തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളത്തിനുവേണ്ടി ഓരോ മാസവും സമരം ചെയ്യേണ്ട ഗതികേടിലാകുമ്പോള്‍ കോര്പ്പറേഷന് കിട്ടേണ്ട ലക്ഷക്കണക്കിന് രൂപയുടെ വരുമാനം സ്വന്തം പോക്കറ്റുകളിലാക്കി സുഖലോലുപരായി വാഴുകയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍. പരസ്യ ഇനത്തില്‍ വരുമാനമാകേണ്ട പണം കെഎസ്ആര്‍ടിസിക്ക് നല്‍കാതെ കൊള്ളയടിക്കുകയാണ് ഇവര്‍. ഇതിന് ഒത്താശ ചെയ്യുന്നത് വിജിലന്‍സ് പിടിയിലായ ഉദ്യോഗസ്ഥനെന്നത് കെഎസ്ആര്‍ടിസി പരസ്യഏജന്റുമാരുടെ ഇടയിലെ പരസ്യമായ രഹസ്യമാണ്.
ബസുകളില്‍ പതിക്കുന്ന പരസ്യത്തിന്റെ കൃത്യമായ എണ്ണം രേഖപ്പെടുത്താതെ കുറച്ചുകാണിച്ച് ആ പരസ്യങ്ങളുടെ കാശ് കൈക്കലാക്കുകയാണ് ഇത്തരം ഉദ്യോഗസ്ഥര്‍. കഴിഞ്ഞദിവസം വിജിലന്‍സ് പിടിയിലായ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന് മുന്നിലുണ്ട്. ഇതുസംബന്ധിച്ച അന്വേഷണവും വിജിലന്‍സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
നൂറ് ബസുകളില്‍ പരസ്യം ചെയ്താല്‍ 75 എണ്ണം മാത്രമേ രേഖകളില്‍ കാണുകയുള്ളു. ബാക്കി 25 എണ്ണത്തിന്റെ തുക ഈ ഉദ്യോഗസ്ഥര്‍ കൈക്കലാക്കും. പരസ്യം പതിപ്പിച്ച വകയില്‍ ഓരോ ബസിനും ബില്ലുമാറുമ്പോള് 200 രൂപ വീതം ഉദ്യോഗസ്ഥന് കൊടുക്കണം. 10 ശതമാനം കമ്മിഷന് നല്‍കേണ്ടയിടത്ത് 25 ശതമാനം വരെ ഈ ഉദ്യോഗസ്ഥര്‍ അനുവദിച്ചുനല്കുന്നു. 1200 ബസുകള്‍ ഉണ്ടായിരുന്ന ഒരു ഏജന്‍സിക്ക് അതില്‍ കൂടുതല്‍ അനുവദിച്ച് അവരില്‍നിന്ന് കൂടുതല്‍ കമ്മിഷന് കൈപ്പറ്റി.
കൊട്ടാരക്കരയിലെ ഒരു ജുവലറിയുടെ പരസ്യം ചെയ്ത വകയില്‍ ഒരു രൂപപോലും കെഎസ്ആര്‍ടിസിക്ക് കിട്ടിയില്ലെന്ന ആക്ഷേപം നിലനില്ക്കുന്നു. ഒരു പ്രമുഖ വെഡിങ് മാളിന്റെ പരസ്യം ചെയ്തവകയില്‍ നൂറ് പരസ്യത്തിന് 75 പരസ്യം മാത്രമാണ് രേഖകളില്‍ ഉള്ളത്. ബാക്കി 25 എണ്ണത്തിന്റെയും മുഴുവന്‍ തുകയും വിജിലന്‍സി പിടിയിലായ ഉദ്യോഗസ്ഥന് സ്വന്തമാക്കി. രണ്ട് പ്രമുഖ പരസ്യഏജന്‍സികള്‍ക്ക് കമ്മിഷന് വര്‍ധിപ്പിച്ച് നല്കി അവരില്‍ നിന്നും ശതമാനം പറഞ്ഞ് കമ്മിഷന് കൈപ്പറ്റിയിരുന്നതായും അനുവദിച്ച ബസുകളെക്കാള്‍ കൂടുതല്‍ ബസുകള്‍ നല്കി അതിനും കമ്മിഷന് കൈപ്പറ്റിയതായും ഇയാളെക്കുറിച്ച് പരാതിയുണ്ട്.
കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്ന നടപടികള്‍ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ കൂട്ടമായാണ് നടത്തുന്നത്. കൂട്ടത്തിലുള്ള എല്ലാവര്ക്കും അതിന്റെ ഗുണവും ലഭിക്കുന്നു. ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന കമ്മിഷനുകളുടെ പങ്ക് അവര്‍ക്ക് ലഭിക്കുന്നതിനൊപ്പം പലവിധ സേവനങ്ങളായും ഇവര്‍ അനുഭവിക്കുകയാണ്. ഇത്തരം പ്രവൃത്തികള്‍ക്ക് കൂട്ട് നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉദയകുമാറിന്റെ നേതൃത്വത്തില്‍ ഗംഭീര സത്കാരമാണ് ഒരുക്കുന്നത്. അതിന്റെ ചെലവ് പരസ്യഏജന്‍സികളെ കൊണ്ട് വഹിപ്പിക്കും.
നേരത്തെ പറഞ്ഞുറപ്പിച്ച കമ്മീഷനുകള്‍ക്ക് പുറമെയാണിത്. പലപ്പോഴും നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഏജന്‍സികളെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത്. തങ്ങളുടെ പണം കെഎസ്ആര്‍ടിസിയില്‍ കുടുങ്ങിപ്പോയതിനാലും വീണ്ടും കരാറുകള്‍ ലഭിക്കണമെന്നതിനാലും ഉദ്യോഗസ്ഥരെ പിണക്കാതെ ഇവര്‍ ഇതിനൊക്കെ വഴങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: