ന്യൂദല്‍ഹി: വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഒരു ഹർജി അനുവദിച്ചാൽ സമാനമായ പല ഹർജികളും വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ട്രെയിനിന്റെ സ്റ്റോപ്പ് തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സ്റ്റോപ്പ് അനുവദിക്കുന്നത് നയപരമായ തീരുമാനമാണെന്നും വ്യക്തമാക്കി. ഹര്ജിക്കാരന് ആവശ്യപ്പെടുന്നത് വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണം എന്നാണ്. നാളെ മറ്റാരെങ്കിലും രാജധാനി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് എത്തിയാല്‍ കോടതിക്ക് എന്തുചെയ്യാനാകുമെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
നേരത്തെ ഈ ആവശ്യം ഹൈക്കോടതിയും തള്ളിയിരുന്നു. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: