ആലപ്പുഴ: ജില്ലയിലെ പല സ്ഥലങ്ങളിലും വെള്ളം കയറിയിറങ്ങിയ സാഹചര്യത്തില് വീടുകളിലേക്ക് മടങ്ങിയെത്തുന്നവര് പകര്ച്ചവ്യാധികള്ക്കെതിരെ ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. കക്കൂസുകളില് നിന്നുള്ള മാലിന്യങ്ങളുള്പ്പെടെ കാനകളും, തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാല് കുടിവെള്ള സ്രോതസ്സുകളും വീടും പരിസരവും മലിനമായിരിക്കും. ഇത് എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങള്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പകര്ച്ചവ്യാധികള് പടര്ന്നുപിടിക്കുന്നതിന് ഇടയാക്കും. ദുരിതാശ്വാസ ക്യാമ്പുകളില്നിന്നും മറ്റും അടഞ്ഞുകിടന്ന വീടുകളിലേക്ക് എത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.
മലിന ജലവുമായും കെട്ടിക്കിടക്കുന്ന മഴവെള്ളവുമായും സമ്പര്ക്കത്തിലായവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന് ആരോഗ്യപ്രവര്ത്തകരുടെ നിര്ദ്ദേശപ്രകാരം കഴിക്കണം. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകള് അണുനശീകരണി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. കുടിവെള്ള സ്രോതസ്സുകള് ബ്ലീച്ചിങ് പൗഡര് ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം മാത്രം ഉപയോഗിക്കുക. കിണര്, പൈപ്പ്, ആര്.ഒ പ്ലാന്റ് തുടങ്ങി ഏതു സ്രോതസ്സില് നിന്നാണെങ്കിലും തിളപ്പിച്ചാറിയ ശേഷം മാത്രമേ കുടിവെള്ളം ഉപയോഗിക്കാവൂ.
വൈറല് പനി, എച്ച് 1 എന് 1, കൊവിഡ് തുടങ്ങിയ പകര്ച്ചവ്യാധികള് തടയുവാന് മാസ്ക് ധരിക്കുക. തുറസ്സായ സ്ഥലങ്ങളില് തുപ്പുകയോ മലമൂത്ര വിസര്ജ്ജനം നടത്തുകയോ ചെയ്യരുത്. പനിയോ, മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല് സ്വയം ചികിത്സിക്കാതെ സര്ക്കാര് ആശുപത്രിയില് ചികിത്സ തേടേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.കുട്ടനാട്ടില് അടക്കം വിവിധ പ്രദേശങ്ങളില് ചെളിയും മാലിന്യവും കെട്ടികിടക്കുകയാണ്. പോളയും പായലും മറ്റും ചീഞ്ഞുനാറുന്നു. ഇഴജന്തുക്കളും മറ്റും ചത്ത് അഴുകി കിടക്കുന്നത് പ്രതിസന്ധിയാണ്. തദ്ദേശ സ്ഥാപനങ്ങളുടേ സഹായം മാലിന്യം നീക്കുന്നതിന് വേണമെന്നാണ് ആവശ്യം ഉയരുന്നത്. ബ്ലീച്ചിങ് പൗഡറും മറ്റും ആവശ്യത്തിന് നല്കണമെന്ന് ജനം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: