കല്ലറ അജയന്
നിത്യവും ചെയ്യുന്ന കര്മഫലഗണം
കര്‍ത്താവൊഴിഞ്ഞു മറ്റന്യര്‍ ഭുജിക്കുമോ?
താന്താന് നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്താനനുഭവിച്ചീടുകെന്നേ വരൂ
ധര്മമാര്ഗസൂചകങ്ങളായി എത്രയോ വരികള്‍ രാമായണത്തിലുണ്ട്. അത്തരത്തില്‍ പെട്ടതാണ് മുകളില്‍ കൊടുത്തിരിക്കുന്നവയും. അയോദ്ധ്യാ കാണ്ഡത്തില്‍ ‘വാല്മീകിയുടെ ആത്മകഥ’ യില്‍ നിന്നാണ് ഇവ എടുത്തത്. പൂര്‍വാശ്രമത്തില്‍ രത്നാകരന് എന്ന തസ്ക്കരനായിരുന്നു വാല്മീകി. തന്റെ ദുഷ്പ്രവൃത്തികളുടെ ഫലം ഏറ്റെടുക്കാന്‍ ഭാര്യയും മക്കളും തയ്യാറാകുമോ എന്നറിയാന്‍ അവരോടു ചോദിച്ചതിന് കിട്ടുന്ന ഉത്തരമാണിത്.
ഒരാള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് പരത്തില്‍ മാത്രമല്ല, ഇഹത്തിലും ശിക്ഷയുണ്ടെന്ന് നീചന്മാരുടെ ജീവിതം പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. ദുര്‍വൃത്തന്മാരും ദുഷ്ടന്മാരുമൊന്നും ശാന്തമായ മരണം വരിച്ച കഥകള്‍ എവിടേയും കേട്ടിട്ടില്ല. ഹിറ്റ്ലര്‍ക്ക് ആത്മഹത്യയെ ആശ്രയിക്കേണ്ടി വന്നു. സ്റ്റാലിന്റെ മരണം തന്റെ തന്നെ സഹപ്രവര്‍ത്തകരുടെ കൈകൊണ്ടാണെന്നും അല്ല രോഗശയ്യയില്‍ വേദന തിന്നു നരകിച്ചാണെന്നും രണ്ടഭിപ്രായമുണ്ട്. വലിയ സാമ്രാജ്യങ്ങള്‍ ചോരയാല്‍ കെട്ടിപ്പടുത്ത ചക്രവര്‍ത്തിമാരുടെ വിജയങ്ങളുടെ കഥ മാത്രമേ ചരിത്രത്തില്‍ രേഖപ്പെടുത്താറുള്ളൂ. എന്നാല്‍ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട് മരണക്കിടക്കയില്‍ പുഴുവിനെപ്പോലെ പിടഞ്ഞ ദയനീയ കഥകള്‍ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല.
ചരിത്ര പുസ്തകങ്ങളില്‍ കിന്നരിത്തലപ്പാവും രത്നഖചിതമായ പട്ടുവസ്ത്രവുമണിഞ്ഞു നില്ക്കുന്ന ചക്രവര്‍ത്തിമാര്‍ അവരുടെ കര്‍മഫലം ഇഹത്തില്‍ തന്നെ അനുഭവിച്ചു തീര്‍ത്തതൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല.അതൊക്കെ ചരിത്രത്തിന്റെ പിന്നാമ്പുറക്കഥകളായി മാറുന്നു. മുസ്സോളിനിയെ ജനക്കൂട്ടം തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതും അഫ്ഗാനിലെ നജീബുള്ള വിളക്കു കാലില്‍ തൂങ്ങിയാടിയതുമെല്ലാം കര്‍മഫലങ്ങള്‍ തന്നെ. പ്രതാപശാലികളായ മുഗള്‍ രാജാക്കന്മാര് എല്ലാം മക്കളാല്‍ പീഡിപ്പിക്കപ്പെട്ട് വേദന തിന്നാണ് ഈ ലോകം വിട്ടു പോയത്. പലരും തടവറകളില്‍ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്.
ശുദ്ധമായ കര്‍മങ്ങള്‍ മാത്രമേ മനുഷ്യ ജീവിതത്തെ പ്രസന്നവും പ്രശാന്തവുമാക്കാനായിട്ടുള്ളൂ. അകത്തും പുറത്തും ശുദ്ധി പാലിക്കുക. അതു മാത്രമേ ഭൂമിയിലെ നല്ല ജീവിതത്തിനും പരലോകസൗഖ്യത്തിനും മാര്‍ഗമായുള്ളൂ എന്ന് രാമായണം പല കഥകളിലൂടെ പഠിപ്പിക്കുന്നു. ദശരഥന് തന്റെ ജാഗ്രതക്കുറവിന് ലഭിക്കുന്ന ശിക്ഷയായ പുത്രദുഃഖത്താല്‍ നീറി ഒടുങ്ങേണ്ടി വരുന്നു. രാവണന് തന്റെ തിന്മകള്ക്കു ശിക്ഷയായി ദുര്‍മ്മരണത്തെ പ്രാപിക്കേണ്ടി വരുന്നു. അങ്ങനെയങ്ങനെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: