ന്യൂദല്‍ഹി: കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഇന്ന് ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ‘ഭൂമി സമ്മാന്‍ ‘2023 വിതരണം ചെയ്തു. ഭൂമി രേഖകളുടെ ഡിജിറ്റല്‍ നവീകരണ പദ്ധതിയുടെ (ഡിഐഎല്‍ആര്‍എംപി) പ്രധാന ഘടകങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മികവ് പുലര്‍ത്തിയ സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ കളക്ടര്‍മാരും ഉദ്യോഗസ്ഥ സംഘവും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ഭൂരിഭാഗം ഗ്രാമീണരും ഉപജീവനമാര്‍ഗത്തിന് ഭൂവിഭവങ്ങളെ ആശ്രയിക്കുന്നതിനാല്‍ ഗ്രാമീണ മേഖലകളുടെ വികസനത്തിന് ഭൂരേഖകളുടെ നവീകരണം അടിസ്ഥാന ആവശ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. സമഗ്രമായ ഒരു സംയോജിത ഭൂമി പരിപാലന സംവിധാനം വളരെ പ്രധാനമാണ്.
ഡിജിറ്റൈസേഷന് സുതാര്യത വര്‍ദ്ധിപ്പിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഭൂരേഖകള്‍ ഡിജിറ്റലാക്കുന്നതും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി അവ ബന്ധിപ്പിക്കുന്നതും ക്ഷേമപദ്ധതികള്‍ കൃത്യമായി നടപ്പാക്കാന്‍ സഹായിക്കും. ദുരന്തങ്ങള്‍ മൂലം രേഖകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തിലും ഇത് വലിയ സഹായമാകും.
ഡിജിറ്റല്‍ ഇന്ത്യ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്മന്റ് സംവിധാനത്തിന് കീഴില്‍ ഒരു പ്രത്യേക ലാന്‍ഡ് പാഴ്സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്കുന്നതില് രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ നമ്പര്‍, പുതിയ ക്ഷേമപദ്ധതികള്‍ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഭൂമിയുടെ ശരിയായ ഉപയോഗത്തിനും സഹായിക്കുമെന്ന് അവര്‍ പറഞ്ഞു.
ഭൂരേഖകളും രജിസ്ട്രേഷന് ഡാറ്റാ ബേസും ഇകോടതികളുമായി ബന്ധിപ്പിക്കുന്നത് നിരവധി പ്രയോജനങ്ങള്‍ സൃഷ്ടിക്കും. ഡിജിറ്റൈസേഷനിലൂടെ ലഭിക്കുന്ന സുതാര്യത ഭൂമിയുമായി ബന്ധപ്പെട്ട നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയും. ഭൂമിയുടെ ഉടമസ്ഥാവകാശവും ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഈ പദ്ധതിയിലൂടെ സൗജന്യമായും സൗകര്യപ്രദമായും ലഭിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: