാണ്. സൗരമണ്ഡലത്തില്‍ ഒമ്പത് ഗ്രഹങ്ങളുണ്ട്. നവരത്നങ്ങളും ഋദ്ധിസിദ്ധികളും ഒമ്പതെന്ന സംഖ്യയിലാണ്. ഈ ഒമ്പത് ഗുണങ്ങളില്‍ ആര് ഏതൊക്കെ എത്രമാത്രം സ്വാംശീകരിക്കുന്നുവോ അവര്‍ അത്രയും വലിയ ഈശ്വരഭക്തരും ധാര്‍മ്മികരും ആയിത്തീരുന്നു. ഇവയ്ക്കു യോഗാഭ്യാസമെന്നോ തപസ്സാധന എന്നോ പറയുന്നതില്‍ അതിശയോക്തി ഇല്ല.
ധര്‍മ്മത്തിലേക്കും കര്‍മ്മത്തിലേക്കും പകര്‍ത്തിയ സ്വാംശീകരിച്ച ഉല്‍കൃഷ്ടത തന്നെയാണ് പ്രകാരാന്തരത്തില്‍ സ്വര്‍ഗ്ഗസമാനമായ ഉല്ലാസം നിറഞ്ഞ മനസ്സും, മോക്ഷതുല്യമായ സംതൃപ്തിയും, സന്തുഷ്ടിയും, ശാന്തിയും ഉടന്‍ തന്നെ പ്രദാനം ചെയ്യാന്‍ കഴിവുറ്റതായിത്തീരുന്നത്. അവയ്ക്ക് വേണ്ടി ആര്‍ക്കും അധിക സമയം പ്രതീക്ഷിക്കേണ്ടി വരികയില്ല. കേള്‍വി പ്രകാരം മരണശേഷമേ സ്വര്‍ഗ്ഗവും മോക്ഷവും പോലെ ഉള്ള നേട്ടങ്ങള്‍ പ്രാപിക്കാനാവൂ. എന്നാല്‍ ഭാവനാതലത്തില്‍ നിന്നു താഴെ ഇറങ്ങി പ്രായോഗികമായ ധര്‍മ്മകര്‍മ്മങ്ങളില്‍ മേല്‍ പ്രസ്താവിച്ച ഒന്‍പതു ഉല്‍കൃഷ്ടതകള്‍ ഉള്‍ക്കൊള്ളിച്ചാല്‍ ജീവിച്ചിരിക്കെത്തന്നെ സ്വര്ഗ്ഗീയാനുഭൂതികളും മോക്ഷത്തിന്റെ നിലയിലുള്ള വിഭൂതികളും ആസ്വദിച്ചുകൊണ്ടു കഴിയാനാവും. ഇത്രമാത്രമല്ല, ഇവ രണ്ടിനും പുറമേ മൂന്നാമതായി ഒരു നേട്ടം കൂടി പ്രാപിക്കാനാവും. സിദ്ധികളുടെ അത്ഭുതങ്ങള്‍ കൈവശപ്പെടുകയും, സാഫല്യങ്ങള്‍ ആകര്‍ഷിക്കപ്പെട്ടു വന്നെത്തി മനസ്വിയുടെ കാല്ക്കല് വീഴുകയും ചെയ്യുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: