കോഴിക്കോട്: ‘എഴുത്താണ് ജീവന്, പണ്ടത്തെപ്പോലെ എഴുതാന്‍ ഇപ്പോള്‍ കഴിയുന്നില്ല. എങ്കിലും എഴുത്തിന്റെ ലോകം സജീവം തന്നെയാണ്. എഴുത്തിന്റെ ചുറ്റുപാടില്‍ നിന്ന് മനസ്സും ചിന്തയും ഒരിക്കലും വേര്‍പിരിയുന്നില്ല. എഴുത്തില്ലാതെ നമ്മളില്ല. എഴുത്താണ് ഏറ്റവും പ്രധാനം.’ ഈ പിറന്നാള്‍ ദിനത്തില്‍ ജന്മഭൂമി വായനക്കാരോട് എന്താണ് പറയാനുള്ളത് എന്നു ചോദിച്ചപ്പോള്‍ എംടിയുടെ മറുപടി ഇങ്ങനെ…
കൊട്ടാരം റോഡ് സിതാരയില്‍ പിറന്നാള്‍ ആഘോഷത്തിന്റെ ചിട്ടവട്ടങ്ങളൊന്നുമില്ലെങ്കിലും ആശംസകളുമായെത്തിയവരോട് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് സംസാരിച്ചുകൊണ്ടിരുന്നു. കര്‍ക്കടകത്തിലെ ഉത്തൃട്ടാതിയാണ് എം.ടി. വാസുദേവന്‍ നായരുടെ ജന്മനക്ഷത്രം. എന്നാല്‍ ഇംഗ്ലീഷ് മാസമനുസരിച്ച് ഇന്നലെയായിരുന്നു പിറന്നാള്‍.
പിറന്നാള്‍ ഒരിക്കലും ആഘോഷിച്ചിട്ടില്ലെന്ന് എംടി പറഞ്ഞു. പിറന്നാളാഘോഷത്തിന്റെ സൗന്ദര്യം അനുഭവിക്കാനാവുക ബാല്യകാലത്താണ്. എന്നാല്‍ കുട്ടിക്കാലത്ത് ജന്മദിനം ആഘോഷിച്ചിട്ടേയില്ല. ആഘോഷങ്ങള്‍ക്ക് പറ്റിയ പരിതസ്ഥിതിയായിരുന്നില്ല അന്ന്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടാണ് അന്നത്തെ ജീവിതം. കര്‍ക്കടകം പഞ്ഞമാസമാണല്ലോ. ദാരിദ്ര്യത്തിന്റെ തീവ്രമായ സാന്നിധ്യം ഒരിക്കലും കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ല. രണ്ടുനേരം അരിയാഹാരം കിട്ടുന്നത് തന്നെ വലിയ കാര്യം. ചിലപ്പോള്‍ അത് ഒരിക്കലായി ചുരുങ്ങും. അരി കിട്ടാനുണ്ടാവില്ല. പാടത്ത് നെല്ല് വിളഞ്ഞിട്ടുമുണ്ടാവില്ല. അപ്പോള്‍ പിറന്നാള്‍ ആഘോഷത്തെപ്പറ്റി ചിന്തിക്കാനേ പറ്റില്ല. എന്റെ മാത്രമല്ല, വീട്ടില്‍ ഏട്ടന്മാരുടെ പിറന്നാളും ആഘോഷിക്കാറില്ല. അത്തരത്തിലുള്ള ഓര്‍മയേയില്ല. പിറന്നാള്‍ ഓര്ത്തന്നുതന്നെ വരില്ല. ഇപ്പോള്‍ എല്ലാവരും മുന്‍കൈയെടുക്കുന്നു. ഞാനും അതില്‍ പങ്ക് ചേരുന്നു. എംടി പറഞ്ഞു. എഴുത്തിന്റെ വഴിയില്‍ എന്തെങ്കിലും ചെയ്യാനായതാണ് സൗഭാഗ്യം. ഒരു നോവല്‍ എഴുതുന്നുണ്ട്. താമസിയാതെ പൂര്‍ത്തിയാക്കണം എന്നാണ് വിചാരിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ച്ചു.
നാടിന്റെ നാനാഭാഗത്തുനിന്ന് അതിഥികള്‍, ആരാധകര്‍ വന്നുകൊണ്ടിരിക്കുന്നു. അവരോട് ചുരുങ്ങിയ വാക്കുകളില്‍ കുശലം പറഞ്ഞ് എംടി ഇരിക്കുന്നു. ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും പേരക്കുട്ടി മാധവും എംടിയുടെ നവതിദിനത്തെ ആസ്വാദ്യമാക്കി വീട്ടിലുണ്ട്.
മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യമന്ത്രിയും ഫോണില്‍ ആശംസകളറിയിച്ചു. സീതാറാം യെച്ചൂരി, മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി.എ. മുഹമ്മദ് റിയാസ്, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ തുടങ്ങി നിരവധി പേര് വീട്ടിലെത്തി ആശംസകളറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: