പത്തനംതിട്ട: രമാദേവി കൊലക്കേസില്‍ പ്രതിയായ ഭര്‍ത്താവ് സി. ആര്. ജനാര്ദ്ദനന് നായരെ സംഭവം നടന്ന പുല്ലാടുള്ള വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന ചട്ടുകുളത്ത് വീടും സ്ഥലവും സംഭവം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനുശേഷം കൈമാറ്റം ചെയ്യുകയും വീട് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. ഇതുകൊണ്ടുതന്നെ റവന്യൂ വകുപ്പിന്റെ സഹായത്തോടെയുള്ള് സ്കെച്ചും പ്ലാനും അടങ്ങിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സംഭവം നടന്ന വീടിന്റെ അവസ്ഥയെക്കുറിച്ച് ജനാര്ദ്ദനന്നായരോട് ക്രൈംബ്രാഞ്ച് സംഘം ചോദ്യങ്ങള്‍ ചോദിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി ഉപേക്ഷിച്ച കിണറും പരിസരവും സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 11നാണ് പ്രതിയെയുംകൊണ്ട് ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തിയത്. ഒരു ഏക്കര്‍ ഇരുപത്തിമൂന്നു സെന്റ് സ്ഥലം ഉണ്ടായിരുന്നുവെന്നും അതാണ് വിറ്റതെന്നും ഇയാള്‍ സമ്മതിച്ചു. സംഭവദിവസം തന്റെ സ്കൂട്ടറില്‍ വീട്ടിലേക്കുവന്ന വഴിയും ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. വീട്ടിലേക്കു വരാനുള്ള മറ്റൊരു ഇടവഴിയും അന്നത്തെ അയല്‍ക്കാരെപ്പറ്റിയും ജനാര്ദ്ദനന് നായര്‍ വിശദീകരിച്ചു.
ഭാര്യയിലുള്ള സംശയം വര്‍ഷങ്ങള്‍ മുന്‍പുതന്നെ തുടങ്ങിയതാണെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ താന്‍ സംശയിക്കുന്നതായി ഒരു സൂചനയും അവര്‍ക്ക് നല്കിയിരുന്നുമില്ല. ആറടി ഉയരമുള്ള ജനാര്‍ദ്ദനന്‍നായര്‍ തന്നെയാണ് സംഭവത്തിനുശേഷം കതകുകള്‍ തുറന്ന് പുറത്തിറങ്ങി അകത്തെ താഴിട്ട് പൂട്ടിയത്.
ലോക്കല്‍ പോലീസിന്റെ പ്രതിപട്ടികയില്‍ ഉണ്ടായിരുന്ന ചുടലമുത്തുവിന് അഞ്ചടി ഉയരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇയാളുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായിട്ടുണ്ട്. ജനാര്‍ദ്ദനന്‍നായര്‍ ബോധപൂര്‍വ്വമാണ് കൊലപാതകം നടത്തിയതും തെളിവുകള്‍ നശിപ്പിച്ചതും എന്ന് ചോദ്യം ചെയ്യലില്‍ ബോധ്യം വന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു.
രമാദേവിയുടെ കൈയില്‍ ഉണ്ടായിരുന്ന ജനാര്ദ്ദനന് നായരുടെ തലമുടിയും ഇയാളുടെ മൊഴിയിലുള്ള വൈരുദ്ധ്യവുമാണ് അന്വേഷണം വഴിതിരിച്ചുവിട്ടത്. ലോക്കല്‍ പോലീസിന്റെ സംശയത്തിലുണ്ടായിരുന്ന ചുടലമുത്തുവിനെ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ലെന്നും കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെന്ന് തെളിഞ്ഞെങ്കിലും കൂടുതല്‍ അന്വേഷണത്തിനുശേഷമേ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുകയുള്ളൂ എന്ന് അന്വേഷണസംഘം പറഞ്ഞു. രമാദേവി കൊലക്കേസുമായി ബന്ധപ്പെട്ട് ലോക്കല്‍ പോലീസ് നിരന്തരം ചോദ്യം ചെയ്ത ഓട്ടോറിക്ഷാ തൊഴിലാളികളും അന്യസംസ്ഥാന ജീവനക്കാരും ചോദ്യം ചെയ്യലിന്റെ സമയത്ത് സ്ഥലത്ത്എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: