തിരുപ്പതി: മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്ന തിരുപ്പതി ക്ഷേത്രത്തിലെ മൂര്‍ത്തിയായ ബാലാജിയ്‌ക്ക് സ്വർണ്ണത്തില്‍ തീര്‍ത്ത ശംഖും ആമയുടെ രൂപത്തിലുള്ള (കൂര്‍മ്മം) വിഗ്രഹവും സമര്‍പ്പിച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും.
ഇവ രണ്ടും ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ ശുദ്ധീകരണത്തിനായാണ് ഉപയോഗിക്കുകയെന്ന് ക്ഷേത്രാധികാരികള്‍ പറഞ്ഞു. ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ ആയിരുന്ന സുധ മൂർത്തി നേരത്തെ തിരുപ്പതി ദേവസ്ഥാനത്തില്‍ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത അഭിഷേക ശംഖം എന്ന പാത്രം സമ്മാനിച്ചിരുന്നു.
തിരുപ്പതി തിരുമല ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫീസര്‍ എ.വി. ധര്‍മ്മറെഡ്ഡി സ്വര്‍ണ്ണശംഖും സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ആമയെയും ഏറ്റുവാങ്ങി. ഇത് രണ്ടും ഏകദേശം രണ്ട് കിലോ സ്വര്‍ണ്ണം ഉപയോഗിച്ചാണ് പണിതത്.
നല്ലൊരു സംഖ്യയും ഇരുവരും സംഭാവനയായി നല്‍കുകയും ചെയ്തു. ജീവിതത്തില്‍ അനുഗ്രഹവര്‍ഷങ്ങള്‍ ഒഴിഞ്ഞ നേരം നാരായണമൂര്‍ത്തിക്കും സുധാമൂര്‍ത്തിയ്‌ക്കും ഇല്ല. ഇന്‍ഫോസിസ് എന്ന സ്ഥാപനത്തിന്റെ വിജയത്തിന് ശേഷം എഴുത്തുകാരി എന്ന നിലയില്‍ സുധാമൂര്‍ത്തി ഏറെ അറിയപ്പെട്ടു. ഈയിടെയാണ് ഇവരുടെ മകളുടെ ഭര്‍ത്താവായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രി മോദിയുടെ ദുരിതാശ്വാസ ഫണ്ടായ പിഎം കെയേഴ്സില്‍ ട്രസ്റ്റികൂടിയായി ഈയിടെ സുധാമൂര്‍ത്തിയെ തിരഞ്ഞെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: