ന്യൂദല്‍ഹി : 2015-16 മുതല്‍ 2019-21 വരെയുളള കാലയളവില്‍ രാജ്യത്ത് ബഹുവിധ ദാരിദ്ര്യത്തില്‍ കഴിയുന്നവരുടെ എണ്ണം 24.85 ശതമാനത്തില്‍ നിന്ന് 14.96 ശതമാനമായി കുറഞ്ഞു. നീതി ആയോഗ് പുറത്തിറക്കിയ ദേശീയ ബഹുവിധ ദാരിദ്ര്യ സൂചികയിലാണ് ഇക്കാര്യം പറയുന്നത്. അഞ്ച് വര്‍ഷത്തിനിടെ 13.5 കോടി ജനങ്ങള്‍ ബഹുവിധ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി നീതി ആയോഗ് സിഇഒ ബി.വി.ആര്.സുബ്രഹ്മണ്യം പറഞ്ഞു.
2030-ഓടെ രാജ്യം സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പാതയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കാലയളവില്‍ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം 32.59 ശതമാനത്തില്‍ നിന്ന് 19.28 ശതമാനമായി കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
ദരിദ്രരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത് ഉത്തര്‍പ്രദേശാണ്. തൊട്ടുപിന്നില്‍ ബിഹാറും മധ്യപ്രദേശുമാണ്. 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 707 ജില്ലകളിലുമുളള ബഹുവിധ ദാരിദ്ര്യ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ ബഹുവിധ ദരിദ്രരുടെ അനുപാതത്തില്‍ ഏറ്റവും വേഗത്തിലുള്ള കുറവ് ,ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന് എന്നിവിടങ്ങളിലാണ് കാണപ്പെട്ടത്.
പോഷകാഹാരം, സ്കൂള്‍ വിദ്യാഭ്യാസം, ശുചിത്വം, പാചക ഇന്ധനം എന്നിവ ദാരിദ്ര്യം കുറയ്ക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ദേശീയ ബഹുവിധ ദാരിദ്ര്യ സൂചിക ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യം നിര്‍വചിക്കുന്നു. ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ ദാരിദ്ര്യം കണക്കാക്കുകയും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പരിഷ്കരണ പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്ന സമഗ്രമായ അളവുകോലാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: