തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സിഐടിയു സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടി കുടുംബ ബജറ്റ് താളം തെറ്റിയതിനാല്‍ തടഞ്ഞുവച്ചിരിക്കുന്ന 2021 മുതലുള്ള ക്ഷാമബത്ത എത്രയുംവേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ നോട്ടീസ് ഇറക്കി.
ക്ഷാമബത്ത, ലീവ് സറണ്ടര്‍ തുടങ്ങിയവ നല്‍കാത്തതിനെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതോടെ ഇടത് യൂണിയന് നേതാക്കള്‍ കടുത്ത പ്രതിരോധത്തിലായതിനെ തുടര്‍ന്നാണ് ഇടത് സംഘടന പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ജീവനക്കാരും ഇടതു സംഘടനാംഗങ്ങളാണ്. ക്ഷാമബത്ത വിഷയത്തില്‍ സംസ്ഥാന സിവില്‍ സര്‍വീസിലെ ഇടതു സംഘടനകളുടെ അപ്രമാദിത്തം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സിവില്‍ സര്‍വ്വീസ് രംഗത്തെ സര്‍ക്കാര്‍ തകര്‍ത്തു എന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ബഹുഭൂരിപക്ഷവും കരുതുന്നു. ജീവനക്കാര്‍ ഇടത് യൂണിയന് നോതാക്കളോട് ക്ഷാമബത്ത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങി.
എന്‍ജിഒ സംഘ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ജീവനക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ട്. ജീവനക്കാര്‍ക്ക് കാലതാമസം കൂടാതെ ക്ഷാമബത്ത നല്‍കേണ്ടിവരും.
പതിനാറാം കേന്ദ്ര ധനകാര്യ കമ്മിഷനില്‍ നിന്ന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കുറയാതെ ലഭിക്കണമെങ്കില്‍ നിലവിലെ ശമ്പളം, പെന്ഷന് തുടങ്ങിയവയില്‍ ചെലവ് കൂടി എന്ന് കാണിക്കേണ്ടിവരും. അതുകൊണ്ട് കുടിശ്ശിക ക്ഷാമബത്ത ജീവനക്കാര്‍ക്ക് നല്‍കും. റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ലഭിച്ചിട്ടും കേരളത്തിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നില്ല എന്ന് സൂചിപ്പിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: