മുംബൈ: ബീഹാറിലെ പ്രതിപക്ഷപ്പാര്‍ട്ടികളുടെ കൂട്ടായ്മ നടന്നതിന് ശേഷം മോദി അസ്വസ്ഥനാണെന്ന് വിമര്‍ശിച്ച ശരത് പവാറിന് മണിക്കൂറുകള്‍ക്കകം സ്വന്തം ജീവിതം തന്നെ അസ്വസ്ഥതകളുടെ ചുഴിയില്‍ അകപ്പെടുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. മരുമകന് അജിത് പവാറിന്റെ വിമത കലാപം, ശരത് പവാറിനെതിരെ പരസ്യമായി ആഞ്ഞടിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍, ഭാര്യയുടെ രോഗാവസ്ഥ…. അസ്വസ്ഥതകളുടെ തോരാമഴയേറ്റ് തളരുകയാണ് ശരത് പവാര്‍.
പ്രതിപക്ഷപാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരില്‍ നടക്കാന്‍ പോകുന്നത് പ്രഖ്യാപിക്കാന്‍ വേണ്ടി ജൂണ്‍ 29ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ശരത് പവാര്‍ മോദിയെ അളവില്ലാതെ വിമര്‍ശിക്കാന്‍ അവസരം വിനിയോഗിച്ചത്.
അധികം വൈകാതെ മരുമകന് അജിത് പവാര്‍ എന്‍സിപി വിട്ട് ബിജെപി-ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. അതിന് പിന്നാലെ ഏറ്റവും പ്രിയപ്പെട്ട അനുയായി എന്ന് കരുതിയ പ്രഫുല്‍ പട്ടേല്‍ വരെ ബിജെപി പക്ഷത്തേയ്ക്ക് നീങ്ങി എന്നറിഞ്ഞപ്പോള്‍ ശരത് പവാര്‍ എന്ന ചാണക്യന് ശരിക്കും തളര്‍ന്നു. അജിത് പവാര്‍ ഉള്‍പ്പെടെയുള്ള ഒമ്പത് എന്‍സിപി എംഎല്‍എമാര്‍ അന്ന് ബിജെപി നേതാവ് ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെക്കുറിച്ച് വീറോടെ പ്രസംഗിച്ച ശരത് പവാറിന് ജീവിതം കൊടുത്ത് കെട്ടിപ്പടുത്ത സ്വന്തം പാര്‍ട്ടിയുടെ അടിത്തറ തന്നെ തകര്‍ന്നുപോകുന്ന അനുഭവമാണ് ഉണ്ടായത്.
വെള്ളിയാഴ്ച അജിത് പവാറുള്‍പ്പെടെ ഒമ്പത് വിമത എന്‍സിപി എംഎല്‍എമാര്‍ക്കും മന്ത്രിസ്ഥാനം കൂടി നല്‍കിയതോടെ കൂടുതല്‍ എന്‍സിപി എംഎല്‍എമാര്‍ മറുപക്ഷത്തേക്ക് പോകുമെന്ന് കാര്യം ഉറപ്പായി. എന്‍സിപി അനുയായികള്‍ വര്‍ഷങ്ങളായി സ്നേഹത്തോടെ കാക്കി എന്ന് വിളിക്കുന്ന ശരത് പവാറിന്റെ ഭാര്യ പ്രതിഭ പവാര്‍ ഗുരുതര രോഗാവസ്ഥയെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നത് ശരത് പവാറിന് വലിയ ആഘാതമായിരുന്നു. മരുമകന്റെ ബിജെപി സഖ്യത്തിലേക്കുള്ള പോക്ക് മാത്രമല്ല, ശരത് പവാറിനെതിരെ നടത്തിയ പ്രസംഗവും ശരത് പവാറിനും കുടുംബത്തിനും വലിയ ആഘാതമായിരുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പല പാര്‍ട്ടികളെയും പിളര്‍ത്തുകയും പല സര്‍ക്കാരുകളെയും അട്ടിമറിക്കുകയും ചെയ്യുന്നതിലൂടെ സ്വന്തം രാഷ്ട്രീയ വളര്‍ച്ച ഭദ്രമാക്കിയ ശരത് പവാറിന് ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ പ്രതീക്ഷിക്കാന്‍ കഴിയാത്ത ആഘാതമാണ് കിട്ടിയത്. ഒരിയ്ക്കലും ഉണങ്ങാത്ത മുറിവും. സ്വന്തം പാര്‍ട്ടിയിലെ മലരും ചുഴിയും ഒതുക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്നതിനിടയില്‍ മോദിയെ വിമര്‍ശിക്കാന്‍ അതിന് ശേഷം പവാറിന് ഒഴിവ് സമയം കിട്ടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: