തിരുവനന്തപുരം: ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് വിജയികളെ ആദരിക്കുന്നതിനായി സങ്കല്പ് ഐഎഎസ് കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച സാദരം 2023 ചടങ്ങില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി പുതിയ സിവില്‍ സര്‍വീസുകാരെ അഭിസംബോധന ചെയ്തു.
മുന്‍കാല ബി.ജെ.പി ഇതര ഭരണകൂടങ്ങളുടെ രീതികളില്‍ നിന്ന് വ്യതിചലിച്ച് സേവനത്തിന് പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാരില്‍ ചേരുകയാണ് ഇപ്പോഴത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്ന്രാ ജീവ് ചന്ദ്രശേഖര്‍ തന്റെ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.
‘നിങ്ങള്‍ പൊതുസേവനത്തില്‍ പ്രവേശിക്കുന്നത് തന്നെ സമഗ്രത, അനുകമ്പ, മികവ് എന്നിവയുടെ സന്ദേശവുമായയാണ്, അത് അങ്ങനെ തന്നെ ആയിരിക്കുകയും വേണം. നമ്മുടെ രാഷ്ട്രം ഇന്ന് അഭൂതപൂര്‍വമായ ഒരു പരിവര്‍ത്തന ഘട്ടത്തിലാണ്. നമ്മുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഒരു കാലഘട്ടത്തിലാണ് നിങ്ങള്‍ നമ്മുടെ രാജ്യത്തെ സേവിക്കുന്നതിലേക്ക് പ്രവേശിക്കുന്നത്.
കഴിഞ്ഞ 9 വര്‍ഷമായി നമ്മുടെ ഭരണ സംസ്കാരം ഏറെ ആഴത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സേവനമെന്നത് ഈ ഗവണ്മെന്റിന്റെ ആഴത്തില്‍ വേരൂന്നിയ ഒരു സംസ്കാരമായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പവര്‍ ബ്രോക്കിംഗ്, സ്വര്‍ണ്ണ കള്ളക്കടത്ത് എന്നിവയില്‍ നിന്ന് പൊതുജന സേവനത്തിലേക്കും രാജ്യത്തെ സേവിക്കുന്നതിലേക്കും മാറിയിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
2014ന് മുമ്പ് ജനാധിപത്യത്തെ ബാധിച്ചിരുന്ന ഭരണപരമായ പോരായ്മകളുടെ പാരമ്പര്യം മാറ്റുന്നതില്‍ നിലവിലെ ഗവണ്മെന്റിന്റെ ശ്രമങ്ങളെ രാജീവ് ചന്ദ്രശേഖര്‍ ഉയര്‍ത്തിക്കാട്ടി. ഗവണ്മെന്റിനും പൗരന്മാര്ക്കും ഇടയില്‍ വിശ്വാസം വളര്‍ത്തുന്നതില്‍ ട്രസ്റ്റികള്‍ എന്ന നിലയില്‍ സിവില്‍ സര്‍വീസുകാര്‍ക്കുള്ള നിര്‍ണായക പങ്കിനെ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പരിവര്‍ത്തനം സുഗമമാക്കുന്നതില്‍ സാങ്കേതികവിദ്യയുടെയും നൂതനത്വത്തിന്റെയും സുപ്രധാന പങ്ക് അദ്ദേഹം സൂചിപ്പിച്ചു.
അഴിമതി നിറഞ്ഞ് നിര്‍ജ്ജീവമായിരുന്ന 2014 വരെയുള്ള ഇന്ത്യയല്ല ഇന്നുള്ളത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാങ്കേതികതയുടെ ദശകം ടെക്കേഡ് തന്നെ രൂപപ്പെട്ടിരിക്കുകയാണ്’ രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക മേഖലയുടെ സംഭാവന 2027 ഓടെ ജിഡിപിയുടെ 20 ശതമാനത്തിലധികമാകുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെയും നൂതനാശയങ്ങളുടെയും പ്രഭാവം ഇപ്പോള്‍ സമ്പദ്വ്യവസ്ഥയിലും ജീവിതശൈലിയിലും ഗവണ്മെന്റിലും തുടങ്ങി എല്ലാ മേഖലകളിലും കാണാനാകുമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ ആനുകൂല്യങ്ങള്‍ ചോര്‍ച്ചയില്ലാതെ അവരിലേക്ക് എത്തുന്നുണ്ടെന്ന് കേന്ദ്ര ഗവണ്മെന്റ് ഉറപ്പാക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ മാധ്യമങ്ങളുടെ വരവോടെ, സുതാര്യതയും സൂക്ഷ്മപരിശോധനയും വര്‍ധിച്ചുവെന്നും അതിനാല്‍ യുവ സിവില്‍ സര്‍വീസുകാരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് മികച്ച പ്രകടനം നടത്താന്‍ അവരെ പ്രാപ്തരാക്കുമെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.
ഹരിയാന മുന്‍ ചീഫ് സെക്രട്ടറി ഡോ. പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് വിജയിച്ചാലും ഭരണരംഗത്തു വിജയിക്കാന്‍ മികവു മാത്രം പോര സമഗ്രതയും അനുകമ്പയും അനിവാര്യമാണെന്ന് പ്രസന്നകുമാര്‍ പറഞ്ഞു. അഭിഭാഷക പരിഷത്ത് ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. രാജേന്ദ്രന്, ജനം സിഇഒ ഗിരീഷ്മേനോന്‍, സംസ്കൃത കോളജ് അസി. പ്രൊഫ. ഡോ. ലക്ഷ്മിവിജയന്‍, ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് ഡോ. ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഈ വര്‍ഷം കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് നേടിയവരെയും അവരുടെ രക്ഷിതാക്കളെയും കേന്ദ്രമന്ത്രി പൊന്നാടയണിയിച്ചു. സിവില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സി.വി. ഗോപിനാഥ്, ഡോ. കെ.പി. ഔസേപ്പ്, ഡോ. രാജശ്രീ എസ്. തമ്പി, സൈനിക ഉദ്യോഗസ്ഥരായിരുന്ന കേണല്‍ ആര്.ജി. നായര്‍, കേണല്‍ ഡിന്നി എന്നിവരെയും മന്ത്രി ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: