തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് നടത്താനിരുന്ന 2022ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം മാറ്റിവെച്ചു. പുരസ്‌കാരങ്ങൾ 21ന് വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിക്കും.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ പതാക പകുതി താഴ്‌ത്തി കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി. ഇന്ന് സംസ്ഥാനത്തെ റേഷൻകടകൾക്കും ബാങ്കുകൾക്കും കെഎസ്ഇബിയുടെ ഓഫീസുകൾക്കും അവധിയായിരിക്കും.
ഇന്ന് രാവിലെ 4.25നായിരുന്നു കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ അന്ത്യം. രോഗബാധിതനായി ബംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: