ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക മേഖലയില്‍ സമൂല മാറ്റമാണ് ഉണ്ടായതെന്നും അതിന്റെ ഗുണഫലം കര്‍ഷകരിലേക്കെത്തിക്കുന്നതിന് വേണ്ടിയാണ് സഹകരണ മന്ത്രാലയം രൂപീകരിച്ചതെന്നും കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി അമിത് ഷാ. വയലില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് ലാഭം എന്നതാണ് സഹകരണ മന്ത്രം.
സഹകരണ മേഖലയിലെ കര്‍ഷക ഉത്പാദന സംഘടനകളെ(എഫ് പി ഒ) കുറിച്ചുളള ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍(പി എ സി എസ്) മുഖാന്തരം 1100 പുതിയ കര്‍ഷക ഉത്പാദന സംഘടനകള്‍ രൂപീകരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും പ്രകാശനം ചെയ്തു.
65 കോടിയോളം ജനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വലിയ രാജ്യത്തില്‍ സഹകരണ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും അതില്‍ സുതാര്യത കൊണ്ടുവരികയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമായി മാറിയെന്ന് അമിത്ഷാ പറഞ്ഞു. കാര്‍ഷിക മേഖലയിലും ഗ്രാമീണ വികസനത്തിലും സഹകരണ പ്രസ്ഥാനത്തിലൂടെ മാത്രമേ ഓരോ വ്യക്തിയെയും അഭിവൃദ്ധിയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സഹകരണ മന്ത്രാലയം നിരവധി പദ്ധതികള്‍ കൊണ്ടുവന്നതായി കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് എഫ് പി ഒകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.
വരും ദിവസങ്ങളില്‍, കൃഷി മന്ത്രാലയവും സഹകരണ മന്ത്രാലയവും, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, കര്‍ഷക ഉത്പാദന സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവയിലൂടെ ത്രിതല ഗ്രാമവികസനവും സമൃദ്ധിയും എന്ന ലക്ഷ്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിയാണ്.ഈ മൂന്ന് മേഖലകളും കൂട്ടായി രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 18 ശതമാനമാനം പ്രദാനം ചെയ്യുന്നു. സഹകരണ ഈ മേഖലകളെ ശക്തിപ്പെടുത്തിയാല്‍ ജിഡിപിക്കൊപ്പം തൊഴിലവസരങ്ങളും വര്‍ധിക്കുമെന്നും അമിത് ഷാ പറഞ്ഞു.
നിലവില്‍ 11,770 കര്‍ഷക ഉത്പാദന സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഇതിലൂടെ വരുമാന വര്‍ധനയുണ്ടായി. യുവാക്കള്‍ക്കിടയില്‍ കൃഷി ലാഭകരമായ ബിസിനസായി രൂപപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെ 12 കോടി കര്‍ഷകരില്‍ ഇത്തരമൊരു ആത്മവിശ്വാസം വളര്‍ത്തിയാല്‍ കാര്‍ഷികോല്‍പ്പാദനം മാത്രമല്ല, മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കൃഷിയുടെ സംഭാവനയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയില്‍ മോദി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. 26 സംസ്ഥാനങ്ങള്‍ അംഗീകരിച്ച പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തിന്റെ നിയമാവലി തയാറാക്കി. ഇപ്പോള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ക്ഷീര, മത്സ്യത്തൊഴിലാളി സമിതിയായി പ്രവര്‍ത്തിക്കാനാകും. പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി,പൊതുസേവന കേന്ദ്രം, കുറഞ്ഞ വിലയില്‍ മരുന്ന് വിപണന കടകള്‍, ധാന്യ വിപണന കേന്ദ്രം എന്നിവ നടത്താനുമാകും.ഗ്രാമങ്ങളിലെ ‘ഹര്‍ ഘര്‍ ജല്‍ കമ്മിറ്റി’ യുടെ കീഴില്‍ ജല പരിപാലനത്തില്‍ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് കഴിയുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: