ഏക സിവില്‍ കോഡ് വിഷയത്തില്‍ മതന്യൂനപക്ഷങ്ങള്‍ വലിയ ആശങ്കയിലാണെന്ന് മുഖ്യമന്ത്രി. ഇതിനെതിരെ കേരളം ഏക ശബ്ദമാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നു. ഒരുപടികൂടി കടന്നാണ് പി.ബി. അംഗം എ. വിജയരാഘവന്റെ അഭിപ്രായം. അദ്ദേഹം പറയുന്നു. ‘ഹിന്ദുത്വരാഷ്‌ട്രീയം ഏക സിവില്‍കോഡുമായി വരുമ്പോള്‍ അതിനെ എതിര്‍ക്കാനും മതനിരപേക്ഷ മനുഷ്യരെ അണിനിരത്തി പ്രതിരോധിക്കാനും ഇടതുപക്ഷം എന്നും മുന്നിലുണ്ടാകും. ആര്‍എസ്എസിന്റെ വര്‍ഗീയ രാഷ്‌ട്രീയത്തെ ജീവന്‍ കൊടുത്തും എതിര്‍ക്കുക എന്നുള്ളതില്‍ ഞങ്ങള്‍ക്ക് ഒരു നയമേ ഉള്ളൂ. അത് കോണ്‍ഗ്രസിനെപ്പോലെ ദല്‍ഹിയിലും കേരളത്തിലും വെവ്വേറെയല്ല.’
ഭരണഘടനാ നിര്‍മ്മാണസഭയില്‍ എത്ര ആര്‍എസ്എസുകാരുണ്ടായിരുന്നു സഖാവേ. ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ഹിന്ദുത്വ രാഷ്‌ട്രീയക്കാരനായിരുന്നോ? സുപ്രീം കോടതിയിലെ ജഡ്ജിമാരെ നിശ്ചയിച്ചത് ആര്‍എസ്എസുകാരെ നോക്കിയാണോ? ഭരണഘടനാ നിര്‍മാണസഭയുടെ നിര്‍ദ്ദേശമാണ് പൊതുസിവില്‍ കോഡെന്നത്. ഡോ. അംബേദ്കര്‍ പ്രത്യേകം എടുത്തുപറഞ്ഞതും അതുതന്നെ. സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.ശങ്കരന്‍ നമ്പതൂരിപ്പാടും ആര്‍എസ്എസ് ആണെന്നുപറയുമോ? ഏക സിവില്‍ കോഡിനുവേണ്ടി ഏറെ എഴുതുകയും പറയുകയും ചെയ്ത നേതാവല്ലെ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട്.
ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന് ദേശീയതലത്തിലെ നയം തന്നെയാണ് കേരളത്തിലെന്ന് പറയാനൊക്കില്ല. ഷബാനുകേസുമായി ബന്ധപ്പെട്ട് ഇടതുപക്ഷം സ്വീകരിച്ച നിലപാടിനൊപ്പം മുസ്ലീങ്ങളിലെ പുരോഗമനക്കാരുമുണ്ടായിരുന്നു എന്നുപറയുന്നു. കോഴിക്കോടടക്കം പര്‍ദ്ദധരിച്ച സ്ത്രീകള്‍ ഷബാനു കേസിനനുകൂലമായി പ്രകടനം നടത്തി എന്നുപറയുന്ന വിജയരാഘവന്‍ ഇന്ന് എന്തേ മറിച്ച് നിലപാടെടുത്തു എന്ന ചോദ്യത്തിന് ഉത്തരമുണ്ടോ? സ്വന്തം അണികള്‍ക്കെങ്കിലും മനസ്സിലാകുന്ന മറുപടി നല്‍കുമോ? ഇപ്പോള്‍ തലങ്ങും വിലങ്ങും എഴുതുന്ന ലേഖനങ്ങളും പ്രസ്താവനകളും ആരുടെ തലയില്‍ നിന്ന് ആളൊഴിഞ്ഞ അസുഖമാണ്?
ഇസ്ലാമിക രാജ്യങ്ങളില്‍ ശരീഅത്ത് നിയമങ്ങളില്‍ അയവുവരുത്തി. കാതലായ മാറ്റങ്ങള്‍ വരുത്തി. ഹിജാബ് ഉപേക്ഷിക്കാനും സ്വതന്ത്രമായി സ്ത്രീകള്‍ക്ക് ഇറങ്ങിനടക്കാനും അവസരം നല്‍കി. പുരുഷന്മാരെപോലെ കാറോടിക്കാനും എന്തിനധികം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വരെ അനുമതി നല്‍കി. സ്ത്രീകളുടെ കാര്യത്തില്‍ ഇപ്പോഴും ശരിഅത്ത് ഉയര്‍ത്തിപ്പിടിക്കുകയും വ്യക്തി നിയമങ്ങള്‍ നിര്‍ബന്ധപൂര്‍വം മുറുകെ പിടിക്കുന്നതും താലിബാന്‍ മാത്രമാണ്. താലിബാനെ പൂര്‍ണമായും അനുകൂലിക്കാന്‍ കേരളത്തിലെ ഏതെങ്കിലും മുസ്ലീം സംഘടനകള്‍ക്ക് സാധിക്കുമോ? പ്രത്യേകിച്ചും മുസ്ലീംലീഗിന്. അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജില്‍ കയറിയ പെണ്‍കുട്ടിയെ അപമാനിച്ച് താഴത്തേക്കിറക്കിവിട്ട സമസ്തയെ ക്ഷണിച്ചില്ലെ സെമിനാറിന്. അതില്‍ സിപിഎമ്മിന് ഒരപാകതയും തോന്നിയില്ലെ. പെണ്‍കുട്ടിയെ അവാര്‍ഡ് വാങ്ങാന്‍ സ്റ്റേജിലേക്ക് ക്ഷണിച്ചതിന്റെ പേരില്‍ സംഘാടകര്‍ക്ക് സമസ്ത നേതാവിന്റെ ശാസനയാണ് ലഭിച്ചത്. മലപ്പുറം രാമപുരത്തിനടുത്ത് പാതിരമണ്ണിലാണ് മുതിര്‍ന്ന നേതാവ് എം.ടി. അബ്ദുല്ല മുസലിയാര്‍ ശാസിച്ചതിനെ തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് സ്റ്റേജില്‍ നിന്ന് മടങ്ങി പോവേണ്ടി വന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരുന്നു.
മാഷിദ പി.വി. എന്ന പത്താംക്ലാസ് വിദ്യാര്‍ഥിയെ സമ്മാനം വാങ്ങാന്‍ വേദിയിലേക്ക് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് പുരസ്‌കാരം സ്വീകരിച്ച് മടങ്ങുകയും ചെയ്തതിന് പിന്നാലെയാണ് വേദിയില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന ഒരു ഉസ്താദിന്റെ വിചിത്ര പെരുമാറ്റം. ഈ സംസാരം മൈക്കിലൂടെ പുറത്ത് കേള്‍ക്കുകയായിരുന്നു.
‘പത്താംക്ലാസിലെ കുട്ടിയെ ആരാടോ ഇങ്ങോട്ട് വിളിച്ചത്? ഇനി മേലില്‍ ഇങ്ങനെ വിളിച്ചാല്‍ കാണിച്ചുതരാം. അങ്ങനത്തെ പെണ്‍കുട്ടികളെ ഒന്നും ഇങ്ങോട്ടു വിളിക്കണ്ട. സമസ്തയുടെ ഇത് നിങ്ങള്‍ക്ക് അറിയില്ലേ. സമസ്തയുടെ തീരുമാനം, രക്ഷിതാവിനോട് വരാന്‍ പറയൂ, ഞങ്ങളെയൊക്കെ ഇവിടെ ഇരുത്തിക്കൊണ്ട് വേണ്ടാത്ത പരിപാടി ചെയ്യുവാ. അതൊക്കെ ഫോട്ടോയില്‍ വരൂലേ…’ വാക്കുകള്‍ ഇങ്ങനെ. ട്രോള്‍ ഗ്രൂപ്പുകളിലും സമൂഹ മാധ്യമങ്ങളിലും രൂക്ഷമായ പ്രതികരണമാണ് ഉസ്താദിന്റെ നടപടിയില്‍ ഉയര്‍ന്നത്. അതൊന്നും സിപിഎമ്മിന് ഇന്ന് പ്രശ്‌നമല്ലാതായി.
മുസ്ലീംലീഗ് തനി മതേതര സംഘടനയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മതേതരസംഘടനകളെന്ന് വീമ്പടിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചാര്‍ത്തിക്കൊടുക്കുന്നത് അങ്ങിനെയാണ്. മുസ്ലീംലീഗ് തനിവര്‍ഗീയ സംഘടനയാണെന്നും അതുമായി കൂട്ടുകൂടരുതെന്നും കെപിസിസി പ്രസിഡന്റിന് കത്തെഴുതിയത് നമ്പൂതിരിപ്പാടാണ്. ആ നിലപാട് പല നേതാക്കളും ആവര്‍ത്തിച്ചു. മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു പാര്‍ട്ടിയും രാജ്യത്തിനില്ല. എന്നാലും മതേതര പാര്‍ട്ടിയാണെന്ന് അവകാശപ്പെടുന്ന ലീഗ് കുറഞ്ഞപക്ഷം പേരിന്റെ മുന്നിലെ മുസ്ലീം എന്നതെങ്കിലും മാറ്റാന്‍ തയ്യാറാകണം. മുന്നണി ഏതായാലും ബിജെപിയോടുള്ള നിലപാടെങ്കിലും മാറ്റാന്‍ തയ്യാറാകണം. ബിജെപിക്ക് ഘടകക്ഷിയാകാന്‍ മുസ്ലീംലീഗിന്റെ അനിവാര്യതയില്ല. അതിനുവേണ്ടിയല്ല ഇത് പറയുന്നതുതന്നെ.
വികസനകാര്യത്തില്‍ ബിജെപിയോടൊത്തുപോലും കൈകോര്‍ക്കാന്‍ സിപിഎം തയ്യാറാണെന്നാണ് എ.കെ.ബാലന്‍ പറഞ്ഞത്. വികസനത്തില്‍ രാഷ്‌ട്രീയം കലര്‍ത്തേണ്ടെന്നാണ് ബിജെപിയും പറയുന്നത്. റോഡുവെട്ടാന്‍, കുഴിമൂടാന്‍, വെള്ളം നല്‍കാന്‍, അരിനല്‍കാന്‍ എന്നിവയ്‌ക്കൊക്കെ രാഷ്‌ട്രീയം നോക്കാറുണ്ടോ? ഇനി ഹിന്ദുത്വരാഷ്‌ട്രീയം എന്നാക്ഷേപിക്കുന്നത് ബിജെപിയെ ആണല്ലോ. ബിജെപി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയാണ്. രണ്ടു ഡസനിലേറെ സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. ലോക്‌സഭയിലും നിയമസഭകളിലും ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കക്ഷിയാണ് ബിജെപി. ആ കക്ഷി തീരുമാനിക്കുന്നത് നടത്താന്‍ വലിയ പ്രയാസമുണ്ടെന്ന് തോന്നുന്നില്ല. ചെറിയൊരു പ്രാദേശിക പാര്‍ട്ടിയുടെ പദവി മാത്രമുള്ള സിപിഎം കൊമ്പുകുലുക്കിയാല്‍ കുലുങ്ങുന്ന പാര്‍ട്ടിയാണോ ബിജെപി? പതറുന്ന നേതാവാണോ നരേന്ദ്രമോദി?
370-ാം വകുപ്പ് എടുത്തുകളയാനുള്ള നീക്കം തുടങ്ങിയപ്പോള്‍ എന്തൊരു കോലാഹലമായിരുന്നു. മുസ്ലീംലീഗും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളുമെല്ലാം ഒരേസ്വരത്തിലായിരുന്നു. ജമ്മുകശ്മീര്‍ കത്തിക്കാളുമെന്ന് പ്രചരിപ്പിച്ചു. രാജ്യം വിഭജിക്കപ്പെടുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടെന്തായി. 370 പോയി ഭീകരവാദത്തിനും അന്ത്യമായി. ദിവസവും ജമ്മുകശ്മീരില്‍ ശിലായുഗ സംസ്‌കാരമായിരുന്നു. നാടാകെ കല്ലേറ്. ഇന്ന് ജമ്മുകശ്മീരില്‍ കല്ലേറുണ്ടോ? ശരിയാണ്. മറ്റൊരു ഏറുകണ്ടു. ആങ്ങളയും പെങ്ങളും കൂടി മഞ്ഞുകട്ട എറിഞ്ഞുള്ള കളി. അതല്ലെ രാഹുലും പ്രിയങ്കയും കൂടി ചെയ്തത്. സമാധാനപൂര്‍വം അവിടെ പോകാനും യാത്ര നടത്താനും സാധിച്ചതെന്തുകൊണ്ടാണെന്ന് ഓര്‍ക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്.
മുസ്ലീംവിരുദ്ധത ഉല്പാദിപ്പിക്കലല്ല ബിജെപിയുടെ നയം. പൊതുസിവില്‍ കോഡില്‍ ഒരു മുസ്ലീം വിരുദ്ധതയുമില്ല. ‘രണ്ടും കെട്ടും നാലും കെട്ടും ഇഎംഎസിന്റെ ഓളേം കെട്ടും’ എന്ന മുദ്രാവാക്യം ഇല്ലാതാകും. ഏതെങ്കിലും ലീഗുകാരന്‍ ഇന്ന് ബഹുഭാര്യാത്വത്തില്‍ ഏര്‍പ്പെടുന്നുണ്ടോ! ഭാര്യയ്‌ക്കും പെണ്‍മക്കള്‍ക്കും സ്വത്തവകാശം ഉറപ്പിക്കാന്‍ വീണ്ടും രജിസ്റ്റര്‍ വിവാഹം ചെയ്ത സംഭവം പോലും നടക്കുന്നില്ലേ. അതിന്റെ ആവശ്യകത ഇല്ലാതാകുന്ന നിയമം വരുമ്പോള്‍ ആര്‍ക്കാണ് പേടി. ന്യൂനപക്ഷവോട്ട് തട്ടാന്‍ നോക്കുന്നവര്‍ക്കല്ലാതെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: