ന്യൂദല്‍ഹി: പബ്ജി കളിച്ച് പ്രണയത്തിലായ ഇന്ത്യന്‍ യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധമായി നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിയ സീമ ഹൈദറെക്കുറിച്ച് അന്വേഷണം തുടങ്ങി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും. തിങ്കളാഴ്ച സീമ ഹൈദറെ ചോദ്യം ചെയ്ത ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്ക്വാഡിനോട് (എടിഎസ്) കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശദാംശങ്ങള്‍ അന്വേഷിച്ചു. ഇതിന് പുറമെ നേപ്പാള്‍, ഭൂട്ടാന് അതിര്‍ത്തിയുടെ ചുമതലയുള്ള സശസ്ത്ര സീമ ബാല്‍ (എസ്എസ്ബി) പൊലീസിനോടും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സീമ ഹൈദറെക്കുറിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്.
സച്ചിന് മീണ എന്ന നോയിഡ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാന്‍ നേപ്പാള്‍ വഴി നിയമവിരുദ്ധമായാണ് പാകിസ്ഥാനില്‍ വീട്ടമ്മയായിരുന്ന സീമ ഹൈദര്‍ തന്റെ നാല് മക്കളെയും കൂട്ടി ഇന്ത്യയിലെത്തിയത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും നേപ്പാള്‍ അതിര്‍ത്തി കടന്നാണ് സീമ ഹൈദര്‍ യുപിയിലെ നോയ്ഡയില് എത്തിയത്. തുടര്‍ന്ന് കാമുകനായ സച്ചിന് മീണയ്ക്കൊപ്പം ഒരുമിച്ച് താമസം തുടങ്ങുകയായിരുന്നു.
നേരത്തെ സച്ചിനെ വിവാഹം കഴിക്കാനുള്ള വഴി പറഞ്ഞുതരണമെന്ന് കാണിച്ച് സീമ ഒരു അഭിഭാഷകനെ സമീപിച്ചപ്പോഴാണ് സീമയുടെ പക്കല്‍ നിയമാനുസൃത രേഖകളില്ലെന്ന് അഭിഭാഷകന് അറിയുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് സീമയെയും സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
“അതിര്‍ത്തി പൊലീസിന്റെ അംഗീകാരം വാങ്ങാതെ നേപ്പാള്‍ അതിര്‍ത്തി വഴി കണ്ണുവെട്ടിച്ച് എങ്ങിനെ സീമ ഹൈദര്‍ നോയിഡയില്‍ എത്തി? സീമ ഹൈദര്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തി കടന്ന് നോയിഡയിലെത്തി ആരുമറിയാതെ കാമുകനുമൊത്ത് താമസം തുടങ്ങിയതെങ്ങിനെ? പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്താന്‍ സീമയെ സഹായിച്ചത് ആരൊക്കെ?”- ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാനാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രമിക്കുന്നത്.
നേപ്പാള്‍, ഭൂട്ടാന് അതിര്‍ത്തികളുടെ ചുമതല എസ് എസ് ബി പൊലീസിനാണ്. നേപ്പാള്‍,ഭൂട്ടാന് അതിര്‍ത്തികളില്‍ വേലികള്‍ കെട്ടിയിട്ടില്ല. പല തവണ പലരും അന്യോന്യം പോകുന്നതിനാല്‍ ഇവരെ പൂര്‍ണ്ണമായും ശ്രദ്ധിക്കുക എളുപ്പവുമല്ലെന്ന് എസ്എസ്ബി പൊലീസിലെ ഒരു ഉദ്യോഗസ്ഥന് പറയുന്നു. ഒരു ടിവി ഇന്റര്‍വ്യൂവില്‍ സീമ ഹൈദര്‍ താന്‍ കടന്നുവന്ന പാതകളെക്കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്. ഈ പാതകള്‍ കേന്ദ്ര രഹസ്യ ഏജന്‍സികള്‍ പരിശോധിക്കും.
സീമ ഹൈദറുടെ പശ്ചാത്തലവും ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. സീമ ഹൈദറിന്റെ സഹോദരന് പാകിസ്ഥാന് സൈന്യത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് ഈയിടെ വെളിപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഏത് റാങ്കിലാണ് ജോലി ചെയ്യുന്നത്, എന്താണ് പദവി എന്നീ കാര്യങ്ങള്‍ സീമ ഹൈദര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതെല്ലാം കണക്കിലെടുത്ത് ജൂലായ് 16ന് നോയിഡ പൊലീസ് തന്നെ സീമയെയും സച്ചിനെയും പ്രാഥമികമായി ചോദ്യം ചെയ്തത്. ഈ വിവരങ്ങളും രഹസ്യാന്വേഷണ ഏജന്‍സികള്‍ തേടും.
മുസ്ലിമായ ഭര്‍ത്താവിനെ വിട്ട് ഇന്ത്യയിലെ ഹിന്ദുവായ കാമുകനെ വിവാഹം കഴിക്കുകയും ഹൈന്ദവശൈലിയില്‍ ജീവിക്കുകയും ചെയ്യുന്ന സീമ ഹൈദറോടുള്ള പക മൂലം തോക്കുധാരികളായ കൊള്ളക്കാരുടെ സംഘം പാകിസ്ഥാനിലെ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുകയും മറ്റൊരു ഹിന്ദു ക്ഷേത്രം ആക്രമിക്കുകയും ചെയ്തതും വാര്‍ത്തയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: