കൊല്ലം: ചികിത്സയുടെ പേരില്‍ നാട്ടാനകളെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള നീക്കം പ്രതിഷേധത്തിനിടയായതോടെ തീരുമാനത്തില്‍ നിന്ന് പിന്മാറാനൊരുങ്ങി ആന ഉടമസ്ഥര്‍. തൃശ്ശൂര്‍, കൊല്ലം സ്വദേശികളായ ആന ഉടമസ്ഥരാണ് ആനകളെ സംസ്ഥാനത്തിന് പുറത്തേക്ക് വിടേണ്ടതില്ലെന്ന് തീരുമാനിച്ചത്.
നാട്ടാന കടത്തിനെക്കുറിച്ച് ജന്മഭൂമി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുകൊണ്ടു വന്നതിന് പിന്നാലെയാണ് തീരുമാനം. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിരവധി ക്ഷേത്രങ്ങളും ആന പ്രേമികളും പ്രതിഷേധം അറിയിച്ചിരുന്നു.
നാട്ടാനകള്‍ ഗണ്യമായി കുറഞ്ഞ കേരളത്തില്‍ നിന്ന് ആനകള്‍ പുറത്തേക്ക് പോകുന്നതോടെ സംസ്ഥാനത്തെ ഉത്സവ എഴുന്നള്ളത്തുകള്‍ക്കും പൂരങ്ങള്‍ക്കും ആനകളെ ലഭിക്കാതെയാകും.
അതേസമയം, സര്‍ക്കാരിന്റെ പക്കലുള്ള ആനകളെ മറ്റു സംസ്ഥാനങ്ങളിലെ പരിചരണ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന വാര്‍ത്ത വനം മന്ത്രി കെ. ശശീന്ദ്രന്റെ ഓഫീസ് നിഷേധിച്ചു. അത്തരമൊരു നീക്കം സര്‍ക്കാര്‍ ആലോചനയിലില്ലെന്നും തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന സുവോളജി പാര്‍ക്കിലേക്കും മറ്റ് മൃഗശാലകളിലേക്കും വനം വകുപ്പിന്റെ സംരക്ഷണ കേന്ദ്രങ്ങളിലുള്ള വിവിധതരം മൃഗങ്ങളെ എത്തിക്കാനുള്ള യോഗ തീരുമാനം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ആന പ്രേമികളുടെയും ക്ഷേത്ര ഭാരവാഹികളുടെയും ആരോപണം വസ്തുതാ വിരുദ്ധമാണെന്നും വനം മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ട്രസ്റ്റിന്റെ ആന പരിപാലന കേന്ദ്രത്തിലേക്ക് ചികിത്സയ്‌ക്കെന്ന പേരില്‍ സംസ്ഥാനത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകളെ കൈമാറാനാണ് നീക്കം നടന്നത്. കോടികള്‍ വിലപറഞ്ഞായിരുന്നു നീക്കം. ഇതിനെതിരെ സംസ്ഥാനത്തെ ഒരു വിഭാഗം ആന ഉടമകള്‍ രംഗത്ത് എത്തിയതോടെയാണ് നീക്കം പുറത്തറിഞ്ഞത്.
















