മാന്നാര്‍ (ആലപ്പുഴ): വെങ്കല ഗ്രാമമായ മാന്നാറില്‍ ചേര്‍ന്ന ലോഹശില്പികളുടെ സമ്മേളനം ശ്രദ്ധേയമായി. തനതു നിര്മാണശൈലിയിലൂടെ ലോകപ്രശസ്തിയാര്‍ജിച്ച മാന്നാറിന്റെ ശില്പ പൈതൃകം കൊള്ളലാഭം കൊതിച്ച് വാണിജ്യവത്കരിക്കപ്പെടുകയാണെന്ന് ശില്പികള് ചൂണ്ടിക്കാട്ടി.
ലോഹശില്പ നിര്‍മിതിയുടെ ഈറ്റില്ലമായ മാന്നാറിന്റെ യശസ് വീണ്ടെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കുമ്മനം രാജശേഖരന് പറഞ്ഞു.
ശില്പികള് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. മൊറാദാബാദില്‍ നിന്നും മറ്റും ഗുണനിലവാരമില്ലാത്ത ലോഹ സാധനങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. ഇത് പരമ്പരാഗതമായി ലോഹശില്പ നിര്‍മാണമേഖലയെ പ്രശ്നത്തിലാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് മോദിസര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
ആറന്മുള കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള ഹാന്‍ഡിക്രാഫ്ട് പ്രൊഡ്യൂസേഴ്സ് കമ്പനിയാണ് ശില്പികളുടെ സമ്മേളനം വിളിച്ചുചേര്‍ത്തത്. മുദ്രാലോണ്‍ വഴി ആര്ട്ടിസാന്സിന് വായ്പ വാങ്ങി ലോഹശില്പ നിര്‍മാണം പുനരുജ്ജീവിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മേളകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവയിലൂടെ മാന്നാര്‍ ശില്പങ്ങള്ക്ക് വിപണി കണ്ടെത്തുനുള്ള കര്‍മ്മപദ്ധതിക്ക് രൂപം നല്കി. ശില്പികള്ക്ക് ഡിസിസിഐ അംഗത്വ കാര്‍ഡ് വിതരണം നടത്തി.
വെങ്കല ശില്പ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും മാന്നാര്‍ വെങ്കല ശില്പ മേഖലയിലെ ചരിത്രവും സംഗമത്തില്‍ അവതരിപ്പിച്ചു. ചടങ്ങില്‍ വിക്രമന് പിള്ള മുഖ്യപ്രഭാഷണം നടത്തി. ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാര്‍, മാന്നാര്‍ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണന്, ക്ലസ്റ്റര്‍ മാനേജര്‍ ഗിരീഷ് നടരാജന്, കമ്പനി കോര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ എത്തിയ ശില്പികള്ക്ക് ഇഡിപി ക്ലാസിന്റെ പങ്കാളിത്തത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: