ആര്.കെ.സിംഗ്
കേന്ദ്ര വൈദ്യുതി മന്ത്രി
മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ ഊര്‍ജ മേഖലയില്‍ ശ്രദ്ധേയമായ പരിവര്‍ത്തനം സാധ്യമായിട്ടുണ്ട്. നിരന്തര ലോഡ്ഷെഡിംഗിന്റെയും വൈദ്യുതി കമ്മിയുടെയും നാളുകള്‍ ഇന്ന് ചരിത്രമാണ്. 2014-15ന് മുമ്പ് 4.5% ആയിരുന്നു വൈദ്യുതി വിതരണത്തിലെ കമ്മി. 2014-ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം, 185ജിഗാവാട്ട് ഉത്പാദന ശേഷി കൂട്ടിച്ചേര്‍ക്കപ്പെട്ടു. വൈദ്യുതി കമ്മിയില്‍ നിന്ന് വൈദ്യുതി മിച്ച രാജ്യമാക്കി ഇത് ഇന്ത്യയെ മാറ്റി. രാജ്യത്തെ മൊത്തം സ്ഥാപിത ശേഷിയാകട്ടെ 417 ഏണ ആയി ഉയര്‍ന്നിരിക്കുന്നു. ഏറ്റവും ഉയര്‍ന്ന ആവശ്യകതയായ 222 ജിഗാവാട്ടിന്റെ ഇരട്ടിയോളം വരുമിത്. തത്ഫലമായി ഇന്ത്യയിപ്പോള്‍ അയല്‍രാജ്യങ്ങളിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യുകയാണ്.
പ്രസരണ മേഖലയിലും കാര്യമായ പുരോഗതിയുണ്ടായി. 2013നു ശേഷം, ഏകദേശം രണ്ട് ലക്ഷം സര്‍ക്യൂട്ട് കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന വിപുലമായ പ്രസരണ ലൈനുകളുടെ ഒരു ശൃംഖല സ്ഥാപിക്കപ്പെട്ടു. ഇതിലൂടെ ഒരൊറ്റ ആവൃത്തിയില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത ഗ്രിഡിലേക്ക് രാജ്യത്തെ മുഴുവനായി ബന്ധിപ്പിക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഈ പ്രസരണ ലൈനുകള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. സമുദ്രനിരപ്പില്‍ നിന്ന് 15,000/16,000 അടി ഉയരത്തിലുള്ള ശ്രീനഗര്‍ ലേ ലൈന്‍ ഉള്‍പ്പെടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ ലൈനുകള്‍ കടന്നു പോകുന്നു. രാജ്യത്തിന്റെ ഒരു കോണില്‍ നിന്ന് മറ്റൊരു കോണിലേക്ക് വൈദ്യുതി കൈമാറാനുള്ള ശേഷി 2014ല്‍ 36 ജിഗാവാട്ട് മാത്രമായിരുന്നത് 112 ജിഗാവാട്ട് ആയി മെച്ചപ്പെട്ടതോടെ ഇന്ത്യ ഒരു ഏകീകൃത ഊര്‍ജ വിപണിയായി മാറി. രാജ്യത്തുടനീളമുള്ള ഉത്പാദക കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ഇത് വിതരണ കമ്പനികളെ സഹായിക്കുന്നു. നിരക്കുകള്‍ മത്സരാധിഷ്ഠിതമായത് വൈദ്യുതി നിരക്ക് കുറയാന്‍ കാരണമായി.
വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിലാണ് സര്‍ക്കാര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് 67 വര്‍ഷത്തിന് ശേഷം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതു വരെ 18,000-ലധികം ഗ്രാമങ്ങളിലും കുഗ്രാമങ്ങളിലും വൈദ്യുതി എത്തിയിരുന്നില്ല. 1,000 ദിവസത്തിനുള്ളില്‍ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യമാണ് 2015 ഓഗസ്റ്റില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മലയോര മേഖലകളിലെയും മരുഭൂപ്രദേശങ്ങളിലെയും ലോജിസ്റ്റിക് വെല്ലുവിളികള്‍ അതിജീവിച്ച് വെറും 987 ദിവസങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിച്ചു. മുന്‍നിശ്ചയിച്ചതിനെക്കാള്‍ 13 ദിവസം നേരത്തെ കൈവരിച്ച ഈ നേട്ടം, 2018 ല്‍ ഊര്‍ജ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയായി അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി അംഗീകരിച്ചു.
ഈ വിജയം ഊര്‍ജ്ജമാക്കി മാറ്റി എല്ലാ വീടുകളും വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടു. കേവലം 18 മാസത്തിനുള്ളില്‍ 2.86 കോടി ഭവനങ്ങളില്‍ വൈദ്യുതിയെത്തിച്ചുകൊണ്ട് ലക്ഷ്യം കൈവരിക്കാനായിയെന്നത് ശ്രദ്ധേയമാണ്. വൈദ്യുതി ലഭ്യതയുടെ ദ്രുതഗതിയിലുള്ള വിപുലീകരണം ഊര്‍ജ മേഖലയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമാണ്. ഇതാണ് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ അംഗീകാരത്തിന് രാജ്യം പാത്രമാകാന്‍ കാരണം. ഒരാള്‍ പോലും പിന്തള്ളപ്പെട്ടു പോകരുത് എന്നതാണ് മോദി സര്‍ക്കാരിന്റെ നയം.
വിതരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് രണ്ട് ലക്ഷം കോടി രൂപയിലധികം അനുവദിച്ച് സര്‍ക്കാര്‍ സമഗ്ര പദ്ധതികള്‍ നടപ്പാക്കി. പുതിയ സബ്സ്റ്റേഷനുകളുടെ നിര്‍മ്മാണം, നിലവിലുള്ളവയുടെ നവീകരണം, ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കല്‍, ആയിരക്കണക്കിന് കിലോമീറ്റര്‍ ലോ ടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍ ലൈനുകളുടെ നിര്‍മാണവും മാറ്റിസ്ഥാപിക്കലും എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ നടപടികള്‍ ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി ലഭ്യത ഗണ്യമായി മെച്ചപ്പെടുത്തി. 2015 ല്‍ 12 മണിക്കൂറായിരുന്ന ശരാശരി വൈദ്യുതി ലഭ്യത ഇപ്പോള്‍ 22.5 മണിക്കൂറായി വര്‍ദ്ധിച്ചു. നഗരപ്രദേശങ്ങളില്‍ ഇപ്പോള്‍ ശരാശരി 23.5 മണിക്കൂര്‍ വൈദ്യുതി ലഭിക്കുന്നു. ഇത് കാരണം ഡീസല്‍ ജനറേറ്ററുകളുടെ വിപണി ഇപ്പോള്‍ അന്ത്യത്തോടടുക്കുകയാണ്!
പുനരുപയോഗ ഊര്‍ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പരിസ്ഥിതിയോടുള്ള പ്രതിബദ്ധത സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. 2022-ഓടെ 175 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യമാണ് 2015ല്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. നിലവില്‍ 172 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി ഇന്ത്യ സ്ഥാപിച്ചിട്ടുണ്ട്. 84 ജിഗാവാട്ട് അധിക ശേഷി നിര്‍വ്വഹണ ഘട്ടത്തിലാണ്. ലോകമെമ്പാടുമുള്ള പ്രധാന ഫണ്ടുകളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് പുനരുപയോഗ ഊര്‍ജ ശേഷിയുടെ കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. 2030-ഓടെ അകെ ശേഷിയുടെ 40% പുനരുപയോഗ ഊര്‍ജമെന്ന നേട്ടം, മുന്‍നിശ്ചയിച്ചതിനും ഒമ്പത് വര്‍ഷം മുമ്പ് ഇന്ത്യ കൈവരിച്ചു. നിലവില്‍, സ്ഥാപിത വൈദ്യുതി ഉത്പാദന ശേഷിയുടെ 43% അഥവാ 180 ജിഗാവാട്ട്, ഫോസില്‍ ഇതര ഇന്ധന സ്രോതസ്സുകളില്‍ നിന്നാണ്.
ബഹിര്‍ഗമന തീവ്രത കുറയ്ക്കുന്നതിലും സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. 2005 ലെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബഹിര്‍ഗമന തീവ്രത 33%-35% കുറയ്ക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിലൂടെ, ആഗോള താപനിലയിലെ വര്‍ദ്ധന 2 ഡിഗ്രിക്ക് താഴെ നിയന്ത്രിച്ചു നിര്‍ത്തുകയെന്ന ലക്ഷ്യം കൈവരിച്ച ഏക ജി20 രാഷ്ട്രമായും പ്രധാന സമ്പദ്വ്യവസ്ഥയായും ഇന്ത്യ സ്ഥാനമുറപ്പിച്ചു. ഉജാല, പെര്‍ഫോം, അച്ചീവ് ആന്‍ഡ് ട്രേഡ്, ഗൃഹോപകരണങ്ങള്‍ക്കുള്ള സ്റ്റാര്‍ റേറ്റിംഗ് പദ്ധതി, എനര്‍ജി സേവിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പ്രതിവര്‍ഷം 159 ദശലക്ഷം ടണ്‍ കുറയ്ക്കാന്‍ സഹായിച്ചു. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങളിലെ ഊര്‍ജ സംരക്ഷണം ലക്ഷ്യമിട്ടുള്ള ബില്‍ഡിംഗ് കോഡുകള്‍ ഈ ദിശയിലെ മറ്റൊരു പ്രധാന ചുവടുവെപ്പാണ്. 2005 ലെ നിലവാരത്തെയപേക്ഷിച്ച്, 2030 ഓടെ നമ്മുടെ കാര്‍ബണ്‍ ബഹിര്‍ഗമനം ഒരു ബില്യണ്‍ ടണ്ണും, സമ്പദ്വ്യവസ്ഥയുടെ ഊര്‍ജ തീവ്രത 45 ശതമാനവും കുറയ്ക്കുമെന്ന് നാം പ്രതിജ്ഞയെടുത്തു കഴിഞ്ഞു. 2030ന് മുമ്പ് ഇരുലക്ഷ്യങ്ങളും നാം കൈവരിക്കും.
വൈദ്യുതി മേഖലയിലാകെ സമഗ്രമായ പരിഷ്കാരങ്ങള്‍ ഇതിനോടകം നടപ്പാക്കിയിട്ടുണ്ട്. ഏറ്റവും കാര്യക്ഷമമായ ജനറേറ്റിംഗ് സ്റ്റേഷനുകള്‍ ആദ്യം ഷെഡ്യൂള്‍ ചെയ്യപ്പെടുന്നതിലൂടെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവ് കുറഞ്ഞു. റിയല്‍-ടൈം മാര്‍ക്കറ്റ് അവതരിപ്പിച്ചതിലൂടെ വൈദ്യുതി വിപണി വികസിച്ചു. പുനരുപയോഗ ഊര്ുത്തിനായി പ്രത്യേക ടേം എഹെഡ്, ഡേ-എഹെഡ് മാര്‍ക്കറ്റ് എന്നിവയും സ്ഥാപിച്ചു. ഊര്‍ജ പരിവര്‍ത്തനത്തിനായുള്ള ശ്രമങ്ങളുടെ ഭാഗമായി, താപോര്‍ജ നിലയങ്ങളില്‍ പുരുപയോഗ ഊര്‍ജവും ബയോ-മാസ് കോ-ഫയറിംഗും അനുവദിച്ചിട്ടുണ്ട്. 100കിലോ വാട്ട് അല്ലെങ്കില്‍ അതിന് മുകളില്‍ കണക്റ്റഡ് ലോഡുള്ള ഏതൊരു ഉപഭോക്താവിനും അത്തരം പ്ലാന്റുകളില്‍ നിന്ന് പുനരുപയോഗ ഊര്‍ജം ലഭിക്കും. ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയിലൂടെ സോളാര്‍ പിവി സെല്‍ നിര്‍മ്മാണത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിലൂടെ ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനത്തെയും പിന്തുണയ്ക്കുന്നു. തകര്‍ച്ചയിലായിരുന്ന ജലവൈദ്യുത മേഖല, ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഏകദേശം 15കിലോ വാട്ട് ശേഷിയിലൂടെ വീണ്ടും ഊര്‍ജസ്വലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: