കോഴിക്കോട്: പൊതു സിവില്‍ നിയമത്തിനെതിരെ സിപിഎം നേതൃത്വത്തില്‍ കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനകള്‍. എന്നാല്‍ വ്യക്തിനിയമങ്ങള്‍ കാലാനുസൃതമായി മാറ്റംവരുത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു സെമിനാറില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ സഭാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടത്.
പൊതു സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും മതത്തില്‍ മാറ്റം വരുത്തേണ്ടത് തുറന്ന ചര്‍ച്ചയിലൂടെ വേണമെന്നുമായിരുന്നു സെമിനാര്‍ ഉദ്ഘാടനം ചെയ്ത സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞത്. ലിഗസമത്വത്തിന് വ്യക്തിനിയമത്തില്‍ മാറ്റം വരണം. എന്നാല്‍ ആരിലും അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല ഏക വ്യക്തിനിയമം. അതതു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാകണം പരിഷ്കരണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ലിംഗസമത്വം, വ്യക്തിനിയമം എന്നീ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നായിരുന്നു സെമിനാറില്‍ പങ്കെടുത്ത മുസ്ലിം സംഘടനകളുടെ ഏക അഭിപ്രായം. വ്യക്തിനിയമം ദൈവികമാണെന്നും അതില്‍ കൈകടത്താന്‍ സൃഷ്ടികര്‍ത്താവിനല്ലാതെ മറ്റാര്‍ക്കും അധികാരമില്ലെന്നുമായിരുന്നു സെമിനാറില്‍ സംസാരിച്ച ടി.കെ. അഷറഫിന്റെ (വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്) വാദം.
മുസ്ലിം സംഘടനകള്‍ക്ക് പോലും വ്യക്തിനിയമത്തില്‍ കൈവയ്ക്കാന്‍ അവകാശമില്ല. സ്ത്രീകള്‍ക്ക് തുല്യത എന്നത് അവകാശം നിഷേധിക്കലല്ല. സ്ത്രീക്ക് തുല്യ അളവില്‍ സ്വത്ത് നല്‍കാത്തത് അവകാശ നിഷേധമല്ല. മറിച്ച് പുരുഷന് സ്ത്രീയുടെ കൂടുതല്‍ ഉത്തരവാദിത്തമേറ്റെടുക്കുകയാണ് ചെയ്യുന്നത്. സ്ത്രീക്ക് ബാധ്യത കുറയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത് അദ്ദേഹം അവകാശപ്പെട്ടു.
സംവരണ കാര്യത്തില്‍ പരമാവധി 50 ശതമാനം എന്ന പരിധി മറികടന്ന് 69 ശതമാനമെന്നാക്കി മാറ്റി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ തമിഴ്നാട് മുഖ്യമന്ത്രി അണ്ണാദുരെയുടെ മാതൃകയില്‍ പ്രതിപക്ഷ കക്ഷികള്‍ ഭരണം നടത്തുന്ന 14 സംസ്ഥാനങ്ങള്‍ മാതൃക കാണിക്കണമെന്ന് എംഇഎസ് നേതാവ് ഡോ. ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.
മുക്കം ഉമ്മര്‍ ഫൈസി (സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ), സി. മുഹമ്മദ് ഫൈസി (കേരള മുസ്ലിം ജമാഅത്ത്), ടി.പി. അബ്ദുല്ലക്കോയ മദനി (കെഎന്‍എം പ്രസിഡന്റ്), സി.പി. ഉമ്മര്‍ സുല്ലമി (മര്‍കസ് ദുവ ജന. സെക്രട്ടറി), ഫാ. ജന്‍സണ്‍ മോണ്‍സിലോര്‍ പുത്തന്‍വീട്ടില്‍ (ലത്തീന്‍ സഭ, കോഴിക്കോട് രൂപത), റവ. ഡോ. ടി.എ. ജെയിംസ് (സിഎസ്ഐ), ഫാ. ജോസഫ് കളരിക്കല്‍ (താമരശ്ശേരി രൂപതി) എന്നിവരും പങ്കെടുത്തു. കെ.പി. രാമനുണ്ണി അധ്യക്ഷത വഹിച്ചു. എളമരം കരീം, എം.വി. ശ്രേയംസ് കുമാര്‍, ജോസ് കെ. മാണി, ഇ.കെ. വിജയന്, സന്തോഷ് അരയാക്കണ്ടി, പുന്നല ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇടത് വേദികളില്‍ സ്ഥാനം പിടിച്ചിരുന്ന മുസ്ലിം വനിതാ നേതാക്കള്‍ക്ക് വേദിയില്‍ സ്ഥാനം നല്‍കാത്തത് വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: