ന്യൂദല്‍ഹി: പബ്ജി കളിച്ച് പ്രണയത്തിലായ ഇന്ത്യന്‍ യുവാവിനെ വിവാഹം ചെയ്യാന്‍ പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദര്‍ എന്ന യുവതിയുടെ പാക് സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ച് ഉത്തര്‍പ്രദേശിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷണം ആരംഭിച്ചു. ഇതിന്റെ പ്രാഥമിക നടപടി എന്നോണം തിങ്കളാഴ്ച ഉത്തര്‍പ്രദേശ് എടിഎസ് സീമ ഹൈദറെ ചോദ്യം ചെയ്തു തുടങ്ങി. .
യൂണിഫോം ധരിയ്‌ക്കാതെ എത്തിയ ഒരു സംഘം എടിഎസ് ഉദ്യോഗസ്ഥരാണ് തിങ്കളാഴ്ച സീമ ഹൈദറെ ചോദ്യം ചെയ്തത്. സച്ചിന്‍ മീണ എന്ന നോയിഡ സ്വദേശിയായ യുവാവിനെ വിവാഹം ചെയ്യാന്‍ നേപ്പാള്‍ വഴി നിയമവിരുദ്ധമായാണ് വിവാഹിതയായ സീമ ഹൈദര്‍ തന്റെ നാല് മക്കളെയും കൂട്ടി ഇന്ത്യയിലെത്തിയത്. നിയമാനുസൃത രേഖകളില്ലാതെ ഇന്ത്യയില്‍ എത്തിയ യുവതിയെ ആദ്യം ലോക്കല്‍ പൊലീസ് ജൂലായ് നാലിന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി ജാമ്യം അനുവദിച്ചു. അതിന് ശേഷം സീമ ഹൈദര്‍ സച്ചിനെ വിവാഹം ചെയ്തു.
അനുദിനം സീമ ഹൈദറിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. സീമ ഹൈദറിന്റെ സഹോദരന്‍ പാകിസ്ഥാന്‍ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് പറയുന്നു. എന്നാല്‍ ഏത് റാങ്കിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്, എന്താണ് പദവി എന്നീ കാര്യങ്ങള്‍ സീമ ഹൈദര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇതെല്ലാം കണക്കിലെടുത്ത് ജൂലായ് 16ന് നോയിഡ പൊലീസ് തന്നെ സീമയെയും സച്ചിനെയും പ്രാഥമികമായി ചോദ്യം ചെയ്തിരുന്നു.
ഹിന്ദുവായ ഇന്ത്യന്‍ കാമുകനെ വിവാഹം കഴിച്ച് ഹിന്ദുവായി മാറിയ സീമ ഹൈദറോടുള്ള പക മൂലം തോക്കുധാരികളായ കൊള്ളക്കാരുടെ സംഘം പാകിസ്ഥാനിലെ ഒരു ഹിന്ദു ക്ഷേത്രം തകര്‍ക്കുകയും മറ്റൊരു ഹിന്ദു ക്ഷേത്രം ആക്രമിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച റോക്കറ്റ് ലോഞ്ചറുകള്‍ ഉപയോഗിച്ചായിരുന്നു പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ പാകിസ്ഥാനിലെ കൊള്ളക്കാര്‍ ആക്രമണം നടത്തിയത്.
സിന്ധ് പ്രവിശ്യയിലെ കാഷ് മോറില്‍ ഹിന്ദുക്കള്‍ പണിത ക്ഷേത്രത്തിലേക്ക് കൊള്ളക്കാര്‍ തുടര്‍ച്ചയായി വെടിയുതിര്‍ത്തതായി പൊലീസ് ഓഫീസര്‍ ഇര്‍ഫാന്‍ സമ്മോ പറഞ്ഞു. ഏകദേശം എട്ട് മുതല്‍ ഒമ്പതു വരെ തോക്ക്ധാരികളാണ് വെടിയുതിര്‍ത്തത്. വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രം തുറന്നപ്പോഴായിരുന്നു ആക്രമണം. എന്നാല്‍ പൊലീസ് സംഘം എത്തിയതോടെ കൊള്ളക്കാര്‍ ഓടിപ്പോയി.
ഹിന്ദു ചടങ്ങനുസരിച്ച് ഗംഗാസ്നാനം ചെയ്ത ശേഷം സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം ഹൈന്ദവരീതിയില്‍ നടത്താന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് സച്ചിന്റെ കുടുംബം. പാകിസ്ഥാന്‍കാരി സീമയ്‌ക്ക് വയസ്സ് 30 ആണെങ്കിലും സച്ചിന് 25 വയസ്സേ ഉള്ളൂ. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍കാരി ഇന്ത്യയിലെത്തിയത്. തന്റെ സ്ഥലം 12 ലക്ഷം രൂപയ്‌ക്ക് വിറ്റാണ് സീമ ഹൈദര്‍ യുപിക്കാരനായ കാമുകനെ വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി ഇന്ത്യയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: