Categories: Samskriti

പയോവ്രതമാഹാത്മ്യവും വാമനാവതാരവും

ശ്രീമദ് ഭാഗവതം അഷ്ടമസ്‌കന്ധത്തില്‍ പതിനാറാം അധ്യായത്തിലാണ് പയോവ്രത മാഹാത്മ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

Published by

ഇറക്കത്ത് രാധാകൃഷ്ണന്‍

ശ്രീമദ് ഭാഗവതം അഷ്ടമസ്‌കന്ധത്തില്‍ പതിനാറാം അധ്യായത്തിലാണ് പയോവ്രത മാഹാത്മ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. മഹാബലി ദേവലോകം കീഴടക്കിയപ്പോള്‍ ദേവന്മാര്‍ പലഭാഗത്തും ഓടി ഒളിച്ചു. ദേവഗുരു ബൃഹസ്പതി ഇന്ദ്രനോട് ഇങ്ങനെ പറഞ്ഞു; ശത്രുവിന്റെ ഉന്നതിക്ക് കാരണം ഞാനറിയുന്നു. വേദജ്ഞരായ ശുക്രചാര്യരും ശിഷ്യരും അവരുടെ തേജസ്സ് ബലിക്കായി നല്‍കിയിരിക്കുന്നു. ശ്രീഹരിക്കു മാത്രമെ  ബലിയെ തോല്പിക്കാന്‍ കഴിയൂ. അതിനാല്‍ എല്ലാവരും ദേവലോകത്തു നിന്നും മാറി നില്‍ക്കുവിന്‍. ശത്രുവിന് ക്ഷീണമുണ്ടാകുന്നതുവരെ മാറി നില്‍ക്കണം. അല്ലെങ്കില്‍ ബലി അവരെ ഇല്ലായ്മ ചെയ്യും.  

ഗുരുവിന്റെ വാക്കു കേട്ടതിനാല്‍ ഇന്ദ്രാദികള്‍ രക്ഷപ്പെട്ടു. ദേവന്മാരുടെ അവസ്ഥയില്‍ വേദനിച്ച ദേവമാതാവ് അദിതി ഭര്‍ത്താവായ കശ്യപനെ സമീപിച്ചു. എന്റെ മക്കള്‍ക്ക് നഷ്ടപ്പെട്ട സ്വര്‍ഗം തിരികെ ലഭിക്കാനുള്ള ഉപായം ചെയ്തു തരിക. ഇതിന് മറുപടിയായി കശ്യപന്‍ പറഞ്ഞത് സര്‍വതിനും കാരണക്കാരനായ ഭഗവാന്‍ വാസുദേവനെ ഭജിക്കൂ എന്നായിരുന്നു. ദീനരൂടെ ഭക്തിയില്‍ അദ്ദേഹം എല്ലാം സഫലമാക്കും. എങ്ങനെയാണ് വ്രതം നോല്ക്കുന്നതെന്നും അദിതി ചോദിച്ചു.  അതിനുത്തരമായി ബ്രഹ്മാവ് നല്കിയ പയോവ്രതത്തെക്കുറിച്ചുള്ള അറിവ് അദിതിക്ക് ഉപദേശിച്ചു.

ഫാല്‍ഗുനമാസത്തിലെ (മീനമാസം) ശുക്ലപക്ഷത്തില്‍ പാല്‍മാത്രം മൂന്നുനേരം കുടിച്ച് ഭക്തിയോടുകൂടി ഭഗവാനെ പൂജിച്ച്  നിലത്തുറങ്ങണം. സാധിക്കുമെങ്കില്‍ വാവു നാളുകളില്‍ നദിയില്‍ ചെന്ന് പന്നികുത്തിയിളക്കിയ മണ്‍തരി തേച്ച് സ്‌നാനം ചെയ്യണം. ഭൂമീദേവിയെ വരാഹമൂര്‍ത്തി രസാതലത്തില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടുവന്നു. വരാഹമൂര്‍ത്തിയായ ഭഗവാന് എന്റെ നമസ്‌കാരം- ഞങ്ങളുടെ  പാപം ഇല്ലായ്മ ചെയ്യണേ.  ഇങ്ങനെ പന്ത്രണ്ട് നാള്‍ ഭഗവാന്‍ വിഷ്ണുവിന്റെ അവതാരകഥകളോര്‍ത്ത് ഭക്തിയോടെ പ്രാര്‍ത്ഥിക്കണം.  ദ്വാദശാക്ഷരമന്ത്രം (ഓം നമോ ഭഗവതേ വാസുദേവായ) ജപിച്ച് പൂജിക്കണം. പന്ത്രണ്ട് ദിവസം ബ്രഹ്മചര്യത്തോടു കൂടി കഴിയണം. മൂന്ന് നേരങ്ങളില്‍  സ്‌നാനം, ക്ഷീരഭോജനം, നിലത്ത് കിടക്കല്‍ ഇവയോടെ വ്രതം അനുഷ്ഠിക്കണം. ഈ വ്രതം സര്‍വ തപസ്സിന്റെയും സര്‍വദാനങ്ങളുടെയും സര്‍വവ്രതങ്ങളുടെയും ഫലം നല്‍കുന്നതാണ്.  ശ്രീഹരി പ്രത്യക്ഷനായി എല്ലാ ആഗ്രഹങ്ങളും നല്‍കുന്നതാണ്.

വാമനാവതാരം

വ്രതാനുഷ്ഠാനത്തിന്റെ ശക്തിയില്‍ ഭഗവാന്‍ ഹരി പീതവസ്ത്രധാരിയായും ശംഖ്ചക്രഗദാപത്മങ്ങളോടുകൂടിയ ചതുര്‍ബാഹുവായും അദിതിയുടെ മുമ്പില്‍ പ്രത്യക്ഷനായി. ദേവി ഭഗവാനെ നമസ്‌കരിച്ചു. ദേവമാതാവിന് ഉറക്കെ സ്തുതിക്കാന്‍ പോലും ഭക്തിമൂലം കഴിഞ്ഞില്ല. എങ്കിലും സങ്കടം ഉണര്‍ത്തിച്ചു. ദീന രക്ഷകനായ ഭഗവാനെ ഞങ്ങളുടെ ദീനത ഇല്ലാതാക്കി സൗഖ്യത്തെ പ്രദാനം ചെയ്യണേ, അജ്ഞാനത്തേയും സര്‍വ്വദുഃഖങ്ങളെയും ഇല്ലാതാക്കുന്നവനും സജ്ജനങ്ങളുടെ ഇഷ്ടതോഴനുമായ  അങ്ങേയ്‌ക്കായി എന്റെ നമസ്‌കാരം. സര്‍വവും പ്രദാനം ചെയ്യാന്‍ കഴിവുള്ള ദേവാ, ആയുസ്സ്, സമ്പത്ത്, സ്വര്‍ഗം, ഭൂമി, പാതാളം, യോഗസിദ്ധികള്‍, ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍, പരമമായ ജ്ഞാനം തുടങ്ങിയേതും നല്‍കാന്‍ കഴിവുള്ള ദേവാ എന്നില്‍ പ്രസാദിക്കണേ.

ദേവിയുടെ ഭക്തിയില്‍ ഭഗവാന്‍ പറഞ്ഞു. ഇപ്പോള്‍ അസുരവീരന്‍മാര്‍ ജ്ഞാനികളായ വിപ്രന്മാരുടെ സംരക്ഷണത്തില്‍ കഴിയുകയാണ്. അതിനാല്‍ പരാക്രമം കാണിച്ചാല്‍ പ്രയോജനമില്ല. ദേവിയുടെ പുത്രന്മാരുടെ രക്ഷക്കായി ഞാന്‍ കശ്യപാത്മജനായി പിറന്ന് ശത്രുക്കളെ പരാജയപ്പെടുത്താം. ഞാന്‍ ഭര്‍ത്താവില്‍ വസിക്കുന്നു എന്ന് മനസ്സിലാക്കി അദ്ദേഹത്തെ സേവിക്കുക. ഈ രഹസ്യം ആരോടും പറയരുത്. ദേവകാര്യങ്ങള്‍ രഹസ്യമായി തന്നെ സാധിക്കേണ്ടതാകുന്നു. ഇത് മനസ്സിലാക്കി അദിതി കശ്യപനെ ഭക്തിയോടുകൂടി ശുശ്രൂഷിച്ച് ശുഭ മുഹൂര്‍ത്തത്തില്‍ വീര്യത്തെ അദിതിയുടെ ഗര്‍ഭത്തില്‍ ആധാരം ചെയ്തു. ബ്രഹ്മാവ് തുടങ്ങിയ സകലദേവന്മാരും ഭഗവാനെ പ്രാര്‍ത്ഥിച്ചു. സകല ജീവജാലങ്ങള്‍ക്കും പ്രജാപതിയായ ഞങ്ങള്‍ക്കും കാരണഭൂതനായ ഭഗവാനേ സാഗരത്തില്‍ അലയുന്നവര്‍ക്ക് ഒരു കപ്പലെന്നപ്പോലെ ആശ്രയസ്ഥാനമായി നില്‍ക്കുന്ന അങ്ങേയ്‌ക്ക് നമസ്‌കാരം.

ഭഗവാന്റെ ജനന സമയത്ത് ദിക്കുകളും ജലാശയങ്ങളും ഋതുക്കള്‍ സ്വഭാവഗുണങ്ങളോടുകൂടിയിരുന്നു.  ത്രിലോകര്‍ സന്തുഷ്ടരായി. ഭഗവാന്‍  പീതാംബരധാരിയായും താമരദളം പോലെ മനോഹരമായനേത്രങ്ങളോടെ ശംഖ്, ചക്രം, ഗദ, പത്മം എന്നിവ നാല് കൈകളില്‍ ധരിച്ചും  ശ്യാമളവര്‍ണത്തോടുകൂടിയ ശരീരത്തോടും മകരകുണ്ഡലങ്ങളോടും ശോഭിക്കുന്ന വദനാംബുജവും മാറിടത്തില്‍ ശ്രീവത്സവും, കൈവളകള്‍  തോള്‍ വളകള്‍ കിരീടം, കാലുകളില്‍ നൂപുരങ്ങള്‍, വനമാല, കൗസ്തുഭ മാല, എന്നിവ ധരിച്ചും പ്രത്യക്ഷനായി.  ശ്രാവണമാസത്തിലെ (ചിങ്ങമാസം) ശുക്ലപക്ഷ ദ്വാദശി നാളില്‍ അഭിജിത്ത് മഹൂര്‍ത്തത്തില്‍ തിരുവോണം നാളില്‍ ഭഗവാന്‍ അവതരിച്ചു. മധ്യാഹ്നസമയത്തെ അവതാരംകണ്ട് ഗന്ധര്‍വന്മാര്‍, അപ്‌സരസ്സുകള്‍, മുനിമാര്‍, പിതൃക്കള്‍, ദേവന്മാര്‍, ചാരണന്മാര്‍ വിദ്യാധരന്‍മാര്‍, കിംപുരുഷന്മാര്‍, കിന്നരന്മാര്‍, യക്ഷന്മാര്‍, രക്ഷസ്സുകള്‍, ഗരുഡന്‍ തുടങ്ങി എല്ലാ ഉത്തമന്മാരും, നാഗശ്രേഷ്ഠന്മാരും, ഭഗവാനെ സ്തുതിച്ചു.  ഈ രൂപം മാതാപിതാക്കള്‍ നോക്കി

നില്‍ക്കെ ഭഗവാന്‍ ഹ്രസ്വനായ ഒരു ബ്രാഹ്മണകുമാരനായി തീര്‍ന്നു. ബൃഹസ്പതി സൂര്യഗായത്രി ജപിച്ച് യജ്ഞസൂത്രം ധരിപ്പിച്ചു. കശ്യപന്‍ മേഖല അരയില്‍ അണിയിച്ചു. ഭൂമീദേവി കൃഷ്ണാജിനവുംം, ചന്ദ്രന്‍ ഒരു ദണ്ഡും അദിതി കൗപീനവും ദ്യോവ് ഛത്രവും ബ്രഹ്മാവ് കമണ്ഡലുവും കുമാരന് നല്കുകയുണ്ടായി. സരസ്വതി അക്ഷമാലയും, കുബേരന്‍ ഭിക്ഷാപാത്രവും ഉമാദേവി ഭിക്ഷാന്നവും സമര്‍പ്പിച്ചു. ഇപ്രകാരമുള്ള എല്ലാ സല്‍ക്കാരങ്ങളും  വാങ്ങിയാണ് വാമനരൂപം പൂണ്ട ഭഗവാന്‍ തേജസ്സിനെ ഉയര്‍ത്തി ബലിയുടെ സമീപത്തേയ്‌ക്ക് പുറപ്പെട്ടത്. മഹാബലി ബ്രാഹ്മണകുമാരനെ സ്വാഗതം ചെയ്തു. എന്താണ് ഞാന്‍ അങ്ങേയ്‌ക്ക് ചെയ്തു തരേണ്ടതെന്ന് ചോദിച്ചു. അങ്ങയുടെ സ്പര്‍ശം കൊണ്ട്  ഭൂമി വരെ പരിശുദ്ധമാക്കപ്പെട്ടിരിക്കുന്നു. അവിടന്ന് അര്‍ത്ഥിയാണെന്ന് ഊഹിക്കുന്നു. പശുവോ സ്വര്‍ണ്ണമോ ഗൃഹമോ അന്നമോ കന്യകയോ ഗ്രാമങ്ങളോ കുതിരകളോ ആനകളോ തേരുകളോ എന്തായാലും അതിനെ ഞാന്‍ നല്‍കുന്നതാണ്.

ഇങ്ങനെ അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെടുത്ത് യുക്തികൊണ്ടും ബുദ്ധികൊണ്ടും ത്രിവിക്രമനായി നിന്നുകൊണ്ട് മഹാബലിയെ പരാജയപ്പെടുത്തുകയും അദിതി മാതാവിന്റെ സങ്കടങ്ങളകറ്റി, ദേവന്മാരുടെ രക്ഷകനായി തീരുകയും ചെയ്തു. ഓം നമോ ഭാഗവതേ വാസുദേവായ!!

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by