കോട്ടയത്ത് സംക്രാന്തിയില്‍ ചരക്കു ലോറിയിലെ കയര്‍ കാലില്‍ കുരുങ്ങി കാല്‍നടക്കാരന്റെ ജീവനപഹരിച്ച ദാരുണ സംഭവം നടുക്കവും രോഷവുമുണ്ടാക്കുന്നതാണ്. തമിഴ്നാട്ടില്‍നിന്ന് പച്ചക്കറി കയറ്റിവന്ന ലോറിയില്‍ നിന്ന് കയര്‍ റോഡിലേക്ക് കിടക്കുകയായിരുന്നു. പുലര്‍ച്ചെ ജോലി സ്ഥലത്തേക്ക് പോവുകയായിരുന്ന കട്ടപ്പന സ്വദേശി, പനയക്കഴിപ്പില്‍ താമസിക്കുന്ന മുരളിയുടെ കാലില്‍ കയര്‍ ചുറ്റിയാണ് അപകടം ഉണ്ടായത്. നൂറുമീറ്ററോളം റോഡിലൂടെ ശരീരം വലിച്ചുകൊണ്ടുപോയി. ഒരു വൈദ്യുതി പോസ്റ്റില്‍ ഉടക്കി കാലിന്റെ ഭാഗം മുട്ടിനുകീഴെ വേര്‍പെട്ടുപോയി. അതിദാരുണമായി ജീവന് പൊലിഞ്ഞ ഈ ഹതഭാഗ്യന്റെ ശരീരവും കാലിന്റെ ഭാഗവും വെവ്വേറെയിടങ്ങളില്‍നിന്നാണ് കിട്ടിയതെന്നറിയുമ്പോള്‍ സംഭവത്തിന്റെ ഭീകരത ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കയര്‍ കാണാത്തതിനെ തുടര്‍ന്ന് ലോറിക്കാര് വന്ന വഴിയെ അന്വേഷിച്ചു ചെന്നപ്പോഴാണ് അപകടം നടന്ന വിവരം അറിഞ്ഞതത്രേ. അല്ലായിരുന്നെങ്കില്‍ മരണം സംബന്ധിച്ച ദുരൂഹതകള്‍ അവശേഷിക്കുമായിരുന്നു. ഇതേ ലോറിയുടെ കയര്‍ ബൈക്കില്‍ കുരുങ്ങി ദമ്പതികള്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. ഭാഗ്യംകൊണ്ട് മാത്രമാണ് ഇവര്‍ക്ക് ജീവന് തിരിച്ചുകിട്ടിയത്. മറിച്ചായിരുന്നെങ്കില്‍ വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. പരിക്കുകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. ഇവര്‍ക്ക് ജീവന് നഷ്ടമാകാതിരുന്നതിന് ദൈവത്തോട് നന്ദി പറയാം.
കേരളത്തിന്റെ വലുതും ചെറുതുമായ നിരത്തുകളില്‍ അനുദിനമെന്നോണം അരങ്ങേറുന്ന സംഭവങ്ങളിലൊന്നു മാത്രമാണ് കോട്ടയത്തു നടന്നത്. വാഹനങ്ങളുടെ എണ്ണക്കൂടുതലുമായി താരതമ്യപ്പെടുത്തിയാല്‍ തന്നെ അപകടങ്ങളുടെ അനുപാതം വളരെ കൂടുതലാണെന്ന് കാണാന്‍ കഴിയും. പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഇതിനിടയാക്കുന്നത്. ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയും നിയമങ്ങള്‍ അനുസരിക്കാനുള്ള മടിയും വണ്ടിയോടിക്കുന്നവരുടെ അശ്രദ്ധയും. റോഡിലൂടെ എങ്ങനെ വേണമെങ്കിലും വണ്ടിയോടിക്കാമെന്ന വികലമായ ധാരണയാണ് പലര്‍ക്കുമുള്ളത്. റോഡ് വാഹനങ്ങള്‍ക്കു മാത്രം ഓടാനുള്ളതാണെന്നും, വണ്ടിയിടിക്കാതെ നോക്കേണ്ടത് കാല്‍നടയാത്രക്കാരുടെ ഉത്തരവാദിത്വമാണെന്നും ഏറെക്കുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ട്രാഫിക് സിഗ്നലുകളും സീബ്രാവരകളുമൊന്നും െ്രെഡവര്‍മാര്‍ക്ക് ബാധകമല്ല. തരംകിട്ടിയാല്‍ അവര്‍ നിയമം ലംഘിക്കും. െ്രെഡവര്‍മാരുടെ കൂസലില്ലായ്മയാണ് ഇതിന് കാരണം. തങ്ങളുടെ അശ്രദ്ധ നിരപരാധികളുടെ ജീവനെടുക്കുമെന്ന വിചാരമൊന്നും ഇവര്‍!ക്കില്ല. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് െ്രെഡവിങ്ങിലുള്ള സാമര്‍ത്ഥ്യമായാണ് ഇവര്‍ കാണുന്നത്. എന്തൊക്കെയാണ് ട്രാഫിക് നിയമങ്ങളെന്നും, എങ്ങനെയാണ് വണ്ടിയോടിക്കേണ്ടതെന്നുമുള്ള ബോധവല്‍ക്കരണത്തിന് യാതൊരു കുറവുമില്ല. ഇതിനൊക്കെ പിടിക്കപ്പെട്ടാല്‍ പിഴയടയ്ക്കും. പിന്നെയും യാതൊരു മാറ്റവുമില്ലാതെ നിയമലംഘനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. ജനങ്ങള്‍ ഇതിന്റെ ഇരകളാവാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
ആളെ കൊല്ലുന്ന വാഹനങ്ങളില്‍ ബസ്സുകളും ലോറികളുമാണ് മുന്‍പന്തിയില്‍. ഇതില്‍ തന്നെ നിയന്ത്രണമില്ലാതെ പായുന്ന ട്രക്കുകള്‍ വലിയ അപകടങ്ങളാണ് വരുത്തുന്നത്. ബസ്സപകടങ്ങളില്‍ അധികവും ഉള്‍പ്പെടുന്നത് കെഎസ്ആര്‍ടിസി ബസ്സുകളാണ്. ഒരു നിയന്ത്രണവുമില്ലാതെയാണ് ഇവ ചീറിപ്പായുന്നത്. അപകടങ്ങളുണ്ടാക്കിയാലോ ആളുകള്‍ മരിച്ചാലോ തങ്ങള്‍ ഉത്തരവാദികളല്ലെന്നും കുറ്റക്കാരല്ലെന്നും കെഎസ്ആര്‍ടിസി െ്രെഡവര്‍മാര്‍ കരുതുന്നു. ഏറെപ്പോയാല്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയില്‍ കേസുകള്‍ ഒതുങ്ങുന്നതാണ് കണ്ടുവരുന്നത്. മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവരെ അപേക്ഷിച്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കുന്നവര്‍ക്ക് ആളെക്കൊന്നാലും പ്രത്യേക നിയമപരിരക്ഷയുള്ളതുപോലെയാണ്. ഇതിനെതിരെ പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. നിരവധി പൊതുപ്രശ്നങ്ങളില്‍ സ്വമേധയാ ഇടപെടുന്ന കോടതികളും ഇത് കണക്കിലെടുക്കുന്നില്ല. വാഹനാപകടങ്ങള്‍ അധികവും സംഭവിക്കുന്നത് പുലര്‍ച്ചെയാണ്. ഇതില്‍ വില്ലനാവുന്നത് വണ്ടിയോടിക്കുന്നവരുടെ ഉറക്കവും. ബോധവല്‍ക്കരണംകൊണ്ടുമാത്രം ഇവയൊക്കെ തടയാനാവുമെന്ന് തോന്നുന്നില്ല. എഐ ക്യാമറകള്‍ സ്ഥാപിച്ച് പിഴയീടാക്കിയതുകൊണ്ടും കാര്യമില്ല. അപകടമുണ്ടാക്കുന്നവര്‍ കര്‍ക്കശമായും മാതൃകാപരമായും ശിക്ഷിക്കപ്പെടണം. നിശ്ചിതകാലത്തേക്കെങ്കിലും െ്രെഡവിങ് ലൈസന്‍സ് റദ്ദാക്കണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവരുത്. അപ്പോള്‍ മാത്രമേ മാറ്റം വരുകയുള്ളൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക: