മുള്ളേരിയ: കര്‍ണാടകയില്‍ നിന്ന് മദ്യം ഒഴുകുമ്പോഴും ചെക്ക്പോസ്റ്റുകള്‍ നോക്കു കുത്തിയായി മാറുന്നുവെന്ന് ആക്ഷേപം. പരിശോധനയ്ക്കായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും പരിശോധന കാര്യക്ഷമമല്ലെന്ന് ആക്ഷേപം.
പലപ്പോഴും കാസര്‍കോട് എക്സൈസ് സ്ക്വാഡ് അല്ലെങ്കില്‍ സര്‍ക്കിള്‍ സംഘം പരിശോധന നടത്തി കടത്ത് സംഘത്തെ പിടികൂടുന്നതെല്ലാതെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടക്കുന്നില്ലെന്നതാണ് സത്യം. പരിശോധന നടക്കാത്തത് കാരണം മദ്യം കടത്തുന്ന സംഘത്തിന് എളുപ്പത്തില്‍ ലക്ഷ്യ സ്ഥലത്ത് എത്തുവാന്‍ കഴിയുന്നുവെന്നാണ്ആരോപണം. ആഡംബര കാറുകളിലും പച്ചക്കറി, പലവ്യഞ്ജന കടത്ത് വാഹനങ്ങളിലുമാണ് കര്‍ണാടകയില്‍ നിന്ന് മിക്കപ്പോഴും മദ്യമെത്തുന്നത്. കാസര്‍കോട് ബിവറേജ് ഔട്ട്ലറ്റുകള് തുറന്ന് പ്രവര്ക്കുന്നുണ്ടെങ്കിലും വില കുറഞ്ഞ മദ്യത്തിന്റെ ലഭ്യത കുറയുന്നതും അയല്‍ സ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന മദ്യക്കടത്ത് സംഘത്തിന് അനുഗ്രഹമായി മാറുന്നു.
മദ്യക്കടത്തിനായി പുത്തന്‍ വാഹനങ്ങള്‍ വാങ്ങിയ സംഘവുമുണ്ട്. നേരത്തെ കൂലിവേലയ്ക്കു പോയിരുന്ന പലരും നിലവില്‍ മദ്യവില്പനയിലും ഏര്‍പ്പെട്ടിരിക്കുന്നു.കര്‍ണാടകയില്‍നിന്ന് 50 രൂപയ്ക്ക് ലഭിക്കുന്ന ഗുണനിലവാരമില്ലാത്ത മദ്യം കടത്തികൊണ്ട് വന്ന് 170, 200 രൂപയ്ക്കാണ് വില്‍ക്കുന്നത്. അതിര്‍ത്തിയിലെ പെര്‍ളയിലും ആദൂരിലും എക്സൈസ് ചെക്ക് പോസ്റ്റുകള്‍ നിലവിലുണ്ടെങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം.കൂടാതെ തീവണ്ടിയിലും ബസുകളിലും വന്‍തോതില്‍ മദ്യം കടത്തുന്നുണ്ട്. യാത്രക്കാര്‍ ഇരിക്കുന്ന സീറ്റുകളുടെ അടിയില്‍ ചാക്കുകളില്‍ കെട്ടിവെച്ചിട്ടുണ്ടാവും. പിടിക്കപ്പെട്ടാല്‍ അതിന്റെ ഉടമസ്ഥനെ പലപ്പോഴും കിട്ടാറില്ല.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികവും മദ്യം പിടിക്കപ്പെടുന്നത്. ഒറ്റുകാരില്ലാതെ കടത്തപ്പെടുന്ന മദ്യം പിടികൂടുന്നത് അപൂര്‍വ്വം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: