തിരുവനന്തപുരം: രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച അരി അനിവാര്യമാണെന്ന് യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗാം ന്യൂട്രീഷന്‍ ആന്‍ഡ് സ്കൂള്‍ ഫീഡിങ് യൂണിറ്റ് മേധാവി ഡോ. ശാരിഖ യുനിസ് ഖാന്. സമ്പുഷ്ടീകരിച്ച അരിവിതരണം സംബന്ധിച്ച് സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പും യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്പശാലയില് സംസാരിക്കുകയായിരുന്നു അവര്‍.
സമ്പുഷ്ടീകരിച്ച അരി സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. അരിയില്‍ അയണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 ,സിങ്ക്, തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ ഉപയോഗിച്ച് സമ്പുഷ്ടീകരിക്കുക വഴി ദരിദ്ര വിഭാഗങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കഴിയും. കഴുകുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷ്മ പോഷകങ്ങള്‍ നഷ്ടപ്പെടാത്ത വിധത്തിലാണ് സമ്പുഷ്ടീകരിച്ച അരി തയ്യാറാക്കുന്നത്. അതിനാല്‍ സമ്പുഷ്ടീകരിച്ച അരി പാകം ചെയ്യുന്നതിന് പ്രത്യേക രീതി ആവശ്യമില്ല. പാചകം ചെയ്യുന്നതിനുമുമ്പ് അരി കഴുകി വൃത്തിയാക്കി ഉപയോഗിച്ചാല്‍ മതിയെന്നും ഡോ. ശാരിഖ യുനിസ് ഖാന് പറഞ്ഞു.
ശരീരത്തിന് ആവശ്യമായ അളവിലുള്ള സൂക്ഷ്മ പോഷകങ്ങള്‍ മാത്രമേ സമ്പുഷ്ടീകരിച്ച അരിയിലൂടെ ലഭിക്കുകയുള്ളൂവെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന് വകുപ്പ് മേധാവി ഡോ. യു. അനുജ പറഞ്ഞു. 100 കിലോ അരിയില്‍ ഒരുകിലോ സമ്പുഷ്ടീകരിച്ച അരികലര്ത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ സമ്പുഷ്ടീകരിച്ച അരി കഴിച്ചാല്‍ സൂക്ഷ്മപോഷകങ്ങളുടെ അളവ് ശരീരത്തില്‍ കൂടി മറ്റ് അസുഖമുണ്ടാകുമെന്ന ധാരണ തെറ്റാണെന്നും ഡോ.അനൂജ പറഞ്ഞു.
റേഷനിങ് കണ്ട്രോളര് കെ. മനോജ് കുമാര്‍, യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗാം (ഫോര്‍ട്ടിഫൈഡ്) സീനിയര്‍ പ്രോഗ്രാം അസോസിയേറ്റ് പി.റാഫി, എഫ്സിഐ ഡെപ്യുട്ടി മാനേജര്‍ ഹര്‍ഷ്കുമാര്‍, ഭക്ഷ്യസുരക്ഷ വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ എസ്. അജി, ബ്ലൂപ്രിന്റ് സിഇഒ ബേബി പ്രഭാകരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: