മനോജ് പൊന്‍കുന്നം
ഒരു ക്ഷേത്രത്തിലായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ അന്തിചര്‍ച്ചകള്‍ നടത്തുകയും സാംസ്കാരിക നായകര്‍ പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ഇടതുപക്ഷം ക്ഷേത്രത്തിലേക്ക് പ്രതിഷേധ പ്രകടനമായെത്തുകയും മനുഷ്യാവകാശപ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി പ്രതിഷേധിക്കുകയും സാഹിത്യകാരന്മാര് അവാര്‍ഡ് വാപ്പസി നടത്തുകയും ചെയ്യുമായിരുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ചങ്ങാനാശേരിയില്‍ നടന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് പൊതുസമൂഹത്തില്‍ ചര്‍ച്ചയായില്ല, മേല്‍പ്പറഞ്ഞ പ്രകടനങ്ങള്‍ ഒന്നും നടന്നുമില്ല.
കാരണമുണ്ട്, സംഭവം നടന്നത് ക്ഷേത്രത്തിലല്ല, മുസ്ലിം ദേവാലയത്തിലാണ്, ചങ്ങാനാശേരി പുതുര്‍ പള്ളിയില്‍ കഴിഞ്ഞദിവസം നടന്ന മഹല്ല് പൊതുയോഗമാണ് സംഭവങ്ങളുടെ തുടക്കം. പൊതുയോഗത്തില്‍ ബാര്‍ബര്‍ വിഭാഗത്തില്‍പ്പെട്ട വിശ്വാസിയായ അനീസ് സാലി എന്ന മുസ്ലിം യുവാവ് പങ്കെടുത്തു. രജിസ്റ്ററില്‍ ഒപ്പിട്ടു ഹാളില്‍ കയറിയതിനു ശേഷമാണ് പള്ളി കമ്മറ്റിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ ആ ചെറുപ്പക്കാരനെ യോഗസ്ഥലത്തുനിന്നും പുറത്താക്കി. കാരണം ബാര്‍ബര്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിംങ്ങള്ക്ക് അവിടെ പ്രവേശനമില്ലത്രേ.
അതുകൊണ്ട് അവസാനിച്ചില്ല, മഹല്ല് കമ്മറ്റി സെക്രട്ടറി വ്യക്തമായി കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് ഒരു കമ്മറ്റിയുടെ പേരില്‍ ഒരു കത്തും നല്കി, അത് ഇപ്രകാരമാണ്:-
‘പൂതൂര്‍പള്ളി മുസ്ലീം ജമാഅത്തിന്റെ 2/7/2023ലെ ഒരു പൊതുയോഗത്തില്‍ താങ്കള്‍ സംബന്ധിക്കുകയും പൊതുയോഗ രജിസ്റ്ററില്‍ 83-ാം ക്രമനമ്പരില്‍ പേരും വീട്ടുപേരും എഴുതിവെച്ചിരുന്നു. താങ്കളുടെ പൂര്‍വ്വികരുടെ കാലം മുതലും, അവരുടെ പിന്തുടര്‍ച്ചാവകാശികളും പൊതുയോഗങ്ങളില്‍ സംബന്ധിക്കാറില്ല. നിയമാവലി 16-ാം വകുപ്പ് പ്രകാരം കീഴ്നടപ്പ് അനുസരിച്ച് നിലകൊള്ളുന്ന അംഗങ്ങളാണ്. ഇതിനു വിപരീതമായി താങ്കള്‍ പൊതുയോഗത്തില്‍ സംബന്ധിച്ചത് അറിവില്ലായ്മയായി കണക്കാക്കുന്നു. ഈ നടപടി തുടര്‍ന്ന് ആവര്‍ത്തിക്കരുതെന്ന് അറിയിച്ചുകൊള്ളുന്നു. താങ്കള്‍ ഒപ്പുവെച്ച പൊതുയോഗ ഹാജര്‍ റദ്ദു ചെയ്തിട്ടുള്ളതാണ്’.
ഈ കത്ത് പുറത്തുവിട്ടത് ആ ചെറുപ്പക്കാരന് തന്നെയാണ്. സംഭവം നടന്നിട്ട് രണ്ടാഴ്ച്ചയ്ക്ക് മുകളില്‍ ആയെങ്കിലും പൊതുസമൂഹം ഇങ്ങിനെ ഒരുവാര്‍ത്ത അറിഞ്ഞ ഭാവമില്ല. വ്യക്തമായ ജാതി വിവേചനമാണ് നടന്നത്. പുരോഗന വാദികളെന്ന് ഊറ്റം കൊള്ളുന്ന ഇടതുപക്ഷം മിണ്ടുന്നില്ല. മിണ്ടുവാന്‍ അവര്‍ക്ക് കഴിയില്ല, കാരണം ഇന്ന് കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കുന്നത് കടുത്ത മുസ്ലിം പ്രീണനം നടത്തിയാണ്, അവര്‍ക്ക് ലഭിക്കുന്ന മുസ്ലിം വോട്ടൂബാങ്കില്‍ വിള്ളലുണ്ടാക്കുവാന്‍ പാര്‍ട്ടി തയാറല്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പറയുന്നത് അനുസരിക്കുന്ന അടിമകള്‍ മാത്രമാണ് ഇന്ന് ഇടതുപക്ഷം.
ഏകീകൃത സിവില്‍ നിയമം ചര്‍ച്ചയായിരിക്കുന്ന ഈ അവസരത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെയും ചില മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളിലെയും പ്രൊഫൈലുകളില്‍ കാണുന്ന ബാലിശമായ ഒരു ചോദ്യമുണ്ട്. ഏകീകൃത സിവില്‍ നിയമം വന്നാല്‍ ബ്രാഹ്മണ സമുദായത്തിലുള്ളവര്‍ ദളിത് വിഭാഗത്തിലുള്ളവരുമായി വിവാഹബന്ധം അംഗീകരിക്കുമോ എന്ന്.
ചോദ്യം പ്രസക്തമാണ് എന്ന് ഒറ്റനോട്ടത്തില്‍ തോന്നാം, അത് അവര്‍ മനഃപ്പൂര്‍വം ചോദിക്കുന്നതുമാണ്. ഒരു ബ്രാഹ്മണന് ആരൊക്കെയായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തീരുമാനിക്കുവാനുള്ള അവകാശം അവര്‍ക്കുണ്ട്, ഏത് വിഭാഗത്തില്‍ നിന്നും വിവാഹം കഴിച്ചാലും ഭരണഘടന അനുസരിച്ചുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുണ്ടായിരിക്കും. അവര്‍ക്ക് ഒരാവകാശവും ഭരണഘടന നിഷേധിക്കുന്നില്ല.
ഹൈന്ദവ സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ കാലാകാലങ്ങളായി പരിഷ്ക്കരണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്, ആ സമൂഹത്തില്‍ നിന്നുതന്നെ പരിഷ്ക്കരണ വാദികള്‍ അതിനായി മുന്നിട്ടിറങ്ങുന്നുണ്ട്. എന്നാല്‍ ശബരിമലയില്‍ ആചാരസംരക്ഷണത്തിന് ശ്രമിച്ച സമൂഹത്തിനെതിരെ മതില് പണിതവര്‍ ഇവിടെ നിശബ്ദരായി പരിഹാസ്യരാവുകയാണ്. അന്ന് നവോഥാനമതിലില് അണിചേര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം മുസ്ലിം സമുദായാംഗങ്ങളും ചങ്ങാനാശേരിയില്‍ നടക്കുന്ന നഗ്നമായ ജാതി വിവേചനത്തിനെതിരെ ശബ്ദിക്കുന്നില്ല എന്നത് പൊതുസമൂഹം തിരിച്ചറിയേണ്ട കാര്യമാണ്.
മഹല്ല് കമ്മറ്റി സെക്രട്ടറി തന്നെ പറയുന്നത് അവരുടെ ഭരണഘടനാ പ്രകാരം ബാര്‍ബര്‍, ലബ്ബ വിഭാഗങ്ങള്‍ക്ക് വിലക്കുണ്ട് എന്നും ഭരണഘടനാ പരിഷ്ക്കരണ ചര്‍ച്ചകള്‍ നടന്നപ്പോള്‍ ബഹുഭൂരിപക്ഷം സമുദായാംഗങ്ങള്‍ എതിര്‍ത്തു എന്നുമാണ്. ഈ എതിര്‍ത്തവരും നവോത്ഥാന മതിലില്‍ അണിചേര്ന്നവരായിരിക്കും എന്നതാണ് വിരോധാഭാസം.
ശബരിമലയുടെ കാര്യത്തില്‍ എന്നതുപോലെ മുസ്ലിം സമുദായത്തിന്റെ ആഭ്യന്തര കാര്യമായ ഈ വിഷയത്തില്‍ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇടപെടാന്‍ തയാറാവുമോ? അങ്ങിനെ ഇടപെട്ടാല്‍ നാടിന്റെ അവസ്ഥ എവിടെയെത്തും എന്നത് ചിന്തിക്കുവാന്‍ കഴിയുമോ? മുസ്ലിം സമുദായത്തില്‍ തന്നെയുള്ള പൂശാലന്‍, ഒസ്സാന്, ബാര്‍ബര്‍, ലബ്ബ തുടങ്ങിയ ജാതിപ്പേരുകള്‍ ഹൈന്ദവ സമുദായത്തിലെ ദളിത് വിഭാഗങ്ങളുടെ പേരുകള്‍ കേള്‍ക്കുന്നതുപോലെ അധികം കേട്ടിട്ടുണ്ടാവില്ല. സയ്യിദ്, റാവുത്തര്‍, മാപ്പിള, തങ്ങള്‍ തുടങ്ങിയ പേരുകള്‍ മാത്രമേ നമ്മള് കേട്ടിട്ടുള്ളൂ.
തമിഴ്നാട്ടില്‍ ധാരാളമായുള്ള ഒരു വിഭാഗമാണ് പുതുര്‍ പള്ളിയില്‍ വിലക്കുള്ള ലബ്ബവിഭാഗം. അടിസ്ഥാനപരമായി വണിക്കുകളാണ് ഇവര്‍. ഹൈദരാലിയുടെയും ടിപ്പുവിന്റെയും കാലത്ത് ഇവര്‍ ദക്ഷിണേന്ത്യയില്‍ പലയിടങ്ങളിലേക്ക് സഞ്ചരിക്കുകയും അവിടങ്ങളില്‍ കച്ചവടവും നെയ്ത്തും മറ്റ് തൊഴിലുകളുമായി കഴിഞ്ഞുവരികയും ചെയ്തവരാണ്. മുന്‍കാലങ്ങളില്‍ പള്ളികളില്‍ പുരോഹിതന്മാര് വരെ ആയിരുന്നിട്ടുണ്ട് ലബ്ബമാര്‍. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം പോയപ്പോള്‍ മുസ്ലിം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് പുറന്തള്ളപ്പെട്ടുപോയ കൂട്ടരാണ്. അതൊന്നും ചര്‍ച്ചചെയ്യുവാന്‍ സമൂഹത്തിലെ ഒരു പുരോഗമനക്കാരനും തയാറാവുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: