തിരുവനന്തപുരം: പന്ത്രണ്ടുലക്ഷത്തോളം വരുന്ന പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി അവഗണിക്കുകയാണെന്നും ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും ധനസഹായവും തടഞ്ഞുവയ്‌ക്കുന്നതായും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ പറഞ്ഞു.
ലംപ്‌സം ഗ്രാന്റും പ്രതിമാസ സ്റ്റൈഫന്റും ഉള്‍പ്പെടെയുള്ള ധനസഹായങ്ങളാണ് മൂന്നുവര്‍ഷമായി തടഞ്ഞുവച്ചിരിക്കുന്നത്. ഇതിനുവേണ്ടി ബജറ്റില്‍ നീക്കിവയ്‌ക്കുന്ന തുക എങ്ങോട്ടുപോയെന്ന് കണ്ടെത്തണം. തുക വകമാറ്റി ചിലവഴിക്കുകയോ ചിലരുടെ പോക്കറ്റുകളിലേക്കെത്തുകയോ ചെയ്യുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്നതിനെക്കാള്‍ വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. മൂന്നുവര്‍ഷമായി 380 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിലെ പട്ടിക ജാതിപട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തെ സംബന്ധിച്ചുള്ള സമഗ്രമായ അന്വേഷണം നടക്കണമെന്നും പി. സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ മൂന്നുവര്‍ഷത്തിലൊരിക്കല്‍ വര്‍ധിപ്പിക്കണമെന്ന് 1991 ലെ ബാബു വിജയനാഥന്‍ കമ്മിഷന്റെ നിര്‍ദേശം 1993ലെ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. എന്നാല്‍ ഇതുവരെ നടപ്പാക്കാന്‍ തയാറായിട്ടില്ല. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് തുടങ്ങി രണ്ടാഴ്ചയ്‌ക്കുള്ളില്‍ 1130 രൂപ ലംപ്‌സംഗ്രാന്റായും പ്രതിമാസം 750 രൂപ സ്റ്റൈഫന്റും ഉള്‍പ്പെടെ പ്രതിവര്‍ഷം 8630 രൂപയാണ് കിട്ടേണ്ടത്. രണ്ടരലക്ഷത്തോളം വരുന്ന പോസ്റ്റ്‌മെട്രിക് വിദ്യാര്‍ത്ഥികള്‍ക്ക് ഈ തുക കൊടുക്കുന്നില്ല. 40,000 ത്തോളം പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ വീതമാണ് നല്‌കേണ്ടത്. അതും പിടിച്ചുവച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് എത്രരൂപയാണ് നിയമപരമായി കിട്ടേണ്ടതെന്ന് കുട്ടികള്‍ക്ക് അറിയുകയുമില്ല.
എല്‍പി, യുപി കുട്ടികള്‍ക്കും ആനുകൂല്യങ്ങള്‍ കിട്ടിയിട്ടില്ല. കേരളത്തില്‍ പട്ടികജാതിവര്‍ഗ വിദ്യാര്‍ത്ഥികളെ പടിയടച്ച് പിണ്ഡം വയ്‌ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ പട്ടികജാതി വിദ്യര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വ്യാപകമാണ്.
കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം സംസ്ഥാനത്ത് ഇല്ല. കൊവിഡ് കാലത്ത് ഡിജിറ്റല്‍ ക്ലാസുകള്‍ക്കുള്ള സംവിധാനമില്ലാതെ രണ്ട് കുട്ടികള്‍ മലപ്പുറത്ത് ആത്മഹത്യ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്. ആദിവാസി വിദ്യര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുമെന്നും പി.സുധീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: