മല്ലപ്പള്ളി:ആനിക്കാട് പഞ്ചായത്തിലെ കാവനാല്‍ കടവ് – നെടുങ്കുന്നം റോഡ് തകര്‍ന്നത് മൂലം യാത്ര ദുരിതം. മാസങ്ങള്‍ക്കു മുമ്പ് നടന്ന മല്ലപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തില്‍ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ നടപടി ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
താറുമാറായി കിടന്ന പടുതോട് – എഴുമറ്റൂര്‍ റോഡിനൊപ്പം കാവനാല്‍ കടവ് – നെടുങ്കുന്നം റോഡും നന്നാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പടുതോട്-എഴുമറ്റൂര്‍ റോഡ് പുനരുദ്ധരിച്ച് ഗതാഗതയോഗ്യമാക്കിയെങ്കിലും കാവനാല്‍ കടവ് – നെടുംങ്കുന്നം റോഡിന്റെ കാര്യത്തില്‍ തീരുമാനമായില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ആനിക്കാട് പഞ്ചായത്തിലെ പ്രധാന പാതയാണിത്.
കാവനാല്‍കടവ് മുതല്‍ നൂറോമ്മാവ് വരെയുള്ള 2 കിലോമീറ്റര്‍ ദൂരമാണ് കൂടുതല്‍ തകര്‍ന്നുകിടക്കുന്നത്. കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള കാല്‍നടയാത്രയും ദുഷ്കരമാണ്. ഇതുമൂലം മറ്റ് വഴികളിലൂടെ കിലോമീറ്ററുകള്‍ അധികദൂരം ചുറ്റേണ്ട സ്ഥിതിയിലാണ് നാട്ടുകാര്‍. റോഡിന്റെ പലഭാഗങ്ങളിലും ടാറിങ് പേരിനു പോലുമില്ല. അടുത്തിടെ പാറ വേസ്റ്റ് കുഴികളില്‍ ഇട്ടെങ്കിലും പൂര്‍ണമായി മൂടിയില്ല.
വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ സ്ഥലം പരിചയമില്ലാത്ത യാത്രക്കാരുടെ വാഹനങ്ങള്‍ കുഴിയില്‍ വീണ് തകരാറിലാകാറുണ്ട്. പൊതുമരാമത്ത്, ജലഅതോറിറ്റി അധികൃതര്‍ റോഡിനോട് കടുത്ത അവഗണനയാണ് കാട്ടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: